നിമിത്തങ്ങളുടെ ശുഭാശുഭങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഏറെപ്പേരും. സത്കര്‍മങ്ങള്‍ക്ക് മുഹൂര്‍ത്തവും നിമിത്തങ്ങളും നോക്കുന്നതില്‍ കാണിക്കുന്ന നിഷ്കര്‍ഷ ഐശ്വര്യക്ഷയമുണ്ടാക്കുന്ന കാര്യങ്ങള്‍ അകറ്റി നിര്‍ത്തുന്നതിലും പലരും നല്‍കാറുണ്ട്.
വീടിന്റെ ഐശ്വര്യം കുടുംബാംഗങ്ങളുടേതു കൂടിയാണെന്നാണ് വിശ്വാസം. വീടിന്റെ ഗുണദോഷങ്ങള്‍ വീട്ടുകാരേയും ബാധിക്കുമെന്ന് സാരം.
വീട്ടിലെ പൂജാകര്‍മങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വിഗ്രഹങ്ങള്‍ പൂജിക്കുന്നത് ദോഷകരമാണ്. ഗാര്‍ഹികമായ അശുദ്ധികള്‍ വിഗ്രഹങ്ങളേയും ആരാധനാ കര്‍മങ്ങളേയും ബാധിച്ചേക്കാം. അഭിഷേകം പോലുള്ള വിഗ്രഹപൂജാകര്മങ്ങള് നിഷ്ഠയോടെ വീടുകളില്‍ നടത്തുക അപ്രായോഗികമാണ്. എന്നാല്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ പൂജിക്കുന്നതും പ്രാര്‍ഥിക്കുന്നതും തെറ്റല്ല. അതേസമയം ദാരികാനിഗ്രഹം പോലുള്ള ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതല്ലെന്ന് പറയപ്പെടുന്നു.
ദൃഷ്ടിദോഷം മനുഷ്യനെന്ന പോലെ വീടിനുമുണ്ടാകും. ഇതിനു പരിഹാരമായി ചിലര്‍ മുളവെച്ചു പിടിപ്പിക്കാറുണ്ട്. സര്പ്പദൃഷ്ടിദോഷമകറ്റാന് വെളുത്തുള്ളിയുടെ ഗന്ധമുള്ള സര്പ്പഗന്ധിയെന്ന സസ്യം വീട്ടുമുറ്റത്ത് വളര്‍ത്തുന്നവരുമുണ്ട്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം സര്‍പ്പങ്ങള്‍ക്ക് ഹിതകരമല്ലാത്തതിനാല് അവ പരിസരത്തെങ്ങും വരികയില്ല.
ചിലര്‍ വീടിന്റെ പുറം ഭിത്തി പൂര്‍ണമായും ചെറിയൊരു ഭാഗം സിമന്റ് തേയ്ക്കാതെ ഒഴിച്ചിടാറുണ്ട്. ഗൃഹനിര്‍മാണം അപാകമൊന്നുമില്ലാതെ വെടിപ്പായി പൂര്‍ത്തിയാക്കിയാല്‍ അവിടെ മഹാലക്ഷ്മി കുടികൊള്ളില്ലെന്നതാണ് ഇതിനുള്ള വാദം..
വീടിന്റെ മുഖ്യകവാടം ചെടികള്‍ പടര്‍ന്നു പന്തലിച്ച് മറഞ്ഞിരിക്കുന്നത് നല്ലതല്ല. വെളുപ്പിനും വൈകീട്ട് വിളക്കു കൊളുത്തും മുമ്പും വീടും പരിസരവും അടിച്ചുവാരി ശുദ്ധിയാക്കണം. ത്രിസന്ധ്യയ്ക്ക് വിളക്കു കൊളുത്താനും മറക്കരുത്.
പശുക്കള്‍ വീടിന്റെ ഐശ്വര്യമത്രേ. കണ്ണാടി, തേന്‍, നെയ്യ്, ചെമ്പുകൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍, ചന്ദനം, വീണ എന്നിവ വീട്ടില്‍ സൂക്ഷിക്കുന്നത് ശ്രേഷ്ഠമാണ്.
ധാന്യങ്ങളും ആയുധങ്ങളും വീട്ടില്‍ ചിതറിക്കിടക്കുന്നത് അശുഭമാണ്. മൃഗങ്ങളുടേയും പക്ഷികളുടേയും ശരീരഭാഗങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. മാറാലയുള്ള വീട് ക്ഷയിക്കുമെന്നാണ് വിശ്വാസം. വീട്ടില്‍ മാറാല പിടിക്കാതെ നോക്കണം.
യാത്ര പോയി മൂന്നാം ദിവസവും ഒമ്പതാം ദിവസവും വീട്ടില്‍ തിരിച്ചെത്തുന്നത് ദോഷമായി കരുതുന്നു. സ്വര്‍ണം, പണം എന്നിവ സൂക്ഷിക്കുന്നയിടം ഒരിക്കലും ഒഴിഞ്ഞിരിക്കാന്‍ പാടില്ല. കലഹങ്ങള്‍ പതിവായ വീട്ടില്‍ നിന്ന് ഐശ്വര്യം പടിയിറങ്ങുമെന്ന് ഓര്‍മവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: