ധര്‍മ്മശാല (കണ്ണൂര്‍): സാജന് വിഷയത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പെഴ്സണ്‍ പി.കെ. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്. ഈ വിഷയത്തില്‍ പാര്‍ട്ടി ആവശ്യമായ തിരുത്തല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്തൂര്‍ നഗരസഭ കാര്യാലയം സ്ഥിതി ചെയ്യുന്ന ധര്‍മ്മശാലയില്‍ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്.
ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ ക്രൂരമായ അനാസ്ഥയാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചെയര്‍പെഴ്സണ്‍ പറഞ്ഞിട്ടും അനുസരിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു മുനിസിപ്പല്‍ സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു. ആന്തൂര്‍ നഗരസഭാ ഭരണ നേതൃത്വത്തിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായി.
ഉദേ്യാഗസ്ഥര്‍ പറയുന്നതു മാത്രം കേട്ട് നടക്കേണ്ടവരല്ല ജനപ്രതിനിധികള്‍. ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ജനപ്രതിനിധികള്‍ക്ക് നിയന്ത്രണം വേണം. ശ്യാമളയ്ക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടാല്‍ തിരുത്താന്‍ കഴിയണം. അധ്യക്ഷയെന്ന നിലയില്‍ അതിന് അവര്‍ക്ക് സാധിച്ചിട്ടില്ല. പാര്‍ട്ടി ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കും. പാര്‍ത്ഥാസ് കണ്വെന്ഷന് സെന്ററിന്റെ കാര്യത്തില്‍ ന്യായീകരിക്കാനാവാത്ത കാലതാമസമുണ്ടായെന്നും പി. ജയരാജന് പറഞ്ഞു.
സാജന് സഹായം അഭ്യര്‍ത്ഥിച്ചു വന്നപ്പോള്‍ തന്നെ വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇടപെട്ടിരുന്നുവെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞു. സാജന്റെ ആത്മഹത്യയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കട്ടെ. നഗരസഭയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് ഹൈക്കോടതിയുടെ അന്വേഷണത്തില്‍ വരും. ഇതിനെല്ലാം പുറമെ പാര്‍ട്ടിയുടെ പരിശോധനയുമുണ്ടാകും. ശ്യാമള രാജി സന്നദ്ധത അറിയിച്ചെന്നും എം.വി. ജയരാജന് പറഞ്ഞു.
സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം എം.വി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു എംഎല്‍എ, ടി.കെ. ഗോവിന്ദന്, പി. മുകുന്ദന്, പി.കെ. ശ്യാമള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: