കൊല്ലം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഇടത് മുന്നണിയിലെ ഭിന്നത തുറന്നു പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിവാദത്തില്‍ മന്ത്രി എ.കെ. ബാലന്‍ കൈക്കൊണ്ടത് ഇടതുപക്ഷ സമീപനമല്ലന്ന് അദ്ദേഹം തുറന്നടിച്ചു. ആവിഷ്‌ക്കാരസ്വാതന്ത്ര്യം മാതൃഭൂമി ‘മീശ’ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമാണോയെന്നും കാനം ആരാഞ്ഞു.
ജൂറിയുടെ തീരുമാനം അന്തിമമാണ്. അതിനെതിരെ സാംസ്‌കാരിക മന്ത്രി സ്വീകരിച്ച നിലപാട്് നിര്‍ഭാഗ്യകരമാണ്. 2018 ഒക്ടോബറില്‍ ഒരുമാസികയുടെ മുഖചിത്രമായി വന്ന കാര്‍ട്ടൂണ്‍ ഇപ്പോള്‍ വിവാദമായതിന് പിന്നില്‍ ചില താല്‍പര്യങ്ങളുണ്ടാകാം. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അത്തരം കാര്യങ്ങളോട് സന്ധി ചെയ്യേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു. കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറി സംഘടിപ്പിച്ച, മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായ ‘കിട്ടുമ്മാവന്റെ’ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതചിഹ്നങ്ങളെ അപമാനിക്കാന്‍ പാടില്ലെന്നാണ് ചിലരുടെ വാദം. എന്നാണ് അംശവടി മതചിഹ്നമായത്? എല്ലാ പുരോഹിതര്‍ക്കും അംശവടിയില്ല. മതത്തിന്റെ ചിഹ്നം കുരിശാണ്. അധികാരത്തിന്റെ ചിഹ്നങ്ങളെ വിമര്‍ശിച്ചു കൂടെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല.
ലളിതകലാ അക്കാദമിയും സംഗീതനാടക അക്കാദമിയും പൂര്‍ണമായ സ്വാതന്ത്ര്യമുള്ള സമിതികളാണ്. അവയെ നിയന്ത്രിക്കുന്നത് സര്‍ക്കാരാണെങ്കിലും അതിന് സ്വന്തമായി നിയമാവലിയുണ്ട്. അവാര്‍ഡ് തീരുമാനിച്ച് പ്രഖ്യാപിച്ച ശേഷം പാടില്ലെന്ന് പറഞ്ഞാല്‍ അതിനെതിരെ എതിര്‍പ്പുയരുന്നത് സ്വാഭാവികം മാത്രം. കാനം പറഞ്ഞു.
















