ചൊവ്വക്ക് കുഷ്ഠരോഗം പിടിപെട്ടപ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ വന്ന വൈദ്യനാണ് വൈദ്യനാഥ സ്വാമി. കാലാന്തരത്തില്‍ പറഞ്ഞു പറഞ്ഞ് വൈത്തീശ്വരനായി. ചൊവ്വയ്ക്ക് അങ്കാരകന് എന്നും ഒരു പര്യായമുണ്ട്. അതിനാല്‍ അങ്കാരകക്ഷേത്രം എന്നും അറിയപ്പെടുന്നു. ഈ സന്നിധിയില്‍ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ സകലരോഗശാന്തി എന്ന് വിശ്വാസം.
”അതുകൊണ്ടും കൂടിയാണ് വ്യാഴക്ഷേത്രം കഴിഞ്ഞ് നമ്മളങ്ങോട്ടു പോകുന്നത്…”
ഇതോടുകൂടി ഇന്നത്തെ നവഗ്രഹക്ഷേത്ര ദര്‍ശനം കഴിഞ്ഞുവെന്നും ബാക്കി ക്ഷേത്രങ്ങള്‍ അടുത്ത സൗഹാര്‍ദ്ദ യാത്രയില്‍ തീര്‍ക്കാമെന്നും ഗുരുനാഥന് കഴുത്തിലെ വിയര്‍പ്പു തുടച്ചു.
വേനല്‍ക്കാറ്റു വീശുന്നു. ആകാശം തുടുപ്പിലേക്ക് നീങ്ങിത്തുടങ്ങി. ദൂരെ വൈത്തീശ്വരന്‍ കോവിലിന്റെ ക്ഷേത്രഗോപുരം കണ്ടു. ചിലര്‍ ബസ്സില്‍നിന്നു തന്നെ കൈകളുയര്‍ത്തി തൊഴുതു.
”ശീര്കോഴി ഗോവിന്ദരാജന്‍ എന്നൊരു പാട്ടുകാരനെ കേട്ടിട്ടുണ്ടോ?”
രാമശേഷന് ആ ശബ്ദം ഓര്‍ത്തെടുത്തു. ക്ഷേത്രമണിയടിക്കുമ്പോള് കേള്‍ക്കാറുള്ള ‘ണിം’ നാദം. നിത്യവും കാലത്ത് ഗ്രാമക്കോവിലില് മുഴങ്ങാറുള്ള ആ ശബ്ദം കേട്ടാണ് തന്റെ കുട്ടിക്കാലം പുലര്‍ന്നത്.
ഇവിടെനിന്നും എട്ടു കിലോമീറ്റര്‍ ചെന്നാല്‍ ശീര്‍കാഴി എന്ന ഗ്രാമം. അവിടെയാണ് അദ്ദേഹം ജനിച്ചത്.
നാഡീജ്യോത്സ്യന്മാരുടെ ബോര്‍ഡുകള്‍ വഴിയോരത്ത് കണ്ടപ്പോള്‍ ചിലരുടെയെല്ലാം മുഖത്ത് ഒരു ജിജ്ഞാസ.
”ഇന്നിനി അതിന് സമയമില്ല”, ഗുരുനാഥന് പറഞ്ഞു.
എല്ലാവര്ക്കും അതറിയാമായിരുന്നു. മണിക്കൂറുകള്‍, ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടി വരും, താളിയോല കിട്ടാന്‍. അത് വായിച്ചു കേട്ടാല്‍ ഒരു വേള മനസ്സ് അസ്വസ്ഥമാവും. വേലിയില്‍ കിടക്കുന്ന പാമ്പിനെ കഴുത്തില്‍ എടുത്തിടുന്നതെന്തിനെന്ന് ചിലര്‍ ആലോചിച്ചു. കാര്യങ്ങളറിഞ്ഞാല്‍ ഒരു മുന്നൊരുക്കം നല്ലതല്ലേ എന്നാണ് ചിലര്‍ ചിന്തിച്ചത്. ചിലരുടെ വിഷയം അതൊന്നുമായിരുന്നില്ല.
”ഇതില്‍ എത്രത്തോളം സത്യമുണ്ട്…?”
എന്തു സംശയങ്ങള്‍ക്കും നാവിന്തുമ്പില് മറുപടിയുള്ള ഗുരുനാഥന് ഒരു നിമിഷം എന്തോ ആലോചിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ചിലരുടെ അനുഭവം മറിച്ചാണ്. ഭൂതകാലം കൃത്യമാണെന്നും ഭാവിവായന അത്ര സൂക്ഷ്മമല്ലെന്നും ഭൂരിപക്ഷം അഭിപ്രായപ്പെടുന്നു.
”ഇതില്‍ എത്രത്തോളം ശാസ്ത്രീയതയുണ്ട് സാര്‍?”
രവിശങ്കറുടെ സംശയത്തിന് രാമശേഷന് നല്കിയ ഉത്തരം പണ്ട് സൗഹൃദയാത്രയില്‍ ഗുരുനാഥന് കുട്ടികള്‍ക്ക് നല്കിയ അതേ ഉത്തരമായിരുന്നു.
എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് അഗസ്ത്യര്‍, വസിഷ്ഠന് എന്നീ മുനികളാല്‍ എഴുതപ്പെട്ടതാണ് നമ്മുടെ ജീവിതം എന്നതാണ് അവരുടെ അവകാശവാദം. ലോകത്തിലെ കോടാനുകോടി ജനങ്ങളുടെ ജീവിതം എഴുതിവെയ്ക്കാന്‍ ഈ മുനിമാര്‍ക്ക് ഒരു ജന്മം പോരാ. കാലം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. രണ്ടായിരം കൊല്ലം മുമ്പ് ഒരെഴുത്താണിക്ക് മുന്നിലിരുന്ന് വിഭാവനം ചെയ്യാന്‍ കഴിയാത്ത മാറ്റങ്ങളിലേക്ക്. അതിനാല്‍ ഈ ഓലവായനയില് നിശ്ചയമായും ഒരയുക്തിയുണ്ട്.
”പിന്നെങ്ങനെ അച്ഛന്റേയും അമ്മയുടേയും ഭാര്യയുടേയും എല്ലാം പേര് കൃത്യമായി ഒത്തുവരുന്നു?”
വൈത്തീശ്വരന്‍ കോവില്‍ മുറ്റത്ത് ജനിച്ചുവളര്‍ന്ന മുത്തുക്കുമരനാണ് അതിന് മറുപടി പറഞ്ഞത്.
”ആദ്യാക്ഷരങ്ങളില്‍ നിന്നും നമ്മെക്കൊണ്ടുതന്നെ അതു പറയിക്കാനുള്ള മിടുക്കാണ് ഇതിന്റെ ട്രേഡ് സീക്രട്ട്…”
നമ്മളോടു ചോദിക്കുന്നു: ”അച്ഛന്റെ പേരു തുടങ്ങുന്നത് ‘ക’ എന്ന അക്ഷരത്തിലാണോ? സ, ച, പ എന്നീ അക്ഷരങ്ങളിലാണോ? ആണെന്ന് ഉത്തരം കിട്ടിയാല്‍ പേര് രണ്ടക്ഷരമാണോ, മൂന്നക്ഷരമാണോ, അഞ്ചക്ഷരമാണോ എന്നന്വേഷണം… ശിവന്റെ പര്യായമാണോ വിഷ്ണുവിന്റെ പര്യായമാണോ എന്ന് നോണ്ടിനോക്കല്… അങ്ങനെ നോണ്ടി നോണ്ടി നമ്മില്‍നിന്നു തന്നെ പേരു വരുത്തുന്നു. ഇതില്‍ പ്രത്യേക പ്രാവീണ്യം നേടിയവരാണവര്‍…”
മുത്തുക്കുമരന്റെ തുറന്നുപറച്ചില്‍ കേട്ട് എല്ലാവരും ഒന്നു ഞെട്ടി.
ഗുരുനാഥന് ഒന്നും മിണ്ടിയില്ല.
രാമശേഷന് സ്വയം ചോദിക്കുകയായിരുന്നു. അമ്പലക്കുളത്തിലെ അച്ഛന്റെ മുങ്ങിമരണം പിന്നെയെങ്ങനെ ഇത്ര കൃത്യമായി വായിക്കപ്പെട്ടു?
