കല്‍പ്പറ്റ: അശ്ലീല ചുവയോടെ യുവതിയോട് ഫോണില്‍ സംസാരിച്ചു എന്ന പരാതിയില്‍ വിനായകനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ഇന്നു രാവിലെ 11.30ന് കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.
പാമ്പാടി സ്റ്റേഷനിലാണ് മുന്‍മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി പരാതി നല്‍കിയിരുന്നത്. കല്പറ്റയില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് യുവതി വിനായകനെ ഫോണില്‍ വിളിച്ചത്. പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട പരിപാടിയിലേക്കു ക്ഷണിക്കാനായിട്ടാണ് വിളിച്ചത്. അപ്പോള്‍ മോശമായി പെരുമാറിയെന്നാണു പരാതി. ഇതോടെ കേസ് കല്പറ്റ പോലീസിനു കൈമാറിയിരുന്നു. കേസില്‍ ഞായറാഴ്ച അന്വേഷണസംഘം കോഴിക്കോട്ടെത്തി ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ മൊഴിയെടുത്തിരുന്നു.
പൊലീസ് വിളിച്ചു വരുത്താതെ, വിനായകന്‍ സ്വമേധയാ സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. യാദൃശ്ചികമായി പരാതിക്കാരിയായ യുവതിയും വിനായകനും ഒരേ സമയത്താണ് സ്റ്റേഷനിലെത്തിയത്. അഭിഭാഷകനൊപ്പമാണ് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ ശല്യപ്പെടുത്തരുതെന്ന് പൊലീസ് വിനായകന് നിര്‍ദേശം നല്‍കി. യുവതിയോടല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
















