ട്രെയിനിറങ്ങി ഓട്ടോയില്‍ വീട്ടില്‍ എത്തിയപ്പോള്‍ വെളുപ്പിന് അഞ്ചര മണിയായിരുന്നു. പ്രളയകാലത്ത് ബാംഗ്ലൂരില്‍ മകളുടെ അടുത്തായിരുന്നതുകൊണ്ട് ദുരിതങ്ങള്‍ നേരിട്ട് ബാധിച്ചില്ല. ഓട്ടോയില്‍ നിന്നിറങ്ങി ഭാര്യ ബാഗില്‍നിന്നും താക്കോ്വലെടുത്ത് ഗെയ്റ്റ് തുറക്കാന്‍ അടുത്തപ്പോഴാണ് ഒരു മുരളിച്ച കേട്ടത്. പ്രളയത്തില്‍ ഉടമസ്ഥനെ നഷ്ടപ്പെട്ട് അഭയം തേടി എത്തിയിരിക്കുകയാണ് ഒരു നായ. മിടുക്കന്. പക്ഷേ വീട്ടുടമസ്ഥരായ ഞങ്ങള്‍ സ്വന്തം വീട്ടുപടി തുറക്കുന്നതില്‍ പ്രതിഷേധിക്കാന്‍ ഇവനാരാണ്?
വീടും പരിസരവും വൃത്തിയാക്കി പൂര്വ്വസ്ഥിതിയിലാക്കിയെടുക്കുവാന് രണ്ടു ദിവസമെടുത്തു. കഥാനായകന് നായ ഇപ്പോഴും ഗെയ്റ്റിനു പുറത്ത് കാവല്‍ കിടപ്പുണ്ട്. ഞാന്‍ ഗെയ്റ്റ് തുറന്ന് പുറത്തുകടക്കുമ്പോള്‍ വാലുമടക്കി വിധേയത്വം പ്രകടിപ്പിച്ച് മാറിനില്‍ക്കും. തിരിച്ചുവരുമ്പോഴും കിടക്കുന്ന സ്ഥലത്തുനിന്ന് എണീറ്റ് വിധേയത്വം കാണിച്ച് മാറിനില്‍ക്കും. ആദ്യത്തെ ദിവസം എന്നെ ഒന്നു വിരട്ടി നോക്കാന്‍ വേണ്ടി മുരണ്ടതാവാം. ഒരാഴ്ചകൊണ്ട് ഞങ്ങള്‍ സുഹൃത്തുക്കളായി.
ഇവന് ഒരു പേരിടണമല്ലോയെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ഇന്ത്യയെ മുന്നൂറോളം വര്‍ഷം അധീനപ്പെടുത്തി സമ്പത്തുക്കള്‍ കടത്തിയതും, രാജ്യത്തെ എല്ലാ മോഷ്ടാക്കള്‍ക്കും അഭയസ്ഥാനം നല്‍കുന്നതുമായ ഇംഗ്ലണ്ടിലെ പുതിയ തലമുറയിലെ രാജകുമാരന്റെ പേരുതന്നെയിരിക്കട്ടെ എന്നു കരുതി ഹാരി എന്ന പേര് നല്‍കാമെന്ന് വിചാരിച്ചു. മധുരമായ ഒരു പ്രതികാരം ഇങ്ങനെയുമാവാമല്ലോ.
ഞങ്ങളും ഹാരിയുമായുള്ള കൂട്ടുകെട്ട് ഗെയ്റ്റിന് അകത്തും പുറത്തുമായുള്ള അകല്‍ച്ചയില്‍ തുടര്‍ന്നു. രാവിലെ എണീറ്റ് കുളിച്ച് തുളസിത്തറയില്‍ തിരിവയ്ക്കുന്ന ആചാരം ഞങ്ങളുടെ തറവാട്ടില്‍ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളും അത് പിന്തുടര്ന്നു. ഭാര്യയോ ഞാനോ തിരിയുമായി തുളസിത്തറ ഭാഗത്തേക്ക് പോകുന്നത് ഹാരിക്കു ഗെയ്റ്റിന്റെ അഴികള്ക്കുള്ളില്ക്കൂടി കാണാം. സ്ഥിരം ശയനപ്രേമിയായ ഹാരി ആദ്യമൊക്കെ വിളക്ക് കാണുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നതെല്ലാം അഴികള്‍ക്കിടയിലൂടെ സസൂക്ഷ്മം നിരീക്ഷിച്ചുപോന്നു.
ഇതിനിടെ ഹാരിയില്‍ വന്ന മാറ്റങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. വെളുപ്പിന് തുളസിത്തറയില്‍ വിളക്കുവയ്ക്കാന്‍ ഞാന്‍ അല്ലെങ്കില്‍ ഭാര്യ ഉമ്മറവാതില്‍ തുറന്നു വരുമ്പോള്‍ ഗെയ്റ്റിന് പുറത്ത് പില്ലറും ചാരിക്കിടക്കാറുള്ള ഹാരി എണീറ്റ് മാറിക്കളയും. ഞങ്ങളുടെ ആചാരങ്ങളെ ഒട്ടും പിടിക്കുന്നില്ലായിരിക്കാം. വിളക്കെല്ലാം വച്ച് തിരിച്ചുവന്ന് ഉമ്മറവാതില്‍ അടയ്ക്കുമ്പോള്‍ ഹാരി പഴയ സ്ഥലത്ത് വന്നു കിടക്കും. ഇത് പതിവായി.
ഒരു ദിവസം പതിവുപോലെ ഭാര്യ തുളസിത്തയില് തിരിവച്ച് അകത്തേക്ക് പോയ സമയം ഞാന്‍ ഗെയ്റ്റ് തുറന്ന് പുറത്തു പോയി. ഗെയ്റ്റ് ശരിയായി അടയ്ക്കാന്‍ മറന്നുപോയി എന്നാണ് തോന്നുന്നത്. കടയില്‍നിന്ന് ഞാന്‍ പാലുമായി തിരിച്ചുവരുമ്പോള്‍ ഹാരി തുളസിത്തറയുടെ ഭാഗത്തുനിന്നും വരുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ പകച്ച് ഒന്നുനിന്നു. എന്നിട്ട് തുളസിത്തറയുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. പിന്നെ എന്റെ മുഖത്തേക്കും. ഇന്നത്തെ പ്രാഥമികാവശ്യങ്ങള്‍ ഹാരി അവിടെത്തന്നെ നടത്തിയിരിക്കുന്നു. സ്വന്തം തീര്‍ത്ഥം തളിച്ച് തുളസിത്തറയുടെ ഒരു ഭാഗത്ത് പ്രതിഷ്ഠിച്ചു വച്ചിരിക്കുന്ന ആവിപറക്കുന്ന അവന്റെ ആവിഷ്കാരത്തെ നോക്കി. പിന്നെ എന്റെ മുഖത്തും നോക്കി അഭിമാനപൂര്‍വ്വം വാലാട്ടി. എന്റെ ആചാരങ്ങളോടുള്ള വെല്ലുവിളിയാണോ?
ഒരു നിമിഷം എന്റെ നിയന്ത്രണം വിട്ടു. അടുത്ത് കല്ലുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ കാലില്‍ കിടന്ന ചെരിപ്പൂരി ഹാരിയുടെ മുഖത്തിട്ടുതന്നെ ഒരു തൊഴികൊടുത്തു. ഉടനെ പറയേണ്ട മലയാള വാക്കുകള്‍ ബ്രാന്‍ഡഡ് ആയതുകൊണ്ടും, ഹാരി ഇംഗ്ലീഷ് രാജകുമാരന്റെ പ്രതിനിധിയായതുകൊണ്ടും എല്ലാ ശക്തിയും ഉപയോഗിച്ച് ഞാന്‍ പറഞ്ഞു- ‘ഗെറ്റൗട്ട്.’ കരഞ്ഞുകൊണ്ട് ഹാരി ഗെയ്റ്റിന് പുറത്തേക്കോടി. കുറെ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്ന് ഗെയ്റ്റിന്റെ പില്ലറിനോട് ചേര്‍ന്നുള്ള സ്ഥിരം കിടപ്പിടത്തില്‍ കിടപ്പുറപ്പിച്ചു. കയ്യില്‍ ഒരു ബ്രെഡ് കഷ്ണവുമായി ഞാന്‍ ഗെയ്റ്റിനു വെളിയില്‍ വന്നു. ഞാന്‍ എല്ലാം മറന്നെന്ന് കരുതി ബ്രെഡ് സ്വീകരിക്കാന്‍ ഹാരി വാലാട്ടി നിന്നു. പിന്നില്‍ ഒളിപ്പിച്ചു വച്ചിരുന്ന വടിയെടുത്ത് ഹാരിക്ക് ശരിക്കും ഒന്നുകൊടുത്തു.
എന്നിട്ട് ഉറക്കെ പറഞ്ഞു. Certain customes are our way of life. Dog Harry, co-operation & co-existence are part of my culture, don’t take it as weakness.- കരഞ്ഞുകൊണ്ട് ഹാരി സ്ഥലംവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: