തിരുവനന്തപുരം: യോഗയെ ഗൗരവമായി എടുത്ത് നടപ്പിലാക്കിയാല്‍ കേരളത്തില്‍ അക്രമം കുറയുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ശശീരത്തിനു മാത്രമല്ല മനസ്സിനും സന്തുലനം നല്‍കുന്ന വ്യായാമമാണ് യോഗ. യോഗ പരിശീലനത്തിലൂടെ ശാന്തിയും സമാധാനവും വ്യക്തികളില്‍ ഉണ്ടാകും. ഇത് സമൂഹ നന്മക്ക് വഴി തെളിക്കും. യോഗ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാം മാധവ്.
ഭാരതീയമായ എന്തിനേയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. യോഗക്കെതിരെയുള്ളപ്രചരണം അതിന്റെ ഭാഗമാണ്. വിശ്വാസ സംരക്ഷണത്തിനായി തെരിവിലിറങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നതും ഇതുമൂലമാണ്. അതേസമയം ഭാരയീയ മൂല്യങ്ങളെ ലോകം അംഗീകരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അന്താരാഷ്‌ട്ര യോഗദിനാചരണം. രാം മാധവ് പറഞ്ഞു.

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈലില്‍ കളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് രാം മാധവ് പ്രസംഗത്തില്‍ വിമര്‍ശിച്ചു. ക്ലാസ് റൂമില്‍ ചിലപ്പോള്‍ അധ്യാപകര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ നല്‍കാന്‍ കഴിയാതെ വരും. പരീക്ഷ സമയങ്ങളില്‍ ടെക്സ്റ്റ് ബുക്കുകളിലേക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ ഉറക്കം വരും. പേടിക്കേണ്ട പാര്‍ലമെന്റിലും ഇത്തരത്തില്‍ ഉള്ള കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് രാഷ്‌ട്രപതിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഫോക്കസ് ചെയ്യാന്‍ കഴിയാതെ വരും. അപ്പോള്‍ അവര്‍ മൊബൈലില്‍ മെസേജ് വന്നോ നോക്കും, വീഡിയോ ഗെയിം കളിക്കാന്‍ ശ്രമിക്കും. മനസ് ഉറപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഇത്. ഇതില്‍ നിന്ന് മറികടക്കണമെങ്കില്‍ യോഗ ചെയ്താല്‍ മതി. രാം മാധവ് പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാജ്ഞലി സ്വാമി മഞ്ചിറമഠം പരമേശ്വര ബ്രഹ്മനന്ദ തീര്‍ത്ഥ നിലവിളക്ക് തെളിയിച്ചു.
പത്മശ്രീ ഡോ മാര്‍ത്താണ്ഡന്‍ പിള്ളയോഗ സന്ദേശം നല്‍കി. അഡ്വ എസ് സുരേഷ് സ്വാഗതം പറഞ്ഞു. ടി പി സെന്‍കുമാര്‍ ഐപിഎസ്, സംവിധായകരായ വിജി തമ്പി, രാജസേനന്‍, നടന്‍ എം ആര്‍ ഗോപകുമാര്‍, പത്മശ്രീ ഹരീന്ദ്രനാഥ്, എം എസ് രമേശന്‍, എം ടി രമേശ്, ജെ ആര്‍ പത്മകുമാര്‍, പി ഗിരീഷ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
















