പെരുന്ന : ശബരിമല വിഷയത്തിലെ കോടതി വിധിയെ ഈശ്വര വിശ്വാസം തകര്‍ക്കാനുള്ള അവസരമായിട്ടാണ് ഇടതു സര്‍ക്കാര്‍ ഉപയോഗിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അയ്യപ്പനെ സ്നേഹിക്കുന്ന എല്ലാമതങ്ങളിലുമുള്ള വിശ്വാസികളുടെ വികാരമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തിരിച്ചടിയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് 2019-20 വര്‍ഷത്തേക്കുള്ള 122.5 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കവേയാണ് ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സമയം ചോദിക്കണമെന്നും പുനഃപരിശോധനാ ഹര്‍ജി കൊടുക്കണമെന്നും ഇടതു സര്‍ക്കാരനോട് പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. അതേസമയം കോണ്‍ഗ്രസിലെ തമ്മിലടി മൂലമാണ് ആലപ്പുഴയില്‍ മാത്രം യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല പ്രശ്നത്തില്‍ കോടതി മാത്രമാണ് ആശ്രയം. വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും എന്‍എസ്എസ് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















