ന്യൂദല്‍ഹി: വിദേശ സംഭാവന ചട്ടം ലംഘിച്ച വിവാദ സംഘടന ലോയേഴ്സ് കളക്ടീവിനും പ്രസിഡന്റ് ആനന്ദ് ഗ്രോവറിനുമെതിരേ സിബിഐ കേസെടുത്തു. മറ്റ് ഓഫീസ് ഭാരവാഹികളും പ്രതികളാണ്. എഫ്സിആര്‍എ (ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്) ലംഘിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. സുപ്രീം കോടതി അഭിഭാഷകരായ ആനന്ദ് ഗ്രോവറും ഇന്ദിര ജയ്സിങ്ങും സ്ഥാപിച്ച ലോയേഴ്സ് കളക്ടീവ് ഇടത്-മുസ്ലിം തീവ്രവാദികള്‍ക്ക് നിയമസഹായം നല്കുന്നതില് കുപ്രസിദ്ധരാണ്. ഇതിന് വിദേശ രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ പണം ലഭിക്കുകയും ചെയ്തു.
2006 മുതല്‍ 2015 വരെയുള്ള കാലത്ത് 32 കോടി രൂപയുടെ വിദേശവരുമാനമാണ് സംഘടനയ്ക്ക് ലഭിച്ചത്. ഇത് വഴിമാറ്റി ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2016ല്‍ ആഭ്യന്തരമന്ത്രാലയം ഓഫീസ് റെയ്ഡ് ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സംഘടനയുടെ രജിസ്ട്രേഷന് റദ്ദാക്കി. വിദേശ ഫണ്ടുകള്‍ ആനന്ദ് ഗ്രോവറും ജയ്സിങ്ങും വിമാന യാത്ര ചെലവുകള്‍ക്കായി ഉപയോഗിച്ചുവെന്ന് സിബിഐക്ക് നല്കിയ കത്തില്‍ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. സാമൂഹ്യ സേവനത്തിനുള്ള പണം ധര്‍ണകള്‍ സംഘടിപ്പിക്കാനും രാഷ്ട്രീയ നേതാക്കള്‍ക്ക് കേസ് നടത്താനും ചെലവഴിച്ചു.
കോണ്‍ഗ്രസ്സിന്റെ ഉറ്റസുഹൃത്തായ ജയ്സിങ് 2009 മുതല്‍ 2014 വരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. ഇക്കാലത്ത് സംഘടനയുടെ പേരില്‍ വിദേശത്ത് നിന്ന് 96 കോടി കൈപ്പറ്റിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. യുഎസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് യാത്ര ചെയ്തു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംഘടനയ്ക്ക് വീണ്ടും ആറ് മാസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: