തൃശൂര്‍: കുടിയേറ്റ ഭീഷണി നിലനില്‍ക്കുന്ന തൃശൂര്‍ അയ്യന്തോളിലെ അംഗന്‍വാടിക്ക് സുരേഷ് ഗോപി എം.പിയുടെ സഹായഹസ്തം.
നിലവില്‍ വ്യവസായ വകുപ്പിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടം കഴിഞ്ഞ മാര്‍ച്ചില്‍ ഒഴിഞ്ഞു കൊടുക്കണമെന്ന് വ്യവസായ വകുപ്പ് നിര്‍ദ്ദേശിച്ചുരുന്നു. എന്നാല്‍ കെട്ടിടത്തിന് പുതിയ സ്ഥലം ലഭിക്കാത്തതിനാല്‍ അനിശ്ചിതാവസ്ഥയിലേയ്‌ക്ക് നീങ്ങുന്ന അംഗന്‍വാടിയിലേയ്‌ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ എത്തുന്ന കുട്ടികളുടെ എണ്ണവും കുറവാണ്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി എംപി വിഷയത്തില്‍ ഇടപ്പെട്ടത്.
ജില്ലാ കലക്ടര്‍ ടി.വി.അനുപമയെ ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹം പുതിയ കെട്ടിടത്തിന് സമയം അനുവദിക്കണമെന്നും വ്യവസായമന്ത്രിയുമായി താന്‍ വിഷയം സംസാരിച്ചുകൊള്ളാമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സാവകാശത്തിനായി പരമാവധി ശ്രമിക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കുകയായിരുന്നു.
കൂടാതെ അംഗന്‍വാടി ജീവനക്കാരേയും കുട്ടികളേയും നേരില്‍ കണ്ട സുരേഷ് ഗോപി, ഭൂമി കിട്ടിയാല്‍ എംപി ഫണ്ടില്‍ നിന്ന് തുക നല്‍കാമെന്നും ഇതിന്റെ സാധ്യതകള്‍ കൂടെയുള്ള ബിജെപി നേതാക്കളുമായി സംസാരിക്കുകയും ചെയ്തു.
















