കോട്ടയം: കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗം ജോസ് കെ.മാണി വിഭാഗം വിളിച്ചു. നാളെ ഉച്ചയ്‌ക്ക് രണ്ടിന് കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് യോഗം. ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിയിലെ 127 അംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലമുള്ള കത്ത് വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു.
ഭരണഘടനാപ്രകാരം ഇത്തരത്തില്‍ കത്ത് ലഭിച്ചാല്‍ യോഗം വിളിച്ചുചേര്‍ത്തേ മതിയാവൂ. സംസ്ഥാന കമ്മറ്റിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവര്‍ത്തിച്ചുള്ള ആവശ്യമുയര്‍ന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്ന് ജോസ് കെ.മാണി വിഭാഗം അറിയിച്ചു. പാര്‍ട്ടിയില്‍ വിയോജിപ്പുണ്ടാക്കിയത് നിയമസഭയിലെ പി.ജെ. ജോസഫിന്റെ സ്ഥാനം സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കിയ മോന്‍സ് ജോസഫിന്റെ നടപടിയാണ്. പാര്‍ട്ടിയിലെ എം.എല്‍.എമാരോട് പോലും ആലോചിക്കാതെ ഇത്തരമൊരു കത്ത് നല്‍കിയതിന്റെ പിന്നില്‍ ദുഷ്ടലാക്കണ്ടെന്നും മാണി വിഭാഗം ആരോപിച്ചു.
സംസ്ഥാന കമ്മറ്റി യാതൊരു കാരണവശാലും വിളിക്കില്ലെന്ന ജോസഫിന്റെ ആവര്‍ത്തിച്ചുള്ള നിലപാട് സമവായത്തിനും ഐക്യത്തിനുമായുള്ള പരിശ്രമങ്ങള്‍ക്ക് തുരങ്കം വയ്‌ക്കുന്നതായിരുന്നു. കെ.എം. മാണി വേര്‍പിരിഞ്ഞിട്ട് 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ഔപചാരികമായി അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.
മാണിയുടെ ചിത്രം പാര്‍ട്ടി ഓഫീസില്‍ അനാച്ഛാദനം ചെയ്യാനും തയ്യാറായിട്ടില്ല. കേരളാ കോണ്‍ഗ്രസ്സ് വികാരമുള്ള ഒരാള്‍ക്കും പൊറുക്കാനാവാത്ത ഇത്തരം രാഷ്‌ട്രീയ അനീതിയോടുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണം കൂടി പ്രതിഫലിക്കുന്നതാണ് സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള തീരുമാനമെന്നും മാണി വിഭാഗം വ്യക്തമാക്കുന്നു .
