”അങ്ങനെ വായിച്ചിട്ടുണ്ടെങ്കില്‍ അതൊരദ്ഭുതമാണ്”, മുത്തുക്കുമരന് ആശ്ചര്യം പ്രകടിപ്പിച്ചു.
”അതെങ്ങനെയായിരിക്കാം? നിശ്ചയമായും മാജിക്കാവാന് തരമില്ലല്ലോ…”
രാമശേഷന് അയാളുടെ മുനയൊടിക്കാന്‍ ഒരു പരിശ്രമം നടത്തി.
അതിന്റെ ഒരു സാധ്യത മുത്തുക്കുമരന് ഗുരുനാഥനുമായി പങ്കുവച്ചു. നമ്മുടെ ജനന തീയതി ചോദിക്കുന്നുണ്ടല്ലോ. ഇതില്‍നിന്ന് നക്ഷത്രവും ചന്ദ്രലഗ്നവും കിട്ടുന്നു. രാത്രിയാണോ പകലാണോ ജനനം എന്നു ചോദിക്കുന്നുണ്ട്. ഇതുവെച്ച് ഒരു സാമാന്യ ജന്മലഗ്നം കിട്ടുന്നു. രണ്ടിന്റേയും പിതൃസ്ഥാനം ചിന്തിക്കുന്നു. അതിന്റെ ആയുര്‍ഭാവം ചിന്തിക്കുന്നു. ആ ഭാവം ജലരാശിയാണെങ്കില് അച്ഛന്റെ മരണത്തിന് ജലവുമായുള്ള ബന്ധം ചിന്തിച്ചുകൂടെ? ഇത്രയുമായിക്കഴിഞ്ഞാല്‍ നമ്മളില്‍നിന്നും നേരത്തേ പറഞ്ഞ മാന്തി മാന്തി എടുക്കലുണ്ടല്ലോ… അതാണ് സംഗതി..
ഇടയ്ക്കിടയ്ക്ക് എന്തോ എടുക്കാനെന്ന മട്ടില്‍ എഴുന്നേറ്റ് മറ്റൊരു മുറിയിലേക്ക് പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ ജ്യോതിഷ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുണ്ട്. ജനന തീയതിയും സ്ഥലവും കൊടുത്താല്‍ കുറച്ചൊക്കെ അതില്‍നിന്നു കിട്ടും.
”കമ്പ്യൂട്ടറില്ലാതിരുന്ന കാലത്തോ?”
”പഞ്ചാംഗം… ജനനത്തീയതി കിട്ടിയാല്‍ പഞ്ചാംഗത്തില്‍ നിന്നും നക്ഷത്രം കണ്ടുപിടിച്ചൂടെ?”
”അപ്പോള്‍ ഇത് തട്ടിപ്പാണെന്നാണോ മുത്തുക്കുമരന് പറയുന്നത്…”
”തട്ടിപ്പാണെന്ന് ഞാന്‍ തീര്‍ത്തും പറഞ്ഞില്ല… അതിനുള്ള സാധ്യതയെപ്പറ്റി ചിന്തിക്കുന്നു എന്നുമാത്രം…”
മറ്റൊരു കാര്യം കൂടി അയാള്‍ ശ്രദ്ധയില്‍കൊണ്ടുവന്നു. അവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാവുന്നില്ലെങ്കില്‍ നിങ്ങളുടെ ഓല ഇവിടെയില്ല, മറ്റെവിടെയെങ്കിലും കാണും എന്നാണ് പറയാറ്…നോക്കിയിട്ടുണ്ടോ? ഇതാണ് ഏറ്റവും വലിയ വെരട്ട്.
മുത്തുക്കുമരന് പറയുന്നതില്‍ യുക്തിയുണ്ടെന്ന് ചിലര്‍ക്കെങ്കിലും തോന്നി. സൗഹൃദയാത്രയുടെ സമാപന നിമിഷത്തിലും വര്‍ഷങ്ങള്‍ക്കു മുമ്പ് ഓലയില്‍ വായിച്ച ആ സത്യം രാമശേഷനെ തൊയിരം കെടുത്തിക്കൊണ്ടിരുന്നു. അച്ഛന്റെ മുങ്ങിമരണം പിന്നെങ്ങനെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: