തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎം കേന്ദ്ര നേതൃത്വത്തെ കൂടി പ്രതിരോധത്തില്‍ ആക്കിയ സാഹചര്യത്തിലാണ് കോടിയേരി രാജി സന്നദ്ധത അറിയിച്ചത്.
ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കോടിയേരിയുടെ മക്കള്‍ക്കെതിരെ ഇതിനു മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബിനോയ്‌ക്കെതിരെ പുതിയ ആരോപണം പുറത്തിറങ്ങിയതോട പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. പിണറായിയുമായി എകെജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധതയറിയിച്ചെന്നുമാണ് വിവരം.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ഇക്കാര്യം അവതരിപ്പിക്കും. ബിനോയിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കോടിയേരിയുടെ ഫ്‌ളാറ്റിലേക്കുമെല്ലാം അന്വേഷണ സംഘം പരിശോധനയ്‌ക്ക് എത്തിയിരുന്നു. ഈ സമയം തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി, പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ പി.കെ. ശ്യാമളക്കെതിരെയുള്ള ആരോപണങ്ങളും ഇന്നും നാളേയുമായി ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും.
















