ആലപ്പുഴ : സിപിഎം വനിതാ നേതാവിനെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ കോടതിയില്‍ രഹസ്യമായി എത്തി മുന്‍കൂര്‍ ജാമ്യമെടുത്തു. ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗികാരോപണക്കേസും, പ്രവാസിയുടെ ആത്മഹത്യയും, ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ വിവാദം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ സിപിഎം സംസ്ഥാന നേതൃത്വം ഏറെ പരുങ്ങലില്‍ നില്‍ക്കുമ്പോഴാണ് സ്ത്രീയെ അപമാനിട്ടെന്ന കേസില്‍ സുധാകരന്‍ ജാമ്യം എടുക്കുന്നത്.
മന്ത്രിയുടെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പൊതുവേദിയില്‍ വെച്ച് പ്രസംഗിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കാനിരിക്കെ അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് മന്ത്രി രഹസ്യമായി മുന്‍കൂര്‍ ജാമ്യമെടുത്തത്.
2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. എന്‍എച്ച് കുമാരകോടി റോഡിന്റെ ഉദ്ഘാടനവേദിയില്‍വച്ച് അന്ന് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പരാതിക്കാരിയെ മന്ത്രി അപമാനിച്ചെന്നാണ് ആരോപണം. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പരാതിക്കാരി അമ്പലപ്പുഴ കോടതിയെ സമീപിക്കുകയായിരുന്നു
രണ്ട് തവണ കോടതി കേസ് പരിഗണിച്ചെങ്കിലും മന്ത്രി വിചാരണയ്‌ക്ക് ഹാജരായില്ല. ഈമാസം 28ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് മന്ത്രിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ അമ്പലപ്പുഴ കോടതിയിലെത്തിയ മന്ത്രി മുന്‍കൂര്‍ജാമ്യമെടുത്തത്.
















