കണ്ണൂര്‍: ലൈംഗീകാരോപണ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പോലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. പരാതിക്കാരി ബിനോയിയുടേതായി നല്‍കിയ വിലാസത്തില്‍ ഒന്ന് തിരുവനന്തപുരത്ത് എകെജി. സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ലാറ്റാണ്.
ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തി. വീട് അടച്ചിട്ട നിലയിലായതിനാല്‍ അടുത്തവീട്ടില്‍ നോട്ടീസ് നല്‍കി. ഓഷിവാര പോലീസ് മുമ്പാകെ ഉടന്‍ ഹാജരാകണമെന്നാണ് നോട്ടീസ്.
തലശ്ശേരി, ന്യൂമാഹി പോലീസ് സ്റ്റേഷനുകളിലെത്തി വിവരമറിയിച്ച ശേഷമാണ് മുംബൈ പോലീസ് ബിനോയിയെ തിരഞ്ഞ് വീട്ടിലെത്തിയത്. തലശ്ശേരി സ്റ്റേഷനിലെ രണ്ട് പോലീസുകാരും ഒപ്പമുണ്ടായിരുന്നു. കോടിയേരിയിലെ വീട്ടില്‍ പ്രതിയെ കണ്ടില്ലെന്ന വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചശേഷമാണ് ഇവര്‍ തിരുവനന്തപുരത്തേക്കു തിരിച്ചത്. ബിനോയിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം അറസറ്റ് ഭയന്ന് ബിനോയി ഒളിവിലാണെന്നാണ് സൂചന. അതിനിടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ തലശ്ശേരിയിലെ സിപിഎം കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകനെ ബിനോയ് ബന്ധപ്പെട്ടതായും അറിയുന്നു.
















