തിരുവനന്തപുരം : പോലീസ് സര്‍വ്വീസ് സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബാക്കി ആറ് പേരുടെ ഞായറാഴ്ച സസ്‌പെന്‍ഡ് ചെയ്യും.
ഈ മാസം 27 നാണ് പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്. യുഡിഎഫ് അനുകൂല പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് ഉപരോധിച്ചതും മുദ്രാവാക്യം വിളിച്ചതും ഗുരുതര അച്ചടക്ക ലംഘനമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കുറ്റക്കാരായി കണ്ടെത്തിയ മറ്റ് പോലീസുകാര്‍ക്കെതിരായ നടപടിക്കായി അവര്‍ ജോലി ചെയ്യുന്ന യൂണിറ്റുകളിലേക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. സര്‍വ്വീസ് സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തിയായിരുന്നു പോലീസുകാര്‍ക്കിടയില്‍ ശനിയാഴ്ച സംഘര്‍ഷമുണ്ടായത്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി. ആര്‍. അജിത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പാനല്‍ സഹകരണ സംഘം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞ് പോകാന്‍ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും അതിനു തയ്യാറായില്ല. പിന്നീട് കൂടുതല്‍ പൊലീസെത്തി ഓഫീസില്‍ നിന്നും എല്ലാവരെയും പുറത്താക്കുകയായിരുന്നു.
















