ആലുവ: ശിവഗിരി വിദ്യാനികേതനില്‍ യോഗ അധ്യാപികയായി മുബീന റഷീദ് എത്തിയപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു. യോഗ പഠിപ്പിക്കാന്‍ മുസ്ലിം യുവതിയോ? ഇപ്പോള്‍ മുബീനയുടെ അധ്യാപന മികവില്‍ സ്‌കൂളില്‍നിന്നും യോഗയ്‌ക്ക് ദേശീയതല മത്സരത്തില്‍ വരെ കുട്ടികള്‍ പങ്കെടുക്കുന്നു.
പാനായിക്കുളത്ത് താമസിക്കുന്ന മുബീനയുടെ ഭര്‍ത്താവ് വിദേശത്താണ്. മകള്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. മകന്‍ ഹൈസ്‌കൂളിലും. യോഗ പഠിപ്പിക്കുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പില്ല. എന്നാല്‍ കുടുംബക്കാര്‍ക്ക് അത്ര സമ്മതമല്ല. എതിര്‍പ്പിനെ മുബീന ഗൗരവത്തിലെടുത്തില്ല. ക്രമേണ അതെല്ലാം അവസാനിച്ചു.
യോഗ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്ന് മുബീന പറയുന്നു. എതിര്‍പ്പിനേയും പോസിറ്റീവായിത്തന്നെ കണ്ടു. ആറുവര്‍ഷമായി ശിവഗിരിക്കുന്നിന്റെ നെറുകയിലെ വിദ്യാനികേതനില്‍ ഏഴു മണിയോടെ ടീച്ചര്‍ എത്തുന്നു. പുലര്‍ച്ചെ 4.30ന് ഉണരും. അരമണിക്കൂര്‍ യോഗ. അമ്പത് സൂര്യനമസ്‌കാരം വരെ ചെയ്യും.
വര്‍ഷങ്ങള്‍ക്കുമുമ്പ് ബാധിച്ച നിര്‍ത്താത്ത തുമ്മലാണ് മുബീനയെ യോഗയിലേക്ക് എത്തിച്ചത്. ഇടപ്പള്ളിയിലുള്ള ഭാസ്‌കരമേനോനും മകന്‍ സുരേഷ് മേനോനും നല്‍കിയ ഉപദേശത്താല്‍ പ്രാണായാമത്താലാണ് തുമ്മല്‍ മാറിയത്. ഇവരുടെ ഒരുവര്‍ഷത്തെ യോഗ അധ്യാപന ക്ലാസില്‍ ചേര്‍ന്നു. അവിടെത്തന്നെ കുറച്ചുകാലം അധ്യാപികയായി. പിന്നീടാണ് സ്‌കൂളില്‍ അധ്യാപികയായത്. നോമ്പും പ്രാര്‍ഥനയും കൃത്യമായി നിര്‍വഹിക്കുന്ന മുബീന പ്രാര്‍ഥനയ്‌ക്ക് മാത്രം മൂടുപടം അണിയും. ഇതില്‍ എതിര്‍പ്പു പറയുന്നവരോട് പറയും, നിങ്ങള്‍ പ്രാര്‍ഥനയ്‌ക്കുശേഷം തിന്മചെയ്യും, എന്നാല്‍ ഞാന്‍ അങ്ങിനയല്ല. മനുഷ്യന്‍ നന്നായാല്‍ മതി എന്ന വിശ്വാസക്കാരിയാണ്.
















