Categories: Kerala

ഫ്രാങ്കോ കാര്‍ട്ടൂണ്‍; സര്‍ക്കാരിനെ തള്ളി അക്കാദമി അവാര്‍ഡില്‍ മാറ്റമില്ല

തൃശൂര്‍: വിവാദമായ കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് ലളിതകലാ അക്കാദമി. കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ ആവശ്യം അക്കാദമി തള്ളി. തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗവും ജനറല്‍ കൗണ്‍സിലും ഏകകണ്ഠമായാണ് കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനഃപരിശോധിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഭരണഘടനാപരമായ ലംഘനമുണ്ടെങ്കില്‍ നിയമോപദേശം തേടുമെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു.

അക്കാദമിയുടെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. മതവിഭാഗങ്ങളെ വേദനിപ്പിക്കുന്ന തരത്തിലാണോകാര്‍ട്ടൂണെന്ന് നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തും. പ്രഗത്ഭരായ വിധികര്‍ത്താക്കളാണ് അവാര്‍ഡ് തീരുമാനിച്ചത്. ജൂറി തീരുമാനം അന്തിമമായിരിക്കുമെന്നും അക്കാദമി ചെയര്‍മാന്‍ പറഞ്ഞു. 

ജൂറി തീരുമാനം അന്തിമമാണ്. അത് ആദരവോടെ അംഗീകരിക്കുന്നു. കാര്‍ട്ടൂണില്‍ മതവികാരം വ്രണപ്പെടേണ്ടതായി ഒന്നും കണ്ടില്ലെന്നും നേമം പുഷ്പരാജ് കൂട്ടിച്ചേര്‍ത്തു. ആദ്യ റൗണ്ട് സെലക്ഷന്‍ തന്നെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളാണ് നടത്തിയത്. ഫൈനല്‍ റൗണ്ട് സെലക്ഷന്‍ നടത്തിയത് കെ.എസ്. രാധാകൃഷ്ണന്‍, എസ്.ജെ. വാസുദേവ്, സുരേന്ദ്രന്‍ നായര്‍ എന്നിവരാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് സ്വീകാര്യമായ സെലക്ഷനാണ് ഇത്തവണ നടത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അക്കാദമി നിലകൊള്ളുന്നത്. 

പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചിത്രീകരിക്കുന്ന കെ.കെ. സുഭാഷിന്റെ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് കെസിബിസി വിവാദമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുനഃപരിശോധനാ ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രാഥമികമായി വിലയിരുത്തിയ ശേഷമാണ് പുനഃപരിശോധന വേണ്ടെന്ന് നിലപാടിലെത്തിയത്. ദിവ്യന്മാരുടെ കൈയിലിരിക്കുമ്പോള്‍ മാത്രമേ അംശവടിക്ക് ദിവ്യത്വമുണ്ടാകൂ, ഫ്രാങ്കോയുടെ കൈയിലിരിക്കുമ്പോള്‍ ദിവ്യത്വമുണ്ടാകില്ലെന്നും ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക