വര്‍ധിച്ച തോതിലുള്ള പണച്ചെലവും, മറ്റുവിധത്തിലുള്ള നഷ്ടങ്ങളും ഒഴിവാക്കാന്‍ ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം പതിവുപോലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ചില പ്രതിക്ഷപാര്‍ട്ടികള്‍ ബഹിഷ്കരിക്കുകയായിരുന്നല്ലോ. ലോക്സഭയിലോ രാജ്യസഭയിലോ ഒരംഗമെങ്കിലുമുള്ള പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎയില്പ്പെടുന്ന ശിവസേനയും യോഗത്തില്‍നിന്ന് വിട്ടുനിന്നപ്പോള്‍, സിപിഎമ്മും സിപിഐയും, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എഎപി തുടങ്ങിയ കക്ഷികളും യോഗത്തിനെത്തിയെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചനടത്താന്‍ കോണ്‍ഗ്രസ് പ്രത്യേകം യോഗംവിളിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളൊന്നും പ്രതികരിക്കാതിരുന്നതിനാല്‍ വേണ്ടെന്നുവച്ചു.
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്നവരെപ്പോലെ പങ്കെടുത്ത ചില പാര്‍ട്ടികള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പകളും ഒരുമിച്ച് നടത്തുന്നതിനോട് യോജിപ്പില്ല. മോദി ജനാധിപത്യ സംവിധാനം അട്ടിമറിക്കാനിടയാക്കുന്ന എന്തോ ആപത്തുവരുത്താന് നോക്കുന്നുവെന്ന മട്ടിലുള്ള യുക്തിരഹിതവും, ജനങ്ങളില്‍ ആശങ്ക നിറയ്ക്കുന്നതുമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് ഉണ്ടാവുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളെ അന്ധമായി എതിര്‍ത്ത ശൈലിയാണ് പ്രതിപക്ഷം ഇക്കാര്യത്തിലും സ്വീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറല്ല. ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കിയാലുള്ള ഗുണദോഷങ്ങള്‍ എന്തൊക്കെയെന്ന് ചര്‍ച്ച ചെയ്യാന്‍ പോലും മടിക്കുന്നവര്‍ ജനാധിപത്യത്തിന്റെ മഹത്വം ഘോഷിക്കുന്നത് കാപട്യമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും ബിജെപിയും ഏല്‍പ്പിച്ച കനത്ത പ്രഹരത്തില്‍നിന്ന് കോണ്‍ഗ്രസ് ഇനിയും മോചനം നേടിയിട്ടില്ല എന്നതിനാലാവാം അവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. ഫെഡറലിസം തകരുമെന്നൊക്കെ അങ്ങേയറ്റം നിരുത്തരവാദപരമായി വെറുതെ വിളിച്ചുകൂവുന്നത് അപലപനീയമാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ആശയം എങ്ങനെ നടപ്പാക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എന്നുമാത്രമല്ല, ഈ ആശയം നടപ്പാക്കുന്നതിലൂടെ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക. ഇത്തരമൊരു അവസ്ഥ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ലെന്നുവേണം അവരുടെ നിഷേധാത്മക നിലപാടുകളില്‍നിന്ന് മനസ്സിലാക്കാന്‍.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് വേണ്ടിവന്നത് ആറുമാസമാണ്. ഇതോടെ അവസാനിച്ചിട്ടില്ല. സെപ്തംബര്‍, ഒക്ടോബര്‍ മാസത്തില്‍ മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും. മൂന്നുമാസംകൂടി കഴിഞ്ഞാല്‍ ദല്‍ഹി തെരഞ്ഞെടുപ്പ്. പിന്നീട് ബീഹാര്‍. തുടര്‍ന്ന് ആറ് മാസത്തിനകം പശ്ചിമബംഗാള്‍, തമിഴ്നാട്, ആസ്സാം, കേരളം എന്നിവിടങ്ങളില്‍. ഇതുകഴിഞ്ഞ് ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്. ഒരു വര്‍ഷത്തിനകം വീണ്ടും 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വരും. തൊട്ടുപിന്നാലെ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍. ഓരോ വര്‍ഷവും മൂന്നുനാല് മാസം തെരഞ്ഞെടുപ്പുകള്മൂലം ഭരണനഷ്ടം സംഭവിക്കുന്നു എന്നതാണ് സത്യം. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ കുറഞ്ഞത് രണ്ടുമാസം നയപരമായ തീരുമാനങ്ങളൊന്നും എടുക്കാനാവില്ല. ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്. അതിനുവേണ്ടത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: