ന്യൂദല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിയാത്മകമായ പ്രതിപക്ഷത്തിന് പ്രധാന സ്ഥാനമാണ് ജനാധിപത്യത്തില്‍ ഉള്ളതെന്നും പാര്‍ലമെന്റില്‍ അംഗങ്ങള്‍ കുറവാണെന്നതില്‍ അവര്‍ക്ക് ആശങ്ക വേണ്ടെന്നും മോദി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനും പാര്‍ലമെന്റ് നടപടികളില്‍ കാര്യക്ഷമമായി ഇടപെടാനും പ്രതിപക്ഷത്തിന് കഴിയണം. അവരുടെ ഓരോ വാക്കും അര്‍ഹിക്കുന്ന ഗൗരവത്തില്‍ സര്‍ക്കാര്‍ പരിഗണിക്കും. ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണം.
രാജ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഭരണപക്ഷം, പ്രതിപക്ഷം എന്നിങ്ങനെയില്ല. രാജ്യതാല്‍പ്പര്യമെന്ന വിശാല കാഴ്ചപ്പാടിലൂന്നി നിഷ്പക്ഷമായാണ് വിഷയങ്ങളെ സമീപിക്കേണ്ടത്. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് എന്റെ അനുഭവം. ജനങ്ങളുടെ പുതിയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും തുടക്കമാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഇത്രധികം വനിതകള്‍ പാര്‍ലമെന്റിലെത്തുന്നത്. ഏറെക്കാലത്തിന് ശേഷമാണ് രാജ്യം കൃത്യമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
എംപിമാരുടെ സത്യപ്രതിജ്ഞയോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നലെ തുടക്കമായി. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉള്‍പ്പെടെ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ വീരേന്ദ്ര കുമാറാണ് ആദ്യ രണ്ട് ദിവസത്തെ നടപടികള്‍ നിയന്ത്രിച്ചത്. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 20ന് രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ജൂലൈ അഞ്ചിന് ബജറ്റ് അവതരിപ്പിക്കും. ലോക്സഭയ്ക്ക് 30 സിറ്റിങ്ങും രാജ്യസഭക്ക് 27 സിറ്റിങ്ങുമാണ് ഈ സമ്മേളനത്തിലുണ്ടാവുക. മുത്തലാഖ് ബില്‍ ഉള്‍പ്പെടെയുള്ളവ പരിഗണിക്കും. ജൂലൈ 26ന് സമ്മേളനം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: