കണ്ണൂര്‍ : ലൈംഗീകാരോപണ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നു. കൂടാതെ ബിനോയ്‌ക്കായി തിരച്ചില്‍ വ്യാപകമാക്കുകയാണ്.ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. കേരളത്തിലും മുംബൈയിലും ഒരുപോലെ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.അതേസമയം അറസ്റ്റ് തടയാനുള്ള നീക്കവുമായി ബിനോയ് മുന്നോട്ട് പോവുകയാണ്. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കും.
അതിനിടെ, ബിനോയ്‌യുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുംബൈ പോലീസ് അന്വേഷണം നടത്തി. ചോദ്യം ചെയ്യലിന് ഹാജരാവാനായി പോലീസ് നോട്ടീസും നല്‍കിയിരുന്നു. തലശ്ശേരി കോടിയേരിയിലെ വീട്ടിലെത്തിയാണ് മുംബൈ പോലീസ് നോട്ടീസ് നല്‍കിയത്. ബിനോയ്‌യെ നേരില്‍ കാണാന്‍ മുംബൈ പോലീസിനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങളാണ് മുംബൈയിലെ ഓഷിവാര സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി രേഖപ്പെടുത്തിയിരുക്കുന്നത്.
ബിനോയ് കോടിയേരിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ബുധനാഴ്ചയാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്. അന്ധേരിയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരായ എസ്‌ഐ വിനായക് യാദവ്, എഎസ്‌ഐ ദേവാനന്ദ് പവാര്‍ എന്നിവര്‍ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെത്തിയും ഇവര്‍ തെളിവുകള്‍ ശേഖരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.
അതിനിടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ തലശ്ശേരിയിലെ സിപിഎം കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകനെ ബിനോയ് ബന്ധപ്പെട്ടതായും അറിയുന്നു. യുവതിയുടെ പരാതിയും മൊഴിയും അടിസ്ഥാനമാക്കി ഈ മാസം 13ന് ഓഷിവാര പോലീസ് ഐപിസി 376, 376 (2), 420, 504, 506 വകുപ്പുകളില്‍ യഥാക്രമം ബലാത്സംഗം, വഞ്ചന, മനഃപൂര്‍വ്വം അപമാനിക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ദുബായിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ്‌വാര പോലീസില്‍ ലൈംഗിക പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.
















