ലോകത്ത് ആകമാനമുള്ള പ്രശ്നമാണ് ബാലവേല എന്ന ബാലപീഡ. കളിച്ചുനടക്കേണ്ട പ്രായത്തില്‍ ജോലിഭാരം തലയില്‍ കയറ്റേണ്ടിവരുന്ന കുരുന്നുകള്‍ മനുഷ്യകുലത്തിന് എന്നും വേദനയുണ്ടാക്കുന്ന ചിത്രമാണ്. തടയാന്‍ നിയമങ്ങളുണ്ടെങ്കിലും തൊഴില്‍ മേഖലകളില്‍ ഇന്നും ഈ രീതി തുടരുന്നു. പുഞ്ചിരി വിടരേണ്ട മുഖങ്ങളില്‍ ദൈന്യതനിഴലിക്കുന്ന ദാരുണമായ കാഴ്ച. ഹ്യൂമന്റൈറ്റ്സ് ന്യൂസ് വേള്‍ഡിന്റെ സമീപകാലറിപ്പോര്ട്ട് പ്രകാരം ലോകത്താകമാനം 25 കോടിയിലധികം കുട്ടികള്‍ രാപ്പകലില്ലാതെ പണിയെടുക്കുന്നുണ്ട്. പതിനേഴും പതിനെട്ടും മണിക്കൂര്‍വരെ പണിയെടുക്കുന്ന കുട്ടികളുണ്ടെന്നാണ് കണക്ക്. 2001ലെ കണക്കുപ്രകാരം ഇന്ത്യയില്‍ ബാലവേല ചെയ്യുന്ന കുട്ടികള്‍ ഒന്നേകാല്ക്കോടിയായിരുന്നു. അപകടകരമായ തൊഴിലിടങ്ങളില്‍ പണിയിടങ്ങളിലേറെയും കുട്ടി പണിക്കാരാണത്രെ. ബാലവേല വിരുദ്ധദിനം അധികമാരും അറിയാതെ കടന്നുപോയ പശ്ചാത്തലത്തില്‍ ബാലവേലയെന്ന തീരാപ്രശ്നത്തേക്കുറിച്ചൊരു ചിന്ത.
കുട്ടികളെ ശാരീരികവും മാനസികവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയയി നിര്‍വചിച്ചിരിക്കുന്നത്. ഇത് അവരുടെ വിദ്യാഭ്യാസത്തെ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തും. ലോകത്താകമാനം ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്ന തൊഴില്‍ മേഖലകള്‍ സോക്കള്ബോള് സ്റ്റിച്ചിങ്ങും (ഫുട്ബോള്‍ തുന്നല്‍) ആഭരണ നിര്‍മ്മാണശാലകളും കാര്‍പറ്റ് (പരവതാനി) നെയ്യലുമാണ്. ബാലവേലക്കാരില്‍ ഭൂരിപക്ഷവും പണിയെടുക്കുന്നത് തികച്ചും അപകടകരമായ തൊഴിലിടങ്ങളിലാണ്. സര്‍ക്കസ്, ആനപരിശീലനം, കീടനാശിനി നിര്‍മ്മാണം, പടക്ക നിര്‍മ്മാണശാലകള്‍, ഖനിയിടങ്ങള്‍ എന്നിങ്ങനെ അപകടകരമായ തൊഴില്‍ശാലകളുടെ പട്ടിക നീളുന്നു. ശിവകാശിയിലെ തീപ്പെട്ടി, പടക്കനിര്‍മ്മാണ കമ്പനികളിലും സൂററ്റിലെ വജ്രക്കല്ല് പോളിഷിങ് മെഖലയിലും ഫിറോസാബാദിലെ ഗ്ലാസ്സ് ഫാക്ടറിയിലും ബാലവേലക്കാരുടെ വലിയൊരു കൂട്ടത്തെ കാണാം.
1989ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളി ലോക ബാലവേലവിരുദ്ധ ദിനം പ്രഖ്യാപിച്ചത്, ഇതിനെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താനാണ്. ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടകസംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ബാലവേലയ്ക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1992ല്‍ തൊഴില്‍സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്രപരിപാടി, നൂറിലധികം രാഷ്ട്രങ്ങള്‍ ഇത് ഏറ്റെടുത്തു. 2002 ജൂണ്‍ 12 മുതലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ലോകബാലവേല വിരുദ്ധദിനമായി ആചരിച്ചുതുടങ്ങിയത്. ബാലവേലയ്ക്കു പലകാരണങ്ങളുണ്ടാകും. എങ്കിലും, ദാരിദ്ര്യം തന്നെയാണ് പ്രധാനം. പഠനത്തെക്കാള്‍ കുടുംബത്തിനാവശ്യം ഭക്ഷണവും മറ്റ് അത്യാവശ്യ കാര്യങ്ങളുമാണെന്ന് വരുമ്പോള്‍ കുട്ടികള്‍ ബാലവേലയ്ക്കു നിര്‍ബന്ധിതരാകുന്നു. സാമൂഹ്യപിന്നാക്കാവസ്ഥ, അറിവില്ലായ്മ, കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍, വലിയ കുടുംബം എന്നീ കാരണങ്ങളും ബാലവേലയെ ബലപ്പെടുത്തുന്നു.
കേരളത്തിലും ബാലവേല
സാക്ഷരരുടെ നാട് എന്ന് അഭിമാനിക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലുമുണ്ട് ബാലവേലക്കാര്‍. 2012ല്‍ കേരളത്തെ ബാലവേലവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ബാലവേല കൂടിക്കൂടിവരുകയാണ്. ഒഡീഷ, ബംഗാള്‍, ബീഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഹോട്ടല്‍ ജോലി, റോഡ് പണി, വീട് നിര്‍മ്മാണം, ഇഷ്ടിക ജോലി എന്നിവയ്ക്കായി ഇടനിലക്കാര്‍ കുട്ടികളെ കൊണ്ടുവരുന്നു. മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ കുറഞ്ഞ കൂലി കുട്ടികള്‍ക്ക് നല്കിയാല് മതിയെന്നത് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പ്രധാന കാരണം. എല്ലായിടത്തും ലാഭക്കൊതിതന്നെ.
മാതാപിതാക്കളുടെ പരിലാളനങ്ങള്‍ ഏറ്റുവാങ്ങി നല്ല കുടുംബാന്തരീക്ഷത്തില്‍ ജീവിക്കുന്ന കുട്ടിയില്‍ ഉണ്ടാകേണ്ട സന്തോഷം ബാല്യത്തില്‍ തൊഴിലെടുക്കുന്ന കുട്ടിക്ക് ഉണ്ടാകുന്നില്ല. ബാല്യത്തില്‍ പ്രോല്‍സാഹനവും അഭിനന്ദനവും ലഭിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ഉന്നതിയിലെത്തിച്ചേരുന്നു. തൊഴിലിടങ്ങളില്‍നിന്നു കിട്ടുന്ന ആജ്ഞയും ഭയപ്പെടുത്തലും ശിക്ഷണവും നിമിത്തം അവര്‍ക്ക് ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുന്നതിനോ അവരുമായി സഹകരിക്കുന്നതിനോ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനോ സാധിക്കാതെ വരുന്നു.
പകലന്തിയോളം പണിയെടുക്കുന്ന ബാല്യങ്ങള്‍ക്ക് നല്ല സൗഹൃദങ്ങളും നല്ല അന്തരീക്ഷവും നഷ്ടമാകുന്നു. ഇതുമൂലം കുട്ടി കൂടുതല്‍ ഒറ്റപ്പെടാനും മനസ്സില്‍ വെറുപ്പ്, പക, ദുഷ്ചിന്ത, പ്രതികാരം എന്നിവ കടന്നുകൂടാനും ഇടയാകുന്നു. സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാതെ വരുമ്പോള്‍ അറിവ് മാത്രമല്ല നഷ്ടമാകുന്നത്. മറ്റുള്ളവരോട് ഇടപെടുന്നതിനുള്ള അവസരം, തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനുമുള്ള അവസരം, അച്ചടക്കം, നല്ല പെരുമാറ്റം എന്നിവ ശീലിക്കാനുള്ള അവസരം ഇതെല്ലാം നഷ്ടമാകുന്നു. ചുരുക്കത്തില്‍ കുട്ടിയുടെ വ്യക്തിത്വവികാസവും സാംസ്കാരിക മുന്നേറ്റവും ഇല്ലാതായി എന്നുതന്നെ പറയാം.
കുടുംബ സംരംഭങ്ങളില്‍ ജോലി ചെയ്യാം
പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികളെ കുടുംബസംരംഭങ്ങളിലും ഓഡിയോ -വിഷ്വല്‍ വിനോദ വ്യവസായരംഗത്തും ജോലിചെയ്യാന്‍ അനുവദിക്കുന്ന ബാലവേല നിരോധന നിയമഭേദഗതിബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്ന തരത്തില്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ ജോലിചെയ്യുന്നത് സ്കൂള്‍സമയത്തിന് ശേഷമോ അവധിക്കാലത്തോ ആകണം. കൃഷി, കരകൗശല മെഖലകളില്‍ ഉപജീവനം കണ്ടെത്തുന്ന ഭവനങ്ങളിലെ കുട്ടികള്‍ മാതാപിതാക്കളെ സഹായിക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചത്. കുട്ടികള്‍ തൊഴിലിന്റെ മാഹാത്മ്യം കുടുംബങ്ങളില്‍നിന്നു തന്നെ അഭ്യസിക്കുന്നത് ഉചിതമാണ്. അതേസമയം കുടുംബസംരംഭമായാലും സര്‍ക്കസ് മേഖല, പടക്കനിര്‍മ്മാണ മേഖല എന്നിവിടങ്ങളില്‍ പണിയെടുക്കുന്നതിന് വിലക്കുണ്ട്. നിയമം ലംഘിക്കുന്ന തൊഴിലുടമയുടെ ആദ്യകുറ്റത്തിന് 20,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തി. തൊഴിലുടമകള്‍ ഒന്നിലധികംതവണ നിയമം ലംഘിച്ചാല്‍ 1 മുതല്‍ 3 വര്‍ഷംവരെ തടവുലഭിക്കും. മാതാപിതാക്കള്‍ ഒന്നിലധികംതവണ നിയമലംഘനം നടത്തിയാല്‍ 10,000 രൂപ പിഴ ശിക്ഷിക്കും.
നിയമങ്ങള്‍ പാസ്സായാലും മനുഷ്യന്റെ മനസ്സ് അത് അംഗീകരിക്കണം. നിയമങ്ങള്‍ക്കു ജീവനില്ല, ചിന്താശക്തിയില്ല. മനുഷ്യ മനസ്സിനതുണ്ട്. അവിടെ കുട്ടികള്‍ക്ക് ഒരു പരിഗണന ലഭിക്കാന്‍ ശക്തമായ നിയമനടപടികള്‍ക്കു സാധിക്കുമെങ്കില്‍ അതായിരിക്കും ഈ നിയമങ്ങളുടെ യഥാര്‍ഥ നേട്ടം. കുട്ടികളുടെ മുഖത്തെ പുഞ്ചിരി അന്നുവിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: