പാര്‍ട്ടിയോട് വിടപറഞ്ഞതിനുശേഷം ഒറ്റപ്പെടല്‍ ഉണ്ടാകുമെന്ന് ഞാന്‍ ഭയന്നിരുന്നു. അങ്ങനെ സംഭവിച്ചില്ല. വായനയ്ക്കും എഴുത്തിനും കൂടുതല്‍ സമയം ലഭിച്ചു. വായനയ്ക്കും ഗവേഷണങ്ങള്‍ക്കും ഞാന്‍ വീണ്ടും കൊല്ലം മുനിസിപ്പല്‍ ലൈബ്രറി ഉപയോഗിക്കാന്‍ തുടങ്ങി. ഇത് എന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. പ്രപഞ്ചശാസ്ത്രം, ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ഭൗതികം ശാസ്ത്രത്തിന്റെ ദര്‍ശനം, ദര്‍ശനത്തിന്റെ ശാസ്ത്രം, ആത്മീയതയുടെ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്താന്‍ എനിക്ക് അവസരം ലഭിച്ചു.
ആത്മീയതയും ശാസ്ത്രവും, പ്രപഞ്ചശാസ്ത്രം എന്നീ വിഷയങ്ങളില്‍ സീറോ മലബാര്‍ സഭയുടെ കോളേജുകളില്‍ പ്രഭാഷണം നടത്താന്‍ എനിക്ക് അവസരം നല്‍കിയത് ആലുവായില്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് റിലീജിയന്റെ ഡയറക്ടറായ ഫാദര്‍ അഗസ്റ്റിന് പ്ലാനിയായിരുന്നു. ആധുനിക ശാസ്ത്രത്തിലും ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തിലും അസാമാന്യ പാണ്ഡിത്യമുള്ള ഒരു പ്രതിഭയാണ് അദ്ദേഹം. അദ്ദേഹവുമായുള്ള ബന്ധമാണ് കൊച്ചിന് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലറും ശാസ്ത്ര സാഹിത്യകാരനും ഭൗതികശാസ്ത്ര പ്രൊഫസറുമായ ഡോ.ബാബു ജോസഫിനെയും, ‘സത്യദീപ’ത്തിന്റെ എഡിറ്ററും സഭയുടെ വക്താവുമായ തേലക്കാട് അച്ചനേയും പരിചയപ്പെടാന്‍ ഇടയായത്.
ഞാനും കോഴിക്കോട് സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറും ഫിസിക്സ് അധ്യാപകനും ശാസ്ത്രസാഹിത്യകാരനുമായ ജി.കെ.ശശിധരനും ചേര്‍ന്ന് കൊല്ലം അസ്ട്രോണമിക്കല്‍ സൊസൈറ്റി 2006-ല്‍ രൂപീകരിച്ചു. ഇന്‍ഫോസിസിന്റെ ഡയറക്ടറായിരുന്ന ഷിബു ലാല്‍ ഞങ്ങള്‍ക്കൊരു ടെലിസ്കോപ്പ് സംഭാവന നല്കി. അതുപയോഗിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആകാശ നിരീക്ഷണത്തിന് അവസരമൊരുക്കി. സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ഗ്രഹചലനങ്ങള്‍, നക്ഷത്രക്കൂട്ടങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ ശക്തിയുള്ളതായിരുന്നു ടെലസ്കോപ്പ്. കൊല്ലത്ത് ആകാശപഠനത്തിന് ഒരു നിരീക്ഷണാലയം സ്ഥാപിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പുതിയ സംരംഭങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ എന്റെ അമ്മ 2006 ജനുവരി മൂന്നിന് ഈ ലോകത്തോട് വിടപറഞ്ഞു. അതിന്റെ ആഘാതം എന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയുണ്ടായി.
മാര്‍ക്സിസം ശാസ്ത്രമോ?
പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതിനുശേഷം ഞാന്‍ ആദ്യം എഴുതിയ പുസ്തകമാണ് ‘മാര്‍ക്സിസം ശാസ്ത്രമോ?’ എന്നത്. തത്ത്വശാസ്ത്രപരമായി എന്തുകൊണ്ട് ഞാന്‍ കമ്മ്യൂണിസ്റ്റല്ലാതായി എന്നതാണ് ഇതിന്റെ ഉള്ളടക്കം. ഈ പുസ്തകത്തിന്റെ രചനയ്ക്ക് നിമിത്തമായത് ലോകപ്രശസ്ത തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ബര്‍ട്രണ്ട് റസല്‍ 1920-ല്‍ റഷ്യ സന്ദര്ശിച്ചതിനുശേഷമെഴുതിയ ‘ബോള്‍ഷെവിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും’ എന്ന കൃതിയും 1956-ല്‍ എഴുതിയ ‘ഓര്‍മ്മയില്‍ നിന്നുള്ള ചിത്രങ്ങള്‍’ എന്ന കൃതിയിലെ ‘എന്തുകൊണ്ട് ഞാന്‍ കമ്മ്യൂണിസ്റ്റല്ല?’ എന്ന വിഖ്യാത ലേഖനവുമാണ്. മാര്‍ക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പൊരുത്തമില്ലെന്നാണ് റസല്‍ ഈ രചനകളില്‍ സ്ഥാപിക്കുന്നത്. ‘മാര്‍ക്സിസം ശാസ്ത്രമോ’ എഴുതാന്‍ ഞാന്‍ ഏകദേശം രണ്ടു വര്‍ഷമെടുത്തു. 2007 ജനുവരിയില്‍ കറന്റ് ബുക്സ് കോട്ടയം ഇത് പ്രസിദ്ധീകരിച്ചു. നല്ല സ്വീകരണമാണ് വായനക്കാരില്‍ നിന്ന് ലഭിച്ചത്.
മാര്‍ക്സിസത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം ആധുനിക ഭൗതികത്തിന്റെയും ജീവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ തെറ്റാണെന്ന് തെളിയിക്കാനാണ് ഞാന്‍ ഈ പുസ്തകത്തില്‍ ശ്രമിച്ചിട്ടുള്ളത്. ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്നും ക്വാണ്ടം ബലതന്ത്രത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഏകത്വ ദര്‍ശനവുമായി പൊരുത്തപ്പെടുന്നതല്ല വൈരുദ്ധ്യാത്മക ഭൗതികവാദം. ആധുനിക ഭൗതികത്തിന്റെ ദര്‍ശനം ദ്രവ്യത്തിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്തു. ലൂയിസ് ഡബ്രോയിയുടെ കണതരംഗ സിദ്ധാന്തവും എര്വിന് ഷ്രോഡിഞ്ചറുടെ തരംഗബലതന്ത്രവും മാക്സ്ബോണിന്റെ സംഭാവ്യതാ തരംഗസിദ്ധാന്തവും ദ്രവ്യമെന്നൊന്നില്ലെന്ന നിഗമനത്തിലെത്തി. അതോടെ ഭൗതികവാദം അപ്രസക്തമായി. ഹൈസന്‍ ബെര്‍ഗിന്റെ അനിശ്ചിതത്വതത്ത്വത്തിന്റെ കണ്ടുപിടിത്തത്തോടെ ക്ലാസിക്കല്‍ ഭൗതികത്തിന്റെ വസ്തുനിഷ്ഠത, നിശ്ചിതത്വതത്ത്വം എന്നിവ അപ്രസക്തമായി. അനിശ്ചിതത്വതത്ത്വം പ്രപഞ്ചത്തിന്റെ മൗലിക സവിശേഷതയാണെന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ് പറയുന്നത്. അനിശ്ചിതത്വതത്ത്വത്തോടെ ചരിത്രനിശ്ചിതത്വവാദം തെറ്റാണെന്ന് തെളിഞ്ഞു. ഇതിനെ ആസ്പദമാക്കിയ ചരിത്രപരമായ ഭൗതികവാദം അസംബന്ധമാണ്.
കമ്യൂണിസ്റ്റ് ആചാരാനുഷ്ഠാനങ്ങള്‍
കമ്മ്യൂണിസം യൂറോപ്പിലെ വ്യവസായ വിപ്ലവത്തിലെ സയാമീസ് ഇരട്ടകളിലൊന്നാണെന്നും, അത് ഒരു മതമാണെന്നും സ്ഥാപിക്കാന്‍ ഈ പുസ്തകത്തില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രത്യയശാസ്ത്ര സ്രോതസ്സുകള്‍ ഒന്നാണ്. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അധിഷ്ഠിതമായ ഒരു മതമാണ് കമ്മ്യൂണിസം. ഒ.വി.വിജയന് എഴുതി: ”ജൂത-ക്രിസ്ത്യന്‍ സംസ്കൃതിയിലെ ഭൗതികവാദിയാണ് മാര്‍ക്സ്.” ബെര്‍ട്രണ്ട് റസലാകട്ടെ മാര്‍ക്സിസത്തെ ക്രിസ്ത്യന്‍ ഹെറസി ആയിട്ടാണ് ചിത്രീകരിക്കുന്നത്. സത്യത്തില്‍ കത്തോലിക്കാ സഭയുടെ ഘടനയ്ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും സമാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതും.
കമ്മ്യൂണിസം ചുമപ്പന്‍ മതം ആണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന രാജ്യങ്ങളിലെങ്ങും തൊഴിലാളി വര്‍ഗ്ഗത്തിന് നേട്ടമുണ്ടായിട്ടില്ല. അവിടാകെ ഭരണത്തിന്റെ ശീതള ഛായയില്‍ മദിച്ച് രസിച്ച് ഉല്ലസിച്ചത് പുതിയൊരു വര്‍ഗ്ഗമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അവരുടെ ശിങ്കിടികളായ ബുദ്ധിജീവികളും ഉദ്യോഗസ്ഥപ്രമാണിമാരും അടങ്ങുന്നതായിരുന്നു ഈ വര്‍ഗ്ഗം. രണ്ടായിരത്തിപ്പത്തില്‍ ‘മാര്‍ക്സിസം ശാസ്ത്രമോ’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ‘ബിയോണ്ട് റെഡ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
അച്ചടിച്ച കോപ്പികള്‍ ഭൂരിഭാഗവും ആമസോണിലൂടെയും മറ്റും വിറ്റുതീര്‍ന്നു. പുസ്തകം വായിച്ച ഭൗതികശാസ്ത്രജ്ഞനായ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ.മുരളീ മനോഹര്‍ ജോഷി കൊല്ലത്തു വന്നപ്പോള്‍ എന്നെ കാണണമെന്നാവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹം താമസിച്ചിരുന്ന പൊയിലക്കട രാജന് നായരുടെ വീട്ടില്‍ പോയി കാണുകയും, അദ്ദേഹത്തോടൊപ്പം പ്രാതല്‍ കഴിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം വേദാന്തവും ആധുനിക ഭൗതികത്തിന്റെ ദര്‍ശനവും തമ്മിലുള്ള സമാനതകള്‍ ചര്‍ച്ച ചെയ്തു. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്.
ഗാന്ധിജിയെ അറിയുന്നു
എന്റെ ചിരകാലാഭിലാഷമായിരുന്നു മഹാത്മാ ഗാന്ധിയേയും സ്വാമി വിവേകാനന്ദനേയും കുറിച്ച് പഠിക്കണമെന്നും എഴുതണമെന്നുമുള്ളത്. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കുമ്പോഴും എന്റെ മാതൃകാ രാഷ്ട്രീയ നേതാവ് ഗാന്ധിജിയായിരുന്നു. സ്വന്തം ജീവിതം സന്ദേശമാക്കിയ മറ്റൊരു നേതാവിനെ എനിക്കറിയില്ല. ബാല്യകാലം മുതല്‍ ഗാന്ധി സാഹിത്യം വായിക്കാന്‍ തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെയും ദര്‍ശനത്തെയും കുറിച്ചെഴുതാന്‍ എനിക്ക് തോന്നിയത് 2010 മുതലായിരുന്നു. രണ്ടു വര്‍ഷത്തെ ഗാന്ധി സാഹിത്യ പഠനത്തിനുശേഷം എഴുതിയതാണ് എന്റെ ‘ഗാന്ധി ചിന്ത.’ 2012 ആഗസ്റ്റില്‍ ഇത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു.
ഗാന്ധിജി ജീവിക്കുന്ന ഒരാശയമാണ്. രക്തസാക്ഷിത്വം വരിച്ചിട്ട് 71 വര്‍ഷം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന് നേരിടുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധി ദര്‍ശനത്തില്‍ പരിഹാരമുണ്ട്. ഗാന്ധിജി ആവശ്യത്തെയും ആര്‍ത്തിയേയും വ്യക്തമായി നിശ്ചയിച്ചു. ഗാന്ധിജി പറഞ്ഞു: ”ഈ ഭൂമുഖത്ത് എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ട വിഭവങ്ങളുണ്ട്. എന്നാല്‍ ഒരാളുടെ ആര്‍ത്തിയെപ്പോലും തൃപ്തിപ്പെടുത്താന്‍ അത് മതിയാകില്ല.” സന്തുലിതവികാസത്തെപ്പറ്റിയുള്ള ഈ പ്രസ്താവനയില്‍ ഉന്നത ചിന്തയുടെയും ലളിത ജീവിതത്തിന്റെയും മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ലോകത്തെ മുഴുവന്‍ ഗ്രസിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക തകര്‍ച്ചയിലുള്ള ജനതയുടെ ഉത്കണ്ഠയും ഈ പ്രസ്താവനയിലുണ്ട്. ഉല്പാദനത്തെയും ഉപഭോഗത്തെയും മാത്രം അടിസ്ഥാനമാക്കിയുള്ള മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിനെതിരായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ ജനാധിപത്യത്തില്‍ അധികാരത്തിന്റെ ശ്രേണി താഴെനിന്നും മുകളിലേക്കാണെങ്കില്‍, മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അധികാരശ്രേണി മുകളില്‍നിന്നും താഴേക്കാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും അടുത്തകാലത്തും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ലോകത്തെവിടെയും നടന്നിട്ടുള്ള സമരങ്ങള്‍ ഗാന്ധിയന്‍ മാതൃകയിലുള്ള അക്രമരഹിത സമരങ്ങളായിരുന്നു. സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും സന്ദേശമാണ് ഗാന്ധിജി പ്രചരിപ്പിച്ചത്. സംഘടനകളുടെയും വിദ്വേഷത്തിന്റെയും ഇരുട്ടുകൊണ്ട് മൂടപ്പെട്ട ലോകത്ത് പ്രതീക്ഷയുടെ കിരണങ്ങളാണ് ഗാന്ധി ചിന്തകളെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വിവേകാനന്ദനിലൂടെ ഒരു യാത്ര
ഞാന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന സന്ന്യാസിവര്യനാണ് സ്വാമി വിവേകാനന്ദന്. ബാല്യം മുതല്‍ സ്വാമികളുടെ ഐതിഹാസിക ജീവിതം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും ദൗത്യവും ഒരു പുസ്തകത്തിലൂടെ പ്രകാശിപ്പിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടായി. 2014 ഡിസംബറില്‍ ‘വിവേകാനന്ദ ചിന്ത’ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചതോടെ എന്റെ ആഗ്രഹം സഫലമായി. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയനും മറ്റു സുഹൃത്തുക്കളും ദാനമായി നല്കിയ പുസ്തക രചനയ്ക്കാവശ്യമായ വിവേകാനന്ദ സാഹിത്യകൃതികള്‍ ഒന്നിച്ചുചേര്‍ത്ത ‘വിവേകാനന്ദ സാഹിത്യ ശേഖരം’ കൊല്ലം പബ്ലിക് ലൈബ്രറിക്ക് സംഭാവനയായി സമര്‍പ്പിക്കുവാനും സാധിച്ചു. സ്വാമികളുടെ നൂറ്റി അമ്പതാം ജയന്തിക്ക് പുസ്തകം പ്രസിദ്ധീകരിക്കണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെങ്കിലും വായനയും നോട്ടെടുപ്പും നീണ്ടുപോയതുകൊണ്ട് സമയത്ത് നടന്നില്ല.
സ്വാമി വിവേകാനന്ദനെ കിടയറ്റ വാഗ്മി, കഴിവുറ്റ സംഘാടകന്‍, സമുദായ സമുദ്ധാരകന്, ദേശഭക്തന്, വേദാന്ത പ്രചാരകന്, സോഷ്യലിസ്റ്റ് സന്ന്യാസിവര്യന് എന്നീ നിലകളിലെല്ലാം നോക്കിക്കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ആധുനിക ഭാരതീയ നവോത്ഥാന പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത മഹാന്മാരില് സമുന്നതനാണ് അദ്ദേഹം. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കമിട്ടത്, അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനവും, തുടര്‍ന്ന് അദ്ദേഹം ഡോ. പല്‍പ്പുവുമായി മൈസൂരില്‍ നടത്തിയ കൂടിക്കാഴ്ചയുമാണ്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും അദ്ദേഹം അഗ്നി പകര്‍ന്നു. സ്വാമികള്‍ മഹത്തായ ഭാരതീയ ദര്‍ശനത്തിന്റെ പ്രകാശം പാശ്ചാത്യ നാടുകളില്‍ ചൊരിഞ്ഞു.
വേദാന്ത ദര്‍ശനത്തെയും ആധുനിക ശാസ്ത്ര ചിന്തകളെയും അദ്ദേഹം സമന്വയിപ്പിച്ചു. മതത്തെക്കുറിച്ചുള്ള മിഥ്യാധാരണകളില്‍ നിന്നും അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുവേണ്ടി ഭാരതീയരെ ഉപനിഷദ് ദര്‍ശനങ്ങളുടെ മഹിതലോകത്തേക്ക് പുനരാനയിച്ച അവതാര പുരുഷനായിരുന്നു സ്വാമികള്‍. ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ സിരാതന്തുക്കളുമുള്ളവരായിരിക്കണം നമ്മുടെ യുവാക്കളെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സര്‍വ്വമത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വിശുദ്ധ സന്ദേശം ജ്വലിക്കുന്ന അദ്ദേഹത്തിന്റെ വചസ്സുകളിലൂടെ പ്രസരിച്ചപ്പോള്‍ ലോകം മുഴുവന്‍ ആ കാന്തിക വലയത്തിലായി. സ്വാമി വിവേകാനന്ദനെക്കുറിച്ച് എഴുതാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എന്റെ ബോധാന്വേഷണങ്ങള്
‘ബോധത്തിന്റെ ഭൗതികം’ എന്ന എന്റെ കൃതിയുടെ തുടര്‍ച്ചയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും.’ ഇതിന്റെ ഉള്ളടക്കവും ബോധത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ഈ പുസ്തകത്തിന്റെ രചനയ്ക്ക് പ്രേരണയായത് 2002, 2004, 2006 എന്നീ വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത രാമകൃഷ്ണ മിഷന് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കള്‍ച്ചര്‍ സംഘടിപ്പിച്ച ബോധത്തെക്കുറിച്ചുള്ള സെമിനാറുകളാണ്. 2002-ലെ സെമിനാര്‍ ‘ബോധത്തെ എങ്ങനെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ സമീപിക്കണം’ എന്നതിലും, 2004-ലെ സെമിനാര്‍ ‘ജീവന്, മനസ്സ്, ശരീരം’ എന്ന വിഷയത്തിലും, 2006-ലെ സെമിനാര്‍ ‘ബോധത്തെക്കുറിച്ചുള്ള അഗാധമായ അന്വേഷണം’ എന്ന വിഷയത്തിലും ആയിരുന്നു. ഈ സെമിനാറുകളില്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരും തത്വചിന്തകരും സന്ന്യാസിവര്യന്മാരും പങ്കെടുക്കുകയുണ്ടായി. അവര്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ മൂന്നു വോള്യങ്ങള്‍ പ്രൊഫ. ശിവകുമാര്‍ എനിക്ക് സംഘടിപ്പിച്ചുതന്നു.
ഈ പ്രബന്ധങ്ങളും മനസ്സിനെയും ബോധത്തെയും കുറിച്ച് ശാസ്ത്രജ്ഞന്മാരായ റുപര്‍ട്ട് ഷെല്‍ഡ്രേക്ക്, ഇലിയാഗോ പ്രിഗോഗിന്, ജയിംസ് ജീന്‍സ്, ഇര്വിന് ഷ്രോഡിഞ്ചര്‍, ഡാനാസോഹര്, ഡേവിഡ്ബോം എന്നിവരുടെ കൃതികളും രംഗനാഥാനന്ദ സ്വാമി, മൃഡാനന്ദ സ്വാമി, നിത്യചൈതന്യയതി, പ്രൊഫ. ജി.ബാലകൃഷ്ണന് നായര്‍ എന്നിവരുടെ ഉപനിഷദ് വ്യാഖ്യാനങ്ങളും എന്റെ ബോധാന്വേഷണത്തിന് സഹായകമായി. ഈ പുസ്തകത്തില്‍ ആദ്യ ഭാഗം ക്വാണ്ടം ഭൗതികവും, രണ്ടാം ഭാഗം ക്വാണ്ടം ബലതന്ത്രത്തിന്റെയും വേദാന്തത്തിന്റെയും അടിസ്ഥാനത്തില്‍ ശരീരം മനസ്സ് ബോധം എന്നിവയെപ്പറ്റിയുള്ള വ്യാഖ്യാനവുമാണ്.
ക്വാണ്ടം ബലതന്ത്രത്തില്‍ നിരീക്ഷകനേയും നിരീക്ഷിക്കപ്പെടുന്നതിെേനയും വേര്‍പെടുത്താനാവില്ല. ഇതിന് സമാനമാണ് വിദ്യാരണ്യ കൃതിയായ ‘ദൃക്ദൃശ്യവിവേക’ത്തില്‍ പറയുന്ന ദൃക്കും ദൃശ്യവും ഒന്നാണെന്ന യാഥാര്‍ത്ഥ്യം. പരമമായ യാഥാര്‍ത്ഥ്യം ‘ബോധം’ ആണെന്ന സൂചനയാണ് പുത്തന്‍ ഭൗതികത്തില്‍ നിന്നും, മനഃശാസ്ത്രത്തില്‍ നിന്നും നവന്യൂറോശാസ്ത്രം, ജീവശാസ്ത്രം എന്നിവയില്‍ നിന്നും ലഭിക്കുന്നത്. വേദാന്തത്തില്‍ പ്രജ്ഞാനം ബ്രഹ്മം (ബോധം ബ്രഹ്മമാണ്) ആണ്. അമേരിക്കയിലും യൂറോപ്പിലും ചില പ്രധാനപ്പെട്ട സര്‍വ്വകലാശാലകളില്‍ ബോധത്തെ കുറിച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നല്കുമ്പോള്, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ബോധശാസ്ത്രം (വേദാന്തം) ലോകത്തിനു സംഭാവന നല്കിയ ഭാരതത്തിലെ സര്‍വ്വകലാശാലകളും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ഇതിനെ അവഗണിക്കുകയാണ്. ഭാരതത്തിലെ അക്കാദമിക് സമൂഹം പൊതുവേ കാലഹരണപ്പെട്ട പാശ്ചാത്യ ക്ലാസിക്കല്‍ തത്ത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും തടവറയില്‍നിന്ന് ഇനിയും മോചിതമായിട്ടില്ല.
പ്രപഞ്ചം ചലനാത്മക ജാലം
കഴിഞ്ഞ രണ്ട് വര്‍ഷമായി ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രങ്ങളിലും വന്നിട്ടുള്ള വിശിഷ്ടമാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ഞാന്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശിഷ്ട മാറ്റം(ുമൃമറശഴാ വെശള)േ എന്നതിന് ഒരു ഉദാഹരണമാണ് ടോളമിയുടെ ഭൂകേന്ദ്ര പ്രപഞ്ചമാതൃകയില്‍ നിന്ന് കോപ്പര്‍ നിക്കസിന്റെ സൂര്യകേന്ദ്ര പ്രപഞ്ചമാതൃകയിലേക്കുള്ള മാറ്റം. ഇന്നത്തെ പ്രപഞ്ചമാതൃക വികസിക്കുന്ന പ്രപഞ്ചത്തിന്റേതാണ്. ഒരു വിശിഷ്ട മാതൃകയില്‍ നിന്നും മറ്റൊരു വിശിഷ്ട മാതൃകയിലേക്കുള്ള മാറ്റം നമ്മുടെ ലോകവീക്ഷണത്തെ മാറ്റിമറിക്കുന്നു.
ഭൗതികത്തിലെ വിശിഷ്ടമാറ്റങ്ങളാണ് ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ഭൗതികവും കയോസ് സിദ്ധാന്തവും. ജീവശാസ്ത്രത്തിലെ വിശിഷ്ടമാറ്റങ്ങളാണ് പരിണാമ സിദ്ധാന്തം, ജനിതകം എന്നിവ. സാമൂഹ്യ ശാസ്ത്രങ്ങളിലും വിശിഷ്ട മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ക്ലാസിക്കല്‍ ഭൗതികശാസ്ത്രങ്ങളുടെയും ജീവശാസ്ത്രങ്ങളുടെയും വീക്ഷണം യാന്ത്രികമായിരുന്നു. ഇത് യാന്ത്രിക വീക്ഷണം എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രപഞ്ചവും മനുഷ്യശരീരവും, എന്നുവേണ്ടാ എല്ലാം യന്ത്രമാണെന്നായിരുന്നു ഈ വീക്ഷണം. എന്നാല്‍ പുത്തന്‍ ഭൗതികത്തില്‍ നിന്നും ജീവശാസ്ത്രത്തില്‍ നിന്നും രൂപകൊണ്ട ചിന്തയാണ് ജാലചിന്ത. ഇതനുസരിച്ച് പ്രപഞ്ചം ഒരു ചലനാത്മകജാലം ആണ്; പ്രപഞ്ച ജാലം ആണ്. ആധുനിക ജീവശാസ്ത്രം ജീവജാലം എന്ന സങ്കല്‍പ്പമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് ശാസ്ത്രലോകം യന്ത്രരൂപകത്തിനുപകരം ജാലരൂപകമാണ് സ്വീകരിച്ചിരിക്കുന്നത്.
ജാലസങ്കല്പത്തില് നിന്ന് രൂപംകൊണ്ടതാണ് വ്യവസ്ഥാ സിദ്ധാന്തം അഥവാ വ്യവസ്ഥാ ചിന്തയും അഗാധ പരിസ്ഥിതി ശാസ്ത്രവും. പ്രപഞ്ചജാലം, ജീവജാലം എന്നീ സങ്കല്പങ്ങള് വേദങ്ങളിലും ഉപനിഷത്തുകളിലുമുണ്ടെന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തുന്നു. ക്വാണ്ടം ബലതന്ത്രത്തില്‍ നിരീക്ഷകനാണ് നിരീക്ഷിക്കപ്പെടുന്നത.് ഉപനിഷദ് ദര്‍ശനത്തില്‍ അറിയുന്നവനും അറിയപ്പെടുന്നതും അറിവും ഒന്നാണ്. ക്വാണ്ടം ബലതന്ത്രത്തിന്റെ ഈ നിഗമനം ഒരു മഹാവിശിഷ്ടമാറ്റം ആണ്. പുത്തന്‍ ഭൗതികത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്നത് ഏകത്വ ദര്‍ശനമാണ്. അതായത് ദൈവവും പ്രകൃതിയും പ്രകൃതിയും മനുഷ്യനും അഭിന്നമാണ്. എല്ലാം പരസ്പര ബദ്ധവും പരസ്പരാശ്രിതവുമാണ്. ഇതുതന്നെയാണ് ഉപനിഷദ് ദര്‍ശനവും. ഈ കാഴ്ചപ്പാടുകളെ ആസ്പദമാക്കി രചിച്ചതാണ് എന്റെ പുതിയ പുസ്തകങ്ങളായ ചിന്തയിലെ മാറ്റവും, നവപാരിസ്ഥിതിക ചിന്തകളും. ഈ രണ്ടു പുസ്തകങ്ങളും താമസിയാതെ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിച്ച നമ്മുടെ അക്കാദമിക സമൂഹത്തിനും ബുദ്ധിജീവികള്‍ക്കും വിശിഷ്ട മാറ്റങ്ങളെക്കുറിച്ച് ഒരറിവുമില്ല. അവര്‍ ഇപ്പോഴും പാശ്ചാത്യ ക്ലാസ്സിക്കല്‍ ചിന്തയുടെ മായാവലയത്തില്പ്പെട്ടുഴലുകയാണ്. പാശ്ചാത്യ ലോകത്തെ മഹാന്മാരായ പല ശാസ്ത്രജ്ഞന്മാരും വിശിഷ്ട മാറ്റങ്ങളുടെ വെളിച്ചത്തില്‍ ഭാരതീയ ചിന്തയുടെ ആരാധകരായി മാറുമ്പോഴും നമ്മുടെ പണ്ഡിതന്മാര് അന്ധകാരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: