ആലപ്പുഴ: മാവേലിക്കരയിലെ വള്ളിക്കുന്നത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളോ, ആഭ്യന്തര വകുപ്പിലെ ഉന്നതരോ എത്താതിരുന്നതില്‍ പ്രതിഷേധം ശക്തം. കേസന്വേഷണത്തിന്റെ ഭാഗമായി മധ്യമേഖലാ ഐജി മാത്രമാണ് പോലീസ് സേനയില്‍ നിന്ന് സൗമ്യയുടെ വീട്ടിലെത്തിയ പ്രമുഖ ഉദ്യോഗസ്ഥന്‍. സംസ്‌കാര ചടങ്ങുകളില്‍ ഉന്നത റാങ്കുകളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ആരെങ്കിലും വീട്ടിലെത്തുമെന്ന് ബന്ധുക്കളും നാട്ടുകാരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
സ്ത്രീ സുരക്ഷയും വനിതാ നവോത്ഥാനവും കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളും തിരിഞ്ഞു നോക്കിയില്ല. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാകട്ടെ തന്റെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലെ ഏതാനും വരികളിലൊതുക്കി. ആലപ്പുഴ ജില്ലയില്‍നിന്ന് മൂന്നു മന്ത്രിമാര്‍ ഉണ്ടായിരിന്നിട്ടും അവര്‍ക്കാര്‍ക്കും ആ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ സമയം കിട്ടിയില്ല. തൊട്ടടുത്ത മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവും എത്തിയില്ല.
ലിബിയയിലായിരുന്ന ഭര്‍ത്താവ് സജീവ് ബുധനാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. ശനിയാഴ്ച ഭാര്യക്ക് അപകടം സംഭവിച്ചു എന്ന് മാത്രമാണ് സജീവിനെ ധരിപ്പിച്ചിരുന്നത്. നാട്ടിലെത്തിയ ശേഷമാണ് സൗമ്യ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു എന്ന വിവരം അറിഞ്ഞത്. മൂന്നു മക്കളെയും കെട്ടിപ്പിടിച്ച് സജീവന്‍ പൊട്ടിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
പ്രതി മരിച്ചെങ്കിലും സൗമ്യവധക്കേസിലെ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു. ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി. ക്രിമിനല്‍ കേസുകളിലെ പ്രതി മരിച്ചാല്‍ കോടതിയില്‍ വിശദമായ കുറ്റംപത്രം നല്‍കുന്ന പതിവില്ല. പകരം കേസിന്റെ സാഹചര്യവും പ്രതിയുടെ മരണവും വ്യക്തമാക്കി മരിച്ചയാളിന്റെ പേരില്‍ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
കൊലപാതക കാരണം, അതിലേക്ക് നയിച്ച സാഹചര്യം എന്നിവയെല്ലാം അന്വേഷണത്തിലൂടെ തെളിയിക്കണം. കൂട്ടുപ്രതിയുണ്ടെങ്കില്‍ കേസിന്റെ സ്വഭാവം മാറും. കൂട്ടുപ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടത്. സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി അജാസിനെ ഒരാള്‍ സഹായിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച സംശയങ്ങളും ദൂരീകരിക്കണ്ടതുണ്ട്.
















