‘ദൈവത്തിന്റെ സ്വന്തം നാട്’ കേരളത്തെക്കുറിച്ച് കേരളീയരുടെ അവകാശവാദം അങ്ങനെയാണ്. എന്നാല്‍ ഓരോ ദിവസവും കാണുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍ അവകാശവാദം ശരിവയ്ക്കുന്നതല്ല. ഏറ്റവും ഒടുവില്‍ പ്രവാസിമലയാളി കണ്ണൂരിലെ സാജന് പാറയിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് രാക്ഷസരാഷ്ട്രീയത്തിന്റെ പെരുമാറ്റമാണെന്നതില് സംശയമില്ല. വര്‍ഷങ്ങളോളം വിദേശത്ത് ജോലിചെയ്ത് ലഭിച്ച സമ്പത്തുകൊണ്ട് ആരംഭിച്ച സംരംഭത്തിന് തടസം നിന്നത് ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയാണ്. ഇരുപത്തെട്ട് അംഗ നഗരസഭയില്‍ പ്രതിപക്ഷമില്ല. 14 അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇവിടങ്ങളില്‍ എതിര് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാണെങ്കില് മറ്റിടങ്ങളില്‍ സ്ഥാനാര്ത്ഥികളുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചില്ല.
കണ്വെന്ഷന് സെന്ററായിരുന്നു സാജന്റെ സംരംഭം. 15 കോടിരൂപയാണ് മുടക്കിയത്. പണി പകുതിയായപ്പോഴേക്കും ചട്ടം ലംഘിച്ചുവെന്നപേരില്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഇടപെട്ട് നിര്‍മ്മാണം തുടര്‍ന്നു. പണിപൂര്‍ത്തിയായ കണ്വെന്ഷന് സെന്ററിന് നഗരസഭാ സര്‍ട്ടിഫിക്കറ്റ് നല്കുവാന് തയ്യാറായില്ല. ”ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ അത് കിട്ടില്ലെന്ന്” നഗരസഭാ അധ്യക്ഷ ഭീഷണിപ്പെടുത്തിയത്രെ. അവര്‍ മരിക്കുന്നവരെ കാത്തിരിക്കാന്‍ സാജന് ആവുമായിരുന്നില്ല. സാജന്റെ മരണവാര്‍ത്ത കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കി ഭരണമേറി മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഓരോരുത്തരെയായി പാര്‍ട്ടി ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. എതിര്‍പാര്‍ട്ടിക്കാരെ കൊന്നുതീര്‍ക്കാനാണ് നോക്കുന്നത്. സ്വന്തം പാര്‍ട്ടിക്കായി പണിയെടുക്കുകയും പണം നല്‍കുകയും ചെയ്യുന്നവരെ ജീവനൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
ഒരു നഗരസഭാ ഒന്നാകെ പാര്‍ട്ടിഗ്രാമമാക്കി മാറ്റിയ മറ്റൊരു ജില്ലയില്ല. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം കണ്ണൂരുകാരാണ്. എന്നിട്ടും സ്വസ്ഥമായി ജിവിക്കാന്പറ്റാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും ഈ ജില്ലക്കാരന് തന്നെ. പാര്‍ട്ടി കോണ്‍ഗ്രസും പ്ലീനങ്ങളുമെല്ലാം നല്ല പാഠങ്ങള്‍ സഖാക്കള്‍ക്ക് ചൊല്ലിക്കൊടുക്കുന്നു. പക്ഷേ ഒന്നും ഒരിക്കലും സഖാക്കള്‍ പഠിക്കുന്നില്ല. ജനാധിപത്യവും മതേതരത്വവും സമാധാന ജീവിതം പറയുന്ന പാര്‍ട്ടിക്കാര്‍തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ ഒരാളെ വെട്ടിയും കുത്തിയും കൊല്ലാന്‍ നോക്കയിത്. അതും മുഖ്യമന്ത്രിയുടെ നാട്ടില്‍തന്നെ. ‘എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല’ എന്ന ചൊല്ലുപോലെയാണ് സംഭവങ്ങള്‍ ഓരോന്നും വ്യക്തമാക്കിത്തരുന്നത്.
ആന്തൂരിന് സമീപത്താണ് മലപ്പട്ടം പഞ്ചായത്ത്. അതും ഒരു പാര്‍ട്ടി പഞ്ചായത്താണ്. 13 അംഗ പഞ്ചായത്തില്‍ മുഴുവനും സിപിഎം. പ്രതിപക്ഷമേ ഉണ്ടായില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13ല്‍ 12 പേരെയും മാറ്റി. മണല്‍ കുംഭകോണം നാട്ടില്‍ പാട്ടായതോടെയാണ് സ്ഥാനാര്‍ത്ഥികളെ മാറ്റേണ്ടിവന്നത്. എട്ടുകോടി രൂപയുടെ മണലാണ് മെമ്പര്‍മാര്‍ പോക്കറ്റിലാക്കിയത്. കോഴ കുറഞ്ഞതുകൊണ്ടാണോ സാജനെ മരണത്തിലേക്ക് നയിച്ചതെന്നേ അറിയാനുള്ളൂ. ആന്തൂര്‍ ചെയര്‍പേഴ്സണ്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളല്ല. അധ്യാപികയാണ്. എന്നിട്ടും ആന്തൂര്‍ പോലുള്ള അവികസിത മേഖലയില്‍ ഒരു കണ്വെന്ഷന് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഏറെ സന്തോഷിക്കേണ്ടതാണ്.
ചട്ടങ്ങള്‍ മറികടന്നും അനുമതി നല്‍കിയില്ലെന്ന് പറയുമ്പോള്‍ ഇവരുടെ ധിക്കാരത്തിന് എന്തുപേരിടും? നേരത്തെ ശുചീകരണ സാധനങ്ങള്‍ നിര്‍മ്മിച്ചിരുന്ന ചെറുകിട വ്യവസായത്തെ പൂട്ടിച്ച് നാടുകടത്തിയ സംഭവവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ദൈവത്തിന്റെ നാടാണെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വിളിപ്പിച്ച് ഒരു മന്ത്രി ശാസിച്ചതുമൊക്കെ വാര്‍ത്ത വന്നിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ പഴിചാരി രക്ഷപ്പെടാതെ ചെയര്‍പേഴ്സന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം. വലിയ പിടിപാടുള്ള പാര്‍ട്ടിക്കാരി അധ്യക്ഷയായിരിക്കുമ്പോള്‍ ഏത് ഉദ്യോഗസ്ഥനാണ് ഈ തോന്നിവാസത്തിന് മുതിരുക. അതുകൊണ്ട് സമഗ്രമായ അന്വേഷണം വേണം. അതിനുമുമ്പ് അധ്യക്ഷയെ രാജിവയ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: