“ ‘വന്ദേ മാതരം!
സുജലാം സുഫലാം
മലയജ ശീതളാം
സസ്യശ്യാമളാം മാതരം വന്ദേ മാതരം’! ’’
ആരാണ് ഈ മാതാവ്? ഈ വരികള്‍ ഒരു രാജ്യത്തെക്കുറിച്ചുള്ളതാണ്. ജഡശരീരം സ്വീകരിച്ച ഒരു സ്ത്രിയെക്കുറിച്ചുള്ളതല്ല. മാതൃഭൂമിയാണ് ഞങ്ങളുടെ മാതാവ്. മാതൃഭൂമി സ്വര്‍ഗ്ഗത്തേക്കാള്‍ ഉന്നതമാണ്. വൈദേശികാടിമത്വത്തില്നിന്നും ഭാരതത്തെ രക്ഷിക്കാന്‍ ദേശീയജനതയുടെ കോശങ്ങളില്‍ ക്ഷാത്രവീര്യമുള്ള പൂര്‍വ്വസ്മൃതിയെ ഉണര്‍ത്തി ആവേശവും ആദര്‍ശവും നല്കിയ ഇതിഹാസമാണ് ആനന്ദമഠം. ആനന്ദമഠത്തിലെ പത്താം അധ്യായത്തിലാണ്, ബ്രിട്ടന്റെയും പിന്നിട് ദേശവിരുദ്ധരുടെയും കണ്ണിലെ കരടായ വന്ദേമാതരം ആദ്യമായി മൂളിക്കേട്ടത്. പിന്നീട് അസേതുഹിമാചലം ഓരോ ഭാരതീയന്റേയും മൂലമന്ത്രമായി മാറി. ജൂണ്‍ 27 ഋഷിതുല്യനായ ബങ്കിം ചതോപാദ്ധ്യായചന്ദ്ര ചാറ്റര്‍ജിയുടെ ജന്മദിനം. ദേശഭക്തന്മാരെ പരമാനന്ദത്തിലാറാടിച്ച വന്ദേമാതരം നമുക്ക് നല്കിയ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ജന്മദിനം. ദേശഭക്തന്മാര് മറക്കാന്‍ പാടില്ലാത്ത സുദിനം. 1838 ജൂണ്‍ 27ന് കാന്തലപ്പാറയെന്ന സ്ഥലത്ത് ബങ്കിം ജനിച്ചു.
സ്വത്വം നഷ്ടപ്പെട്ട ദേശീയ ജനതയെ ഉദ്ബോധിപ്പിച്ചെടുക്കാന് അതാതുകാലത്ത് ഭാരതവര്‍ഷത്തില്‍ അവതാരങ്ങള്‍ ഉദയം ചെയ്തിരുന്നു. അത്തരത്തില്‍ വന്നവരൊക്കെത്തന്നെയും സംന്യാസിമാരോ സംന്യാസിതുല്യരോ ആയിരുന്നു. വേദവ്യാസനില്‍ തുടങ്ങിയ ആ ഋഷിപരമ്പര ഇന്നും രാജ്യത്തിന്റെ സംരക്ഷകരായി നിലകൊള്ളുന്നു. നവോത്ഥാന വിപ്ലവങ്ങള്‍ക്ക് ഭാരതത്തില്‍ അതിന്റെ നേതൃസ്ഥാനം അലങ്കരിച്ചിരുന്നത് ഋഷി ശ്രേഷ്ഠന്മാരായിരുന്നു. സ്വാമി വിവേകാനന്ദന്റെ ആഹ്വാനം വന്നു, അടുത്ത അമ്പത് വര്‍ഷത്തേക്ക് നമ്മുടെ ആരാധ്യദേവത ഭാരതാംബയാകട്ടെ. ഭാരതീയര്‍ ആ ആജ്ഞ ശിരസ്സാവഹിച്ചു. ജനനേതാക്കന്മാരും ജനങ്ങളും കൊടുംകാറ്റ് പോലെ വൈദേശിക പടയ്ക്ക് മുന്നിലേയ്ക്കുവന്നു. സധൈര്യം പോരാടി മാതൃഭുമിക്കുവേണ്ടി. സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശമായി മാറിയ വന്ദേമാതരം രചിച്ചുകൊണ്ട് ഭാരത സ്വാതന്ത്ര്യസമരത്തിന് വേണ്ടി തൂലിക ചലിപ്പിച്ച പുണ്യാത്മാവാണ് ബങ്കിം ചന്ദ്രചാറ്റര്‍ജി. സമരഭടന്മാരും സമരപരിപാടികളും മുത്തുകളായിരുന്നെങ്കില്‍ മുത്തുകളെ കോര്‍ത്ത നൂലായിരുന്നു വന്ദേമാതരം.
വന്ദേമാതരത്തിന്റെ തേജസ്സിന് ഇന്നും മങ്ങലേറ്റിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍പോലും കല്‍പ്പിക്കാത്ത അയിത്തം കല്‍പ്പിച്ച് രാഷ്ട്രത്തിന്റെ ശത്രുക്കള്‍ ഇന്ന് സഭവിട്ട് ഇറങ്ങിപ്പോകുകയും അപമാനിക്കുകയും ചെയ്യുന്നു. ഒരു ജനതയുടെ നിത്യജീവിതവുമായി ഇത്രകണ്ട് ഇഴകിച്ചേര്‍ന്ന ഒരു ഗാനം ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ല. ഭാരതീയന്റെ ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് സമരാഹ്വാനമായും സമരപ്രേരകമായും സ്വാതന്ത്ര്യസമര ഭടന്മാര്ക്ക് ധൈര്യമായും സ്വാതന്ത്ര്യാനന്തരം ദേശഭക്തിയുടെ പരമോന്നതമായ അളവ് കോലായും വിരാജിക്കുന്ന അഗ്നിനക്ഷത്രമാണ് വന്ദേമാതരം.
അസാധാരണമാം ബുദ്ധിശക്തിയും ദേശപ്രേമവും നിറഞ്ഞ പുണ്യാത്മാവായിരുന്നു ബങ്കിം ചന്ദ്രചാറ്റര്‍ജി. കൊല്‍ക്കത്ത സര്‍വ്വകലാശാലയുടെ ആദ്യത്തെ ബിരുദധാരികളിലൊരാളും ബ്രട്ടീഷ് സര്‍ക്കാറിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. കഥ, കവിത, നോവല്‍ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം തന്റെ തൂലിക ചലപ്പിച്ചു. എങ്കിലും കോടാനുകോടി ഹൃദയങ്ങളില്‍ അദ്ദേഹം ഒരു കവിയാണ്. ദുര്‍ഗ്ഗേശനന്ദിനി, കപാലകുണ്ഡല, മൃണാളിനി, തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.
വന്ദേമാതരത്തിനെ ജനമനസ്സുകളില്‍നിന്ന് പടിയിറക്കിവിടാന്‍ ദേശവിരുദ്ധരും വൈദേശികബീജത്തില് അഭിമാനിക്കുന്നവരും ഏറേ ശ്രമിച്ചു, ഫലമായി മറ്റൊരു ഗാനം ആവശ്യമായി വന്നു. ആ ദിവ്യമന്ത്രം രണ്ടാമതായി പിന്തള്ളപ്പെട്ടു. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. മതത്തിനപ്പുറം മാതൃഭൂമിയെ കാണുവാന്‍ കഴിയാത്തതും സ്വാര്‍ത്ഥതത്പരരുമായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ദേശീയത ഇന്നും ദഹിക്കാത്ത ഒന്നാണ്.
ഭാരതീയ ദേശീയതയ്ക്കുമേല്‍ പ്രാദേശിക വിഘടനവാദങ്ങള്‍ ചര്‍ച്ചയാകുന്ന ഇന്ന് മാതൃഭൂമിക്കുവേണ്ടി സമസ്തവും ത്യാഗംചെയ്യാന്‍ സകലരേയും പ്രേരിപ്പിച്ച വന്ദേമാതരത്തിന്റെ പ്രസക്തി ഉയരുകയാണ്. വന്ദേമാതരം ഉറക്കെ ഉറക്കെ പാടി സ്വാതന്ത്ര്യസമരഭടന്മാര് ആത്മത്യാഗം ചെയ്തു. നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി. ബ്രട്ടീഷുകാര്‍ ഇവിടം വിട്ടു പോയി. കോടാനുകോടി ഹൃദയങ്ങളില്‍ ഒരു കവിയായി പ്രതിഷ്ഠ നേടിയ ബങ്കിം ചന്ദ്രചാറ്റര്‍ജി 1894 ഏപ്രില്‍ 8 ചരമഗതിയെ പ്രാപിച്ചു. ഇനിയും ദേശഭക്തന്മാര്‍ക്ക് നിര്‍ദ്ദേശം നല്കാന് വന്ദേമാതരത്തിന് കഴിയും. ഇനിയും അനേകം കോടി കണ്ഠനാളങ്ങളില് വന്ദേമാതരം ഉയര്‍ന്നു കേള്‍ക്കും.
വന്ദേ മാതരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: