മലപ്പുറം: എംഎല്‍എ പി.വി. അന്‍വറിന്റെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപാലിയിലെ തടയണ പൊളിച്ച് നീക്കാന്‍ നേതൃത്വം നല്‍കുന്ന തഹസില്‍ദാരെ സ്ഥലംമാറ്റി. ഏറനാട് തഹസില്‍ദാരായ പി.ശുഭനെയാണ് സ്ഥലം മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് പുതിയ നിയമനം.
വെള്ളിയാഴ്ച ആരംഭിച്ച തടയണ പൊളിക്കല്‍ നടപടികള്‍ ഇന്ന് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടു വന്ന് വേഗത്തിലാക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചിരുന്നു. മഴ പ്രതികൂലമായതോടെയാണ് പൊളിച്ചു നിക്കാന്‍ വൈകിയത്. അത്യാധുനിക സാമഗ്രികള്‍ ഉപയോഗിച്ച് വേഗത്തില്‍ തടയണ പൊളിച്ചു നീക്കുന്നത് സംബന്ധിച്ച മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് തഹസീല്‍ദാരുടെ ഈ സ്ഥലം മാറ്റം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് നിയമന ഉത്തരവിന് സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കിയിരിക്കുന്നത്. കോഴിക്കോടെത്തി എത്രയും പെട്ടന്ന് ചുമതലയേല്‍ക്കാനും സ്ഥലം മാറ്റ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ചീങ്കണ്ണിപ്പാറയില്‍ പോയി തടയണ പൊളിച്ചു നീക്കലിന് ഇന്നും നേതൃത്വം നല്‍കുമെന്നും ശുഭന്‍ പറഞ്ഞു. കൊല്ലത്തു നിന്നും സ്ഥാനക്കയറ്റം ലഭിച്ചാണ് ശുഭന്‍ ഏറനാട് തഹസീല്‍ദാറായി ചാര്‍ജെടുത്തത്.
















