ന്യൂദല്‍ഹി: ശബരിമല സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമ നടപടികള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും ബില്ലിന്മേലുള്ള തുടര്‍നടപടികളെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. വിഷയത്തില്‍ ഭക്തരുടെ വികാരം മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.
ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്നും, അയ്യപ്പ വിശ്വാസികളെ പ്രത്യേക വിഭാഗമായി തന്നെ കാണണമെന്നും ബിജെപി എംപി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. കൂടാതെ സംസ്‌കാരവും, ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും പാര്‍ലമെന്റിലെ ശൂന്യവേളയില്‍ മീനാക്ഷി ലേഖി പറഞ്ഞു.
ശബരിമലയില്‍ സുപ്രീം കോടതി വിധിക്ക് മുന്‍പുള്ള സാഹചര്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യബില്ലാണ് എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സഭ ഏകകണ്ഠമായാണ് ബില്‍ അവതരണത്തിനുള്ള അനുമതി നല്‍കിയത്.
















