ഇടുക്കി: തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി മൂന്നര ആഴ്ച പിന്നിടുമ്പോള്‍ മഴയില്‍ കാര്യമായ കുറവ്. 39.85 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 23.63 സെ.മീ. മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് മാത്രം ശരാശരി മഴ ലഭിച്ചു. കാസര്‍ഗോഡ്-57, വയനാട്-55, ഇടുക്കി-49, മലപ്പുറം-47, തൃശൂര്‍-48 ശതമാനം വീതം മഴ കുറഞ്ഞു. മറ്റിടങ്ങളില്‍ 20-44 സെ.മീ. വരെയാണ് കുറവുള്ളത്. അടുത്തക്കാലത്തൊന്നും ഇത്തരത്തില്‍ കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ മഴ കുറഞ്ഞിട്ടില്ല.
നിലവില്‍ ലഭിച്ച മഴക്ക് കാരണം ന്യൂനമര്‍ദം ആണെങ്കിലും ഇത് ചുഴലിക്കാറ്റായതോടെ മഴയില്‍ ഗണ്യമായ കുറവാണുണ്ടായത്. 22 മുതല്‍ മഴ വീണ്ടും ശക്തമാവുമെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാവുകയാണ്. ഇത് രണ്ട് ദിവസത്തിനകം തന്നെ ഉണ്ടാകും.
വരുന്ന വാരം മികച്ച മഴ ലഭിക്കുവാനും ഇത് രണ്ടാഴ്ച വരെ നീളാനും സാധ്യത ഉണ്ട്. ന്യൂനമര്‍ദം ബാധിക്കുമെങ്കിലും പശ്ചിമഘട്ടത്തിന്റെ സ്വാധീനവും കാറ്റ് തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് വരുന്നതും മൂലം സാമാന്യം മഴ ലഭിക്കും.
തിങ്കളാഴ്ച വൈകിട്ടോടെ ഗുജറാത്തിന് സമീപത്ത് വെച്ച് വായു ചുഴലിക്കാറ്റ് ദുര്‍ബലമായി ഇല്ലാതായിരുന്നു. ചുഴലിക്കാറ്റ് മൂലം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ മര്‍ദത്തില്‍ കാര്യമായ വ്യതിയാനം വന്നിട്ടുണ്ട്. ചുഴലിക്കാറ്റ് മാറിയതോടെ വരും ദിവസങ്ങളില്‍ അറബിക്കടലില്‍ മഴ മേഘങ്ങള്‍ എത്തും. ഇതാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് ഇടയാക്കുന്നത്. ഇരു കടലുകളിലേയും മര്‍ദത്തിലെ വ്യതിയാനം വായു ചുഴലിയായി രൂപമെടുക്കുന്നതിന് കാരണം.
വരും ദിവസങ്ങളില്‍ മാത്രമാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. ന്യൂനമര്‍ദമുണ്ടായാല്‍ കേരളത്തില്‍ ലഭിക്കേണ്ട മഴയില്‍ വീണ്ടും കുറവുണ്ടാകും. 1800 മുതല്‍ ഇങ്ങോട് മുപ്പതിലധികം ന്യൂനമര്‍ദങ്ങളാണ് ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാ സമുദ്രം, അറബിക്കടല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ മാസത്തിലുണ്ടായിരിക്കുന്നത്. കാലവര്‍ഷത്തിന്റെ കടന്നുവരവാണ് ഇതിന് കാരണം.
















