കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. നാര്‍ക്കോട്ടിക് ഡിവൈഎസ്പി വി. കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ ഇതുവരെ അന്വേഷണം നടത്തിയ വളപട്ടണം പോലീസ് ഡിവൈഎസ്പിയെ വിശദ വിവരങ്ങള്‍ അറിയിക്കും.
ഡിവൈഎസ്പി അന്വേഷണം നടത്തിയശേഷം ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. കെ. ശ്യാമളയ്‌ക്കെതിരെ ആത്മഹത്യ പ്രേരണയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
അതിനിടെ സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്ന് സിപിഎം നേതാവ് പി. ജയരാജന്‍ കുറ്റപ്പെടുത്തി. ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭ അധ്യക്ഷ പി. കെ. ശ്യാമളയ്‌ക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചത്.
തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാനും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിനു മേല്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസിന്റെ അന്വേഷണച്ചുമതല സര്‍ക്കാര്‍ ശനിയാഴ്ച ഡിവൈഎസ്പിക്ക് കൈമാറിയത്.
















