തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് പോലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടെന്നാണ് ബിനോയ് കോടിയേരിയുടെ നിലപാട്.
ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടാനാണ് ശ്രമമെന്നും പരാതി വ്യാജമാണെന്നും യുവതി മുന്‍പും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ബിനോയിക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്നും ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത വാദിച്ചു. പണം തട്ടുകയാണ് പരാതിക്ക് പിന്നിലെ ലക്ഷ്യം. വിവാഹം സംബന്ധിച്ച പരാതിക്കാരിയുടെ ആരോപണത്തില്‍ തന്നെ സംഭവം വ്യാജമാണെന്നതിന് തെളിവുണ്ട്.
എന്നാല്‍ പ്രതിയുടെ ഉന്നതസ്വാധീനം കണക്കിലെടുത്ത് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് കേസിന്റെ വഴിതെറ്റിക്കുമെന്ന് പ്രോസിക്യൂഷനും വാദിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ബിനോയിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന നിലപാടിലാണ് മുംബൈ പോലീസ്. ഇതും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതേസമയം ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. മുംബൈ ദിന്‍ദുഷി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.
















