കോട്ടയം: കേരളത്തില്‍ വന്‍ ബോംബ് സ്ഫോടനങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. മുംബൈ ഭീകരാക്രമണത്തിനടക്കം ഉപയോഗിച്ചിട്ടുള്ള ഐഇഡി ബോംബുകളുടെ പരീക്ഷണത്തിന് വിന്യാസവും നടത്തിയിരുന്നു. കേരളത്തില്‍ സ്ഫോടനം നടത്തി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വിവിധ ദേവാലയങ്ങളും, അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളും തിരഞ്ഞെടുത്തിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
ഐഇഡി ഉപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളുടെ ദൃശ്യങ്ങള്‍ സൂഷ്മപരിശോധന നടത്തിയാണ് ബോംബുകളുടെ പരീക്ഷണവിന്യാസം നടത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ നാദാപുരം കല്ലാച്ചിയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഐഇഡി വിന്യാസം നടത്തിയത്. ആക്രമണത്തിന് മുന്നോടിയായി നടത്തിയ ഐഇഡി വിന്യാസത്തില്‍ സ്ഫോടക വസ്തുവിന് പകരം പ്ലാസ്റ്റര്‍ ഓഫ് പാരീസായിരുന്നു ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഉപയോഗിച്ച സാങ്കേതിക സംവിധാനങ്ങള്‍ നൂതനവുമായിരുന്നു.
ഇതേ കാലയളവില്‍ നാദാപുരം-തലശ്ശേരി റോഡില്‍ ശേഷികുറഞ്ഞ സ്ഫോടകവസ്തു നിറച്ചും ഐഇഡി സ്ഥാപിച്ചിട്ടുണ്ട്. ബാഗിലും, സ്യൂട്ട്കെയ്സിലും ഉപയോഗിക്കാന്‍ സാധിക്കുന്ന വിഭാഗത്തിലെ ബോംബുകള്‍ പ്രയോഗിക്കാനാണ് കേരളത്തിലെ ഐഎസ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്.
ഭീകരരുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പ്രാദേശികതലത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നതായും എന്‍ഐഎ ശേഖരിച്ച വിവരങ്ങളിലുണ്ട്. ഐഎസ് സ്ലീപ്പര്‍സെല്ലുകള്‍ക്ക് പുറമേ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന സംഘങ്ങളും ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. വെടിമരുന്നടക്കം ശേഖരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് എത്തിച്ച് നല്‍കിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മതപുരോഹിതന്മാര് കണ്ണിയായിരിക്കാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം. ദക്ഷിണേന്ത്യയിലെ 32 ഇസ്ലാമിക മതപുരോഹിതന്മാര് ഐബിയുടെ നിരീക്ഷണത്തിലുണ്ട്. കനകമല കേസില്‍ ഇന്നലെ എന്‍ഐഎ കൂടുതല്‍ തെളിവുകള്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശബ്ദസന്ദേശങ്ങളുടെ വിവരങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളടങ്ങിയതാണ് ശബ്ദരേഖ.
ബോംബുകള്‍ എങ്ങനെ കേരളത്തില്‍
വിനാശകാരിയായ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), സാത്താന്റെ മാതാവ് എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ടിഎടിപി (ട്രൈ അസറ്റോണ്‍ ട്രൈ പെറോക്സൈഡ്) ബോംബുകളുടെ അംശങ്ങള്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണത്തിന് ഉപയോഗിച്ച രാസവസ്തു ഐഇഡി ആയിരുന്നു. ശ്രീലങ്കയില്‍ 253 പേരുടെ ജീവനെടുത്ത സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തുവാണ് ടിഎടിപി. ഈ രണ്ട് രാസവസ്തുക്കളും കേരളത്തില്‍ എന്‍ഐഎ നടത്തിയ റെയ്ഡുകളില് കണ്ടെത്തിയിട്ടുണ്ട്. രാസവസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഏജന്‍സികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: