തിരുവനന്തപുരം: കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ അന്വേഷണം തൃപ്തികരമല്ലെന്നും സാജന്റെ കുടുംബത്തിന് നിയമസഹായം ലഭ്യമാക്കാന്‍ പാര്‍ട്ടി ഒരുക്കമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളുടെ ദുരന്തങ്ങളിലൊന്നാണ് ആന്തൂരില്‍ ഉണ്ടായത്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. സാജന്‍ പാറയിലിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം ഭരണം അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു. ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെട്ടുത്തി.
പാര്‍ട്ടി ഗ്രാമമായ ആന്തൂരില്‍ ഒരില അനങ്ങണമെങ്കില്‍ പോലും സിപിഎം തീരുമാനിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് കൈകഴുകാനും കണ്ണില്‍ പൊടിയിടാനുമാണ് സിപിഎം ശ്രമിക്കുന്നതെന്നും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
















