കണ്ണൂര്‍ : ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ മിന്നല്‍ റെയിഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ച തെരച്ചിലില്‍ മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
കൂടാതെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയില്‍ നിന്നും മൊബൈല്‍ കണ്ടെത്തി. മൊത്തം നാല് ഫോണുകളാണ് കണ്ടെത്തിയത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. കൂടാതെ പരിശോധനയില്‍ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ ഋഷിരാജ് സിങ് അത് പോലീസിന് കൈമാറിയിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിന്‍ കീഴിലാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലയിരുന്നു തെരച്ചില്‍. ഐജി അശോക് യാദവ്, കണ്ണൂര്‍ എസ്പി എന്നിവരും ഋഷിരാജ് സിങ്ങിനൊപ്പം തെരച്ചിലിന് എത്തിയിരുന്നു. ജയിലിനുള്ളില്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഋഷിരാജ് സിങ്ങിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല തടവുകാരെ പ്രത്യേകം എസ്‌കോര്‍ട്ട് ഇല്ലാതെ ജയിലിനു പുറത്തേയ്‌ക്ക് വിടുന്നുണ്ടെന്നും, മറ്റാളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും അനുവദിക്കുന്നതായും അദ്ദേഹത്തിന് പരാതി നേരത്തെ ലഭിച്ചിരുന്നു.
അതേസമയം റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുന്നതാണ്. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും സമാനമായ രീതിയില്‍ പരിശോധന നടന്നിരുന്നു.
















