തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയുടെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ് എം.ഡി. സാജന്‍ പാറയിലിന്റെ ഓഡിറ്റോറിയത്തിനു സമീപം പുറമ്പോക്ക് സ്ഥലം കയ്യേറി നിര്‍മ്മിച്ച സിപിഎം ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് ആന്തൂര്‍ നഗരസഭ വഴിവിട്ട സഹായം നല്‍കിയത് വിവാദത്തില്‍.
കെട്ടിടത്തിനു പെര്‍മിറ്റും ലൈസന്‍സും നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെയെന്നാണ് പരാതി. ബക്കളം പഴയ ദേശീയപാതയോട് ചേര്‍ന്ന് പാര്‍ത്ഥാസ് ഓഡിറ്റോറിയത്തിന്റെ അമ്പതു മീറ്ററോളം അകലെയായിട്ടാണ് സിപിഎം ഓഫീസ് നിര്‍മ്മിച്ചത്. രണ്ട് സെന്റ് ഭൂമിയൊഴിച്ച് ബാക്കിയുള്ള സ്ഥലമെല്ലാം പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ചതാണ്. രണ്ട് സെന്റ് ഭൂമിയാകട്ടെ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയതും. മൂന്നു നിലകളിലായി കടമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിന് വേഗത്തില്‍ നഗരസഭ അനുമതി നല്‍കി. കെട്ടിട നമ്പര്‍ ലഭിച്ചതോടെ താഴെയുള്ള നില വാടകയ്‌ക്ക് നല്‍കാനും തുടങ്ങി.
സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിന് മുഴുവന്‍ സഹായവും നല്‍കുമ്പോഴും തൊട്ടടുത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് ലൈസന്‍സ് നല്‍കാതെ നഗരസഭ പീഡിപ്പിക്കുകയായിരുന്നു. ഏകദേശം രണ്ടു വര്‍ഷമായി പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തീയതി നേരത്തെ സംഘാടകസമിതി ചേര്‍ന്ന് തീരുമാനിക്കുകയും നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരുന്നെങ്കിലും പിന്നീട് മാറ്റി. ഇതുവരെയായി ഇതിന്റെ ഉദ്ഘാടനം നടന്നിട്ടുമില്ല.
കെട്ടിട നിര്‍മ്മാണത്തിന്റെ സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സാജന്‍ പാറയിലിന്റെ സഹായം തേടുകയും ഏറ്റവും മുകളിലെ നിലയുടെ മേല്‍ക്കൂര സാജന്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. കെട്ടിട നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പുറമ്പോക്ക് ഭൂമിയാണെന്ന് വിമര്‍ശനമുണ്ടായിരുന്നെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് മൂടിവെക്കുകയായിരുന്നു. ആന്തൂര്‍ നഗരസഭയുടെ കീഴിലായതിനാല്‍ മറ്റ് അനുമതികളും വേഗത്തില്‍ നേടിയെടുത്തു. എന്നാല്‍ തൊട്ടടുത്ത് പ്രവാസി വ്യവസായിയും പാര്‍ട്ടിയുടെ സഹയാത്രികനുമായ സാജനെ യാതൊരു പരിഗണനയും നല്‍കാതെ നഗരസഭ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
















