കൊച്ചി: ഫോണിലൂടെ യുവതിയോട് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തിയെന്ന പരാതിയില്‍ നടന്‍ വിനായകന്‍ അന്വേഷണസംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായേക്കും. കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിനുശേഷം കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു. കൂടാതെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ സ്റ്റേഷന്‍ ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും കര്‍ശ്ശനമായി അറിയിച്ചിരുന്നു.
അന്വേഷണ വിധേയമായി പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇന്ന് ചോദ്യം ചെയ്യുക.
കഴിഞ്ഞ ഏപ്രിലില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കവേ വിനായകന്‍ അശ്ലീല സംഭാഷണം നടത്തിയെന്നാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
















