ഞ്ഞപ്പന്‍ കൊല്ലങ്കോടിനെ അനുസ്മരിക്കുമ്പോള്‍ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ ഏതുവശമാണ് എടുത്തു കാണിക്കേണ്ടതെന്ന് സംശയമുദിക്കുന്നു. നര്‍മ്മ കഥകളുടെ കര്‍ത്താവ്, ആശയഗാംഭീര്യമുള്ള കവിതകളുടെയും ദേശഭക്തി തുളുമ്പുന്ന ഒരു പിടി ഗണഗീതങ്ങളുടെയും രചയിതാവ്, ബഹുഭാഷാ പണ്ഡിതന്, പരിഭാഷകന്, ദക്ഷിണ റെയില്‍വേയില്‍ സീനിയര്‍ ഹിന്ദി ഓഫീസറായി രാഷ്ട്രഭാഷാ പ്രവീണനായ അദ്ധ്യാപകന് എന്നീ നിലകളില്‍ തിളങ്ങിയിരുന്നു ഡോക്ടര്‍ വി. കുഞ്ഞപ്പന്. കേസരി, ജന്മഭൂമി, കുരുക്ഷേത്ര പ്രകാശന് തുടങ്ങിയവയുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്.
സംഘത്തിന്റെ ഈ വര്‍ഷത്തെ സംഘശിക്ഷാവര്‍ഗ്ഗിലേക്ക് ഗണഗീതം എഴുതി നല്‍കുകയും അത് പ്രസിദ്ധീകരണത്തിനായി ‘കേസരി’യിലേക്ക് അയച്ചുകൊടുക്കുകയും ചെയ്ത കുഞ്ഞപ്പന് സാര്‍, അവസാനമായി പങ്കെടുത്ത പൊതുപരിപാടി തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന കാര്യാലയ നിധി സമര്‍പ്പണവുമായി ബന്ധപ്പെട്ട് പാലക്കാട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്റെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗമായിരുന്നു. ആ യോഗത്തില്‍ പാലക്കാട് ജില്ലയില്‍ തപസ്യ കലാസാഹിത്യവേദി തുടങ്ങുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ച് ഞാന്‍ അനുസ്മരിക്കുകയുണ്ടായി. തപസ്യയുമായി ബന്ധപ്പെട്ടാണ് ഞാനും കുഞ്ഞപ്പന് സാറുമായുള്ള നാലു പതിറ്റാണ്ടുകാലത്തെ ബന്ധം ആരംഭിക്കുന്നത്.
1940 ഏപ്രില്‍ 13 ന് കൊല്ലങ്കോട്ടായിരുന്നു കുഞ്ഞപ്പന് സാറിന്റെ ജനനം. പിതാവ് ഗോവിന്ദന് എഴുത്തച്ഛനും മാതാവ് പാറുക്കുട്ടിയമ്മയും. കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍, പഞ്ചാബ് സര്‍വകലാശാല, മൈസൂര്‍ സര്‍വകലാശാല, ജയ്പൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി. ഹിന്ദി (എംഎ) സംസ്കൃതം (കോവിദ്) ഡിപ്ലോമ ഇന്‍ ഹോമിയോപ്പതി എന്നിവയാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ജോലിക്കു ചേര്‍ന്ന അദ്ദേഹം ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍നിന്ന് സീനിയര്‍ രാജഭാഷാ അധികാരിയായി (ഹിന്ദി ഓഫീസര്‍)ട്ടാണ് വിരമിച്ചത്.
ചെറുപ്പത്തില്‍ത്തന്നെ ആര്‍എസ്എസുമായി പരിചയപ്പെട്ട കുഞ്ഞപ്പന് സാര്‍ കേസരി പത്രാധിപര്‍ എം.എ. കൃഷ്ണന് (എം.എ. സാര്‍), മഹാകവി കുഞ്ഞിരാമന് നായര്‍, മഹാകവി അക്കിത്തം തുടങ്ങിയവരുമായി സമ്പര്‍ക്കത്തില്‍ വന്നതിനെത്തുടര്‍ന്നാണ് തന്റെ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. ‘കേസരി’യില്‍ അദ്ദേഹം സ്ഥിര സാന്നിദ്ധ്യമായിരുന്നു.
എല്ലാ ഓണപ്പതിപ്പുകളും അദ്ദേഹത്തിന്റെ കവിതകളോടുകൂടിയാണ് പുറത്തിറങ്ങിയിരുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍ സമാഹരിച്ച് പുസ്തകരൂപത്തിലാക്കുന്നതില്‍ ആദ്യകാലത്ത് അദ്ദേഹം താല്‍പ്പര്യം കാണിക്കാതിരുന്നത് വലിയ നഷ്ടമായി. റിട്ടയര്‍മെന്റിനു ശേഷം ചില കവിതകള്‍ തേടിയെടുത്ത് അദ്ദേഹം ‘സംഘര്‍ഷത്തിന്റെ സംഗീതം’ എന്നൊരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കുകയുണ്ടായി. ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്ട് പ്രകാശിപ്പിച്ച ആ കൃതി കുഞ്ഞപ്പന് കവിതയുടെ ആഴവും പരപ്പും വെളിവാക്കുന്നുണ്ട്. അകത്തേത്തറ ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികള്‍ എന്ന നിലയില്‍ ഞങ്ങളില്‍ ചിലരുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം രചിച്ച ശ്രീഗോശാലാധീശ സുപ്രഭാതവും മറ്റു കവിതകളും അദ്ദേഹത്തിലെ ഭക്തകവിയെ കാട്ടിത്തരുന്നു. ‘കണ്ണനെ കരളാലെ തഴുകി, തന് ഹൃദന്തവും നവമല്ലിക കാര്‍വര്‍ണ്ണന്റെ പൊന്പദങ്ങളില് ചാര്‍ത്തി’ കവി സമര്‍പ്പിക്കുന്ന ആ സുപ്രഭാതം ആപാത മധുരമാണ്.
‘നിന്നാമമന്ത്രമുരുവിട്ടിഹ മന്ദവാതം
ആപാദഹൃദ്യമുരളീരവ ഘണ്ടനാദം
ഈശന് നിനക്കു ‘നവനീത’ഫലം നിവേദ്യം
ഗോശാലവാസി ഭഗവന്‍ തവ സുപ്രഭാതം’
‘ഉറിയിലെ വെണ്ണ വിളിച്ചിടുന്നു
ചിരിതൂകിപ്പാല്ക്കുടമാടിടുന്നു
ഇരുകയ്യാല്‍ കിങ്ങിണി പൊത്തിപ്പമ്മി
വരുമെന്റെ കണ്ണനു സുപ്രഭാതം’
എന്നിങ്ങനെ ‘ശ്രീവെങ്കിടേശ സുപ്രഭാത’ത്തെ വെല്ലുന്ന തരത്തിലാണ് അതിന്റെ രചന.
‘കണ്ണന്റെ വീട്ടിലാണെന്റെ ജോലി, അവന്
കണ്ണാലുഴിഞ്ഞാലതെന്റെ കൂലി’ എന്നാണ് കവിയുടെ കര്‍മ്മയോഗ സിദ്ധാന്തം.
‘ഉഷാകുമാരി, കൊല്ലങ്കോട്’ എന്ന തൂലികാ നാമത്തില്‍ എഴുതാന്‍ തുടങ്ങിയ കുഞ്ഞപ്പന് സാറിനെ സ്വന്തം പേരില്‍ എഴുതാന്‍ പ്രേരിപ്പിച്ചത് ഉറൂബ് ആയിരുന്നു. അദ്ദേഹത്തിന്റെ 51 ചെറുകഥകളുടെ സമാഹാരമായ ‘ഒറ്റയാള്‍ ജാഥ’ ഒരേ സമയം ആക്ഷേപഹാസ്യവും സമൂഹത്തിന്റെ പൊങ്ങച്ചങ്ങള്‍ക്കു നേരേ തിരിച്ചുപിടിച്ച കണ്ണാടിയുമാണ്. ആലംബഹീനവും ആശ്രയരഹിതവും അവഹേളനാനുഭവങ്ങളാല്‍ സമ്പന്നവുമായ ബാല്യകാലത്തോടുള്ള പ്രതികരണമായിരുന്നു കുഞ്ഞപ്പന് കൊല്ലങ്കോടിന്റെ സാഹിത്യയാത്ര. നിത്യ ജീവിതത്തിലെ വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളിലൂടെ വിദൂഷകന്റെ കൊടിപിടിച്ചുള്ള ഒരു തേരോട്ടമാണ് കഥാകൃത്തു നടത്തുന്നതെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ പി. വത്സല ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ഓട്ടം നിര്ത്താതിരിക്കട്ടെയെന്നും, കൊടിമാറ്റം നടത്താതിരിയ്ക്കട്ടെയെന്നും വത്സല ആശംസിക്കുന്നു.
അദ്ദേഹം ഒരിക്കലും കൊടിമാറ്റം നടത്തിയില്ല, ഓട്ടം നിര്‍ത്തിയതുമില്ല. നൂറ്റമ്പതിലേറെ കവിതകളും മുന്നൂറിലേറെ കഥകളും ഏതാനും ഏകാങ്കങ്ങളും ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍നിന്നുള്ള പത്തിലധികം വിവര്‍ത്തനങ്ങളും അദ്ദേഹത്തില്‍നിന്നു കൈരളിക്ക് കരഗതമായി. അവയില്‍ ഏറ്റവും എടുത്തു പറയാവുന്ന വിവര്‍ത്തനങ്ങള്‍ കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച ഗുരുജി സാഹിത്യ സര്‍വ്വസ്വവും (5-ാം സമ്പുടം) ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഠേംഗ്ഡിജി വാങ്മയത്തിന്റെ ഒരു സമ്പുടവുമാണ്.
തപസ്യ കലാസാഹിത്യവേദിയുടെ പാലക്കാട്ടെ തുടക്കക്കാരന് കുഞ്ഞപ്പന് സാറായിരുന്നു. ഇടതുപക്ഷക്കാരായ അനുയായികളില്‍ പലരും തപസ്യയുടെ നിറം മനസ്സിലാക്കി പിന്തിരിഞ്ഞുപോയപ്പോഴും അദ്ദേഹം തന്റെ നിലപാടുതറയില്‍ ഉറച്ചുനില്‍ക്കുകയും, അതിനെ വിശാലമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്പില് ആദരാഞ്ജലിഅര്‍പ്പിക്കുന്നു.
തപസ്യ പാലക്കാട് ജില്ലാ രക്ഷാധികാരിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: