ന്യൂദല്‍ഹി: എംപിമാരുടെ സത്യപ്രതിജ്ഞയില്‍ തിളങ്ങിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ രാഹുലിനെ തറപറ്റിച്ച സ്മൃതിക്കാണ് ഏറ്റവുമധികം കൈയടി ലഭിച്ചത്.
ബംഗാളില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ ബാബുല്‍ സുപ്രിയോ, ദേബശ്രീ ചൗധരി എന്നിവരെ ബിജെപി അംഗങ്ങള്‍ ജയ് ശ്രീരാം മുഴക്കി സ്വീകരിച്ചതും വ്യത്യസ്ത അനുഭവമായി. ജയ് ശ്രീരാം വിളിച്ചതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ശശി തരൂര്‍ ഒഴികെ കേരളത്തില്‍നിന്നുള്ള മുഴുവന്‍ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു. ക്രിക്കറ്റ് ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടിലായതിനാലാണ് തരൂര്‍ ഒഴിവായത്. ലണ്ടനില്‍ വിനോദയാത്രയിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു.
ഹിന്ദിയിലും ഇംഗ്ലീഷിലും മാതൃഭാഷകളിലും സത്യപ്രതിജ്ഞ നടന്നു. ഇന്ത്യയുടെ ഭാഷാ വൈവിധ്യം ചടങ്ങില്‍ നിറഞ്ഞുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിലും കേന്ദ്ര മന്ത്രിമാരായ ഹര്‍ഷ് വര്ദ്ധന്, അശ്വിനി കുമാര്‍ ചൗബെ, പ്രതാപ് ചന്ദ്ര സാംരഗി എന്നിവര്‍ സംസ്കൃതത്തിലും സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കശ്മീരില്‍നിന്നുള്ള മന്ത്രി ജിതേന്ദ്ര സിംഗ് മാതൃഭാഷയായ ദോഗ്രിയിലും ഹര്‍സിമ്രത് കൗര്‍ പഞ്ചാബിയിലും ശിവസേനാ എംപി അരവിന്ദ് സാവന്ത് മറാത്തിയിലും യശോനായിക് കൊങ്കണിയിലും ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാണി സിന്ധിയിലും സത്യവാചകം ചൊല്ലി.
രാവിലെ രാഷ്ട്രപതി ഭവനില്‍ പ്രോടെം സ്പീക്കറായി വീരേന്ദ്ര കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് പാര്‍ലമെന്റില്‍ പ്രോടെം സ്പീക്കര്‍ എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 20ന് പ്രധാനമന്ത്രി മുഴുവന്‍ അംഗങ്ങളെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: