തീന്മേശയില് മത്സ്യവിഭവങ്ങളുടെ രുചി ആസ്വദിക്കുമ്പോള്‍ നമ്മള് ചിന്തിക്കാറില്ല ഇതിനുപിന്നില്‍ ഒരു മനുഷ്യസമൂഹത്തിന്റെ അധ്വാനവും വിയര്‍പ്പും കണ്ണീരുമുണ്ടെന്ന്. മഴക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുകയും ദുരന്തങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന വിഭാഗമാണ് മത്സ്യതൊഴിലാളികള്‍. മത്സ്യബന്ധനത്തിലൂടെയും കയറ്റുമതിയിലൂടെയും രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് കാരണക്കാരായ ഈ വിഭാഗത്തെ കേരളം മാറിമാറി ഭരിക്കുന്ന ഇടതുവലതു സര്‍ക്കാരുകള്‍ അവഗണിച്ചിട്ടേയുള്ളു. വോട്ടുബാങ്ക് എന്നതിനപ്പുറം അവരെ മനുഷ്യരായിപോലും കരുതാതെ അവഗണനയുടെ നടുക്കടലില്‍ തള്ളുകയാണ് അധികാരിവര്‍ഗം.
കാലവര്‍ഷം ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ സങ്കടക്കടലിലാണ്. മത്സ്യങ്ങളുടെ പ്രജനനസമയമായതിനാല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നുകഴിഞ്ഞു. മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിന് ഈ കാലയളവില്‍ പൂര്‍ണനിരോധനമുണ്ട്. കേരളത്തിലെ ഓരോജില്ലയിലും 200 മുതല്‍ 500വരെ മോട്ടോര്‍ ബോട്ടുകളുണ്ട്. ഡ്രൈവര്‍മാരടക്കം ഒരു ബോട്ടില്‍ ഏഴുമുതല്‍ 10 വരെ ജീവനക്കാരുമുണ്ടാകും. ഇവരെ ആശ്രയിച്ച് കുടുംബാംഗങ്ങളും. കടലാക്രമണം രൂക്ഷമായതിനാല്‍ ചെറുവള്ളങ്ങള്‍ക്ക് പോലും കടലിലിറങ്ങാനാവുന്നില്ല. ട്രോളിംഗ് നിരോധനം പിന്‍വലിക്കപ്പെട്ടാലും കടല്‍ക്ഷോഭവും മഴക്കാലവും കടലോരവാസികള്‍ക്ക് വിലങ്ങുതടിയായി നില്ക്കുന്നു. നിരോധനകാലത്ത് കേരളസര്‍ക്കാര്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കാറുള്ള പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് സൗജന്യറേഷനാണ്. എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ സൗജന്യറേഷനരി എല്ലാ കടലോരകുടുംബങ്ങള്ക്കും നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സൗജന്യറേഷന് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ആദ്യം പേരിനുമാത്രം കിട്ടും. പിന്നെ മുടങ്ങും. ഇത്തവണയും മാറ്റമൊന്നും വന്നിട്ടില്ല. സാമ്പത്തികസഹായം നല്‍കുമെന്ന ഉറപ്പും ലംഘിക്കപ്പെടുന്നു. കടല്‍ രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന സമയത്തും മുന്നറിയിപ്പ് വകവെക്കാതെ മീന്‍പിടിക്കാന്‍ പോകുന്നവര്‍ ഏറെയുണ്ട്. ഗതികേടും പട്ടിണിയുമാണ് ഇത്തരം സാഹസത്തിന് അവരെ നിര്‍ബന്ധിതരാക്കുന്നത്. താന്‍ പട്ടിണികിടന്നാലും കുടുംബം കഷ്ടപ്പെടരുതെന്ന ചിന്തയില്‍ ജീവന് പണയംവെച്ച് അവര്‍ തോണിയിറക്കുന്നു. എത്രയോ പേര്‍ക്കാണ് ഇക്കാരണത്താല്‍ ജീവന് നഷ്ടമായത്! സര്‍ക്കാറിന്റെ അനാസ്ഥ തന്നെയാണ് ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നത്.
കേരളത്തില്‍ സമീപകാലത്തുണ്ടായ മഹാപ്രളയത്തില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ ജീവനുവേണ്ടി മല്ലിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് മത്സ്യതൊഴിലാളികളാണ്. സ്വന്തം ജീവന്‍പോലും പണയംവച്ച് സമാനതയില്ലാത്ത സേവനമാണ് ഈ വിഭാഗം നടത്തിയത്. കേരളത്തിന്റെ സൈന്യം എന്ന വിശേഷണംപോലും അവര്‍ക്ക് വന്നുചേര്‍ന്നത് അങ്ങനെയാണ്. പകരം, വാക്കുകൊണ്ട് സുഖിപ്പിക്കുന്നതല്ലാതെ പ്രവര്‍ത്തിയില്‍ അവര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ക്രിയാത്മകമായ പദ്ധതികളോ നടപടികളോ ഇല്ല. കൂടുതല്‍ കഷ്ടതകള്‍ വരുത്തുന്ന നയങ്ങളുമായി മുന്നോട്ടുപോകുന്നുമുണ്ട്. പാവപ്പെട്ട എത്രയോ തൊഴിലാളികളെ സൗജന്യറേഷന്റെ പരിധിയില്‍നിന്ന് പുറത്താക്കി. 170 ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ കിട്ടുന്നത് 40 ലിറ്റര്‍ മാത്രം. കടലാക്രമണത്തിനൊപ്പംതന്നെ കടല്‍സമ്പത്തു ഗണ്യമായി കുറഞ്ഞതിന്റെ പേരിലും പ്രതിസന്ധി നേരിടുന്ന മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാറിന്റെ ഈ അവഗണന താങ്ങാനാകാത്തതാണ്.
തീരപരിപാലന നിയമത്തിന്റെ പേരുപറഞ്ഞ് തീരദേശവാസികളുടെ ഭവനപദ്ധതിതന്നെ നിര്‍ത്തലാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇക്കാരണത്താല്‍ വീടുകള്‍ ലഭിക്കാതെ പോകുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന സമ്പാദ്യാശ്വാസ പദ്ധതിയും മുടങ്ങി. മത്സ്യതൊഴിലാളികള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍പോലും വെട്ടിക്കുറച്ചവര്‍ രക്ഷകവേഷം കെട്ടുന്നത് പരിഹാസ്യമാണ്. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്ഷന് വാങ്ങുന്നവര്‍ മറ്റ് സാമൂഹികാനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലെന്ന നിലപാടാണ് ഇടതുസര്‍ക്കാരിന്റേത്. 60 വയസുകഴിഞ്ഞ മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന പെന്ഷന് നിര്‍ത്തലാക്കിയത് തികഞ്ഞ വഞ്ചനയല്ലാതെ മറ്റെന്താണ്?
മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷന്‍ഫീസ് വര്‍ധിപ്പിക്കാനും ഈ സര്‍ക്കാറിന് യാതൊരു മനസാക്ഷിക്കുത്തുമുണ്ടായില്ല. 160 രൂപയില്‍നിന്ന് ഒറ്റയടിക്കാണ് 2600 രൂപയായി ഫീസ് ഉയര്‍ത്തിയത്. കേരള മറൈന്‍ ഫിഷറീസ് ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് പറഞ്ഞ് നിര്‍ധന മത്സ്യതൊഴിലാളികളില്‍നിന്ന് രണ്ടുമുതല്‍ മൂന്നുലക്ഷംവരെ പിഴ ഈടാക്കുകയും ചെയ്യുന്നു. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് കടലിലിറങ്ങാന്‍ എല്ലാവര്‍ഷവും അരലക്ഷം രൂപയും ഈടാക്കാന്‍ അധികാരികള്‍ വാശിയോടെ രംഗത്തിറങ്ങുന്നു. കടലാക്രമണം കാരണം തീരമൊഴിഞ്ഞ് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയേണ്ടിവരുന്ന കുടുംബങ്ങളുടെ ദുരിതങ്ങള്ക്കുനേരെയും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടിയെന്നുപറഞ്ഞ് നീക്കിവെക്കുന്ന കോടികള്‍ യഥാര്‍ഥത്തില്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ല. ഇതിനുപിറകില്‍ വന്‍ അഴിമതികളാണ് നടക്കുന്നത്.
കടല്‍ക്ഷോഭത്തില്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറി നാശംവിതറും. ഫലവൃക്ഷങ്ങളും വീടുകളും തകര്‍ക്കും. കരയിടിച്ചിലും രൂക്ഷമാകുന്നു. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ തീരദേശത്തെ നൂറുകണക്കിന് വീടുകളാണ് തകര്‍ന്നടിഞ്ഞത്. കടലേറ്റം ചെറുക്കാന്‍ കെല്‍പ്പുള്ള സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഫണ്ട് മുക്കാന്വേണ്ടിയുള്ള തട്ടിക്കൂട്ട് ഭിത്തികളാണ് നാളിതുവരെ നിര്‍മിച്ചത്. കുറേ കല്ലുകള്‍ പെറുക്കിവെച്ചുള്ള ദുര്‍ബലമായ ഭിത്തികള്‍. മിക്കതും ആദ്യത്തെ തിരമാലയ്ക്കുതന്നെ ഛിന്നഭിന്നമായി. കടലാക്രമണം ഒരു പ്രതിഭാസമായതിനാല്‍ അത് ഇല്ലാതാക്കല്‍ സാധ്യമല്ല. സുരക്ഷാനടപടികളാണ് വേണ്ടത്.
ബാങ്കുകളില്‍നിന്നും സഹകരണസംഘങ്ങളില്‍നിന്നും വായ്പ വാങ്ങിയാണ് ഭൂരിഭാഗം മത്സ്യതൊഴിലാളികളും വീട് നിര്‍മ്മിക്കുന്നത്. വള്ളങ്ങളും വലകളും മറ്റ് ഉപകരണങ്ങളും വായ്പയെടുത്ത് വാങ്ങുന്നവര്‍ ഏറെയാണ്. കടല്‍ക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെടുമ്പോള്‍ ഇവരുടെ വായ്പാതിരിച്ചടവും മുടങ്ങുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസ പദ്ധതികളൊന്നും ഇവര്‍ക്ക് രക്ഷയാകുന്നില്ല. കടലോരങ്ങള്‍ കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും സജീവമാണ്. കടുത്ത സാമ്പത്തിക ചൂഷണങ്ങള്‍ക്കാണ് മത്സ്യതൊഴിലാളികുടുംബങ്ങള്‍ ഇരകളാകുന്നത്.
സുനാമിയുടേയും ഓഖിയുടേയും കെടുതികളില്‍നിന്ന് മിക്ക കുടുംബങ്ങളും മോചിതമായിട്ടില്ല. പുനരധിവാസം പൂര്‍ണമായ തോതില്‍ യാഥാര്‍ഥ്യമായിട്ടില്ല. സുനാമി ഫണ്ടില്‍ വീടുകളുടെ നിര്‍മ്മാണത്തിനായി നീക്കിവെച്ച കോടികള്‍ വകമാറ്റിയതു സംബന്ധിച്ച് ഏറെ വിവാദങ്ങളാണ് ഉയര്‍ന്നത്. വീട് കിട്ടിയില്ലെന്ന പരാതികള്‍ നിലനില്ക്കുന്നു. ഓഖി ദുരന്തത്തിന് ഇരകളായവരുടെ അവസ്ഥയും ഇതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: