എത്ര ഒളിച്ചുവെച്ചാലും മൂടിവെച്ചാലും ഉള്ളിലുള്ളത് പുറത്തുവരും. ചിലപ്പോള്‍ അറിയാതെയാവുമെന്ന് മാത്രം. ഒളിംപ്യന്‍ അന്തോണി ആദം എന്ന ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം പറയുന്നില്ലേ, ‘നീ എത്ര ഉയരെ പറന്നാലും, മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചാലും ഞാന്‍ താഴെ കൊണ്ടുവരു’മെന്ന്. ഏതാണ്ട് അതുപോലെയാണ് സ്ഥിതിഗതികള്‍. ആര്‍ക്കും അമ്പരപ്പുണ്ടാക്കുന്ന തരത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നത് മുതല്‍ ചിലര്‍ക്ക് ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ല. കാലാള്‍പ്പടയും മറ്റും എത്ര ഭംഗിയായാണ് അങ്കം വെട്ടിയത്. എന്നാല്‍ ഒന്നും അങ്ങ് നേരെ ചൊവ്വെ വന്നില്ല എന്നതത്രേ മാലോകരുടെ മുമ്പാകെ വെളിപ്പെട്ട സത്യം.
മേപ്പടി സത്യം അംഗീകരിച്ചുകൊടുക്കാന്‍ ഇനിയും ചിലര്‍ക്ക് സാധിച്ചിട്ടില്ല. പ്രധാനമന്ത്രിക്കുപ്പായത്തിന് അളവുകൊടുത്ത് മനക്കോട്ടകെട്ടിയ ഒരു ടിയാന് ഇപ്പോള്‍ ആകെ പരവേശത്തിലാണ്. അപ്പനപ്പുപ്പന്മാരുണ്ടാക്കിയ പേരും കൊണ്ട് ഒരു മണ്ഡലത്തില്‍നിന്ന് നിരന്തരം ജയിച്ചുവന്നതോടെ ‘ഞാനില്ലാതെ നിങ്ങള്‍ക്കെന്താഘോഷം’ എന്ന് പറഞ്ഞു നടക്കുകയായിരുന്നു. നട്ടപ്പാതിരയായാലും നട്ടുച്ച വെയിലായാലും നടന്നുപോകാന്‍ ഒരു വഴിയില്ലാത്ത, ഉള്ള വഴിയില്‍ കാട്ടുമാക്കാന് പോലും നടക്കാത്ത, പാരമ്പര്യ മണ്ഡലം പോയിക്കിട്ടിയെന്നതാണ് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലശ്രുതി. എന്നും എന്തുചെയ്താലും നാട്ടുകാര്‍ തനിക്കൊപ്പം നില്‍ക്കുമെന്ന ധാര്‍ഷ്ട്യത്തിനാണ് കരണത്ത് വീക്ക് കിട്ടിയത്. അവിടെനിന്ന് കണ്ടംവഴി ഓടേണ്ടിവരുമെന്ന് അത്യാവശ്യം തലയില്‍ ‘കിഡ്നി’ യുള്ള ആരോ ഒരാള്‍ പറഞ്ഞിട്ടാണല്ലോ തെക്കേമൂലയിലേക്ക് ചാര്‍പായും തലയിണയുമായി ഓടിപ്പോന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിത്തീര്ന്നിട്ടും മനസ്സിലെ വിഷം അങ്ങനെതന്നെ നില്ക്കുന്നു എന്നതത്രേ നമ്മെ അത്ഭുതപ്പെടുത്തുന്ന വസ്തുത. വനവാസി സമൂഹം ഉള്‍പ്പെടെയുള്ള പാവങ്ങള്‍ അധിവസിക്കുന്ന മണ്ഡലത്തില്‍നിന്ന് തലപ്പൊക്കം ഭൂരിപക്ഷത്തില്‍ ഉയര്‍ന്നെങ്കിലും യഥാര്‍ഥ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യം മുഴക്കി നാടൊട്ടുക്കും ആളെക്കൂട്ടി പടയൊരുക്കിത്തുടങ്ങുമ്പോള് ഉയര്‍ത്തിവിട്ട അതേ വിഷലിപ്തപ്രചാരണങ്ങളാണ് പിന്നെയും ഉണ്ടാവുന്നത്. ഒരാള്‍ നന്നാവണമെങ്കില്‍ ആരു വിചാരിച്ചിട്ടും കാര്യമില്ല, അയാള്‍തന്നെ മുന്നിട്ടിറങ്ങണമെന്നത് എത്ര ശരി!
ചൗക്കിദാര്‍ വിഷം പടര്‍ത്തുകയാണെന്നും താന്‍ സ്നേഹലേപനം നടത്തുകയാണെന്നുമാണ് പറഞ്ഞു നടക്കുന്നത്. വിഷം എത്രമാത്രം ഉപയോഗിക്കണമെന്നും എങ്ങനെയൊക്കെ പ്രയോഗിക്കണമെന്നും കൃത്യമായി അറിയാവുന്ന സ്ഥലത്തുനിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയിട്ടും വെളിവും വെള്ളിയാഴ്ചയും ഇല്ലെന്ന് വന്നാല്‍ എന്തുചെയ്യും. ചൗക്കിദാറും കുമാരനും ഏതാണ്ടൊരേ ദിനത്തിലാണ് ദൈവത്തിന്റെ നാട്ടിലെത്തിയത്. രണ്ടുപേര്‍, രണ്ടു കാഴ്ചപ്പാടുകള്‍, രണ്ടു വഴികള്‍ എന്ന രീതിയിലായെന്നു മാത്രം. വാരാണസി പോലെയാണ് തനിക്ക് ദൈവത്തിന്റെ നാടെന്ന് ചൂണ്ടിക്കാട്ടി ജനഹൃദയങ്ങളിലേക്ക് സ്നേഹപൂര്‍വം കടന്നുവന്ന ചൗക്കിദാറെ അപമാനിക്കാനും അദ്ദേഹത്തെ സ്നേഹിക്കുന്ന ജനസഹസ്രങ്ങളെ പുച്ഛിക്കാനുമാണ് കുമാരന് സമയം കണ്ടെത്തിയത്.
ഭാരതത്തിന്റെ വിചാരധാരയില്‍ അന്തര്‍ലീനമായ ശക്തിയെ ആവാഹിച്ച് നാടിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചൗക്കിദാര്‍ കാണിച്ച ആത്മാര്‍ത്ഥതയ്ക്കൊപ്പം നില്‍ക്കാനായിരുന്നു ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍, ഛിദ്രശക്തികളുടെ വിദ്രോഹ നീക്കങ്ങളെ കാണാമറയത്ത് നിര്‍ത്തി അവര്‍ക്കൊപ്പം രാജ്യത്തിന്റെ ഒറ്റുകാര്‍ക്ക് കൈത്താങ്ങ് നല്‍കാനായിരുന്നു കുമാരനും സംഘവും തത്രപ്പെട്ടത്. വിഷലിപ്തമായ ഈ നീക്കങ്ങള്‍ തിരിച്ചറിയാന്‍ ഇവിടിത്തെ ജനങ്ങള്‍ക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. രാജ്യമെമ്പാടും ചൗക്കിദാറുടെ ആത്മാര്‍ത്ഥത അനുഭവിച്ചറിഞ്ഞവര്‍, തെളിഞ്ഞ ബുദ്ധിയോടെ ക്രിയാത്മക രാഷ്ട്രീയത്തെ നെഞ്ചേറ്റിയപ്പോള്‍ പേരില്‍ ദൈവത്തിന്റെ നാട്ടുകാരായവര്‍ ഛിദ്രപ്രവണതകളുടെ മൂത്താശാന്മാര്ക്കൊപ്പംകൂടി എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.
തനിക്ക് വോട്ട് ചെയ്യാത്തവരെക്കൂടി ഒപ്പം ചേര്‍ത്ത് രാജ്യത്തിന്റെ പുരോഗതി കാംക്ഷിക്കുന്ന ചൗക്കിദാര്‍ ഒരുഭാഗത്ത്. ലോട്ടറിയടിച്ചതുപോലെ പാര്‍ലമെന്റ് ബെര്‍ത്ത് കിട്ടിയ വിദ്വാന് ഉള്ളിലെ വിഷം മുഴുവന്‍ ഓക്കാനിച്ചുകൂട്ടി മറ്റൊരു ഭാഗത്ത്. നാടും നാട്ടുകാരും അവരുയര്‍ത്തിക്കാട്ടുന്ന സംസ്കാരവും മാനവികതയുടെ മഹാസന്ദേശമാക്കി മാറ്റാന്‍ അക്ഷീണം പ്രയത്നിക്കുന്ന ഒരു സാധാരണക്കാരനെ നിരന്തരം ആക്ഷേപിച്ചുകൊണ്ട് സമൂഹത്തിലേക്ക് വിഷം നിറച്ച സന്ദേശം വാരിയെറിയുന്ന വിദ്വാനെ എത്രകാലം ജനങ്ങള്‍ സഹിക്കും? ചൗക്കിദാറുടെ ഒപ്പം സത്യം മാത്രമില്ലെന്ന് കുമാരന് പറയുമ്പോള്‍ പാരമ്പര്യ മണ്ഡലം പോലും വഴുതിപ്പോയതിന് എന്ത് ന്യായീകരണമാണ് നിരത്താനുള്ളത്? ചിരന്തന സത്യത്തിന്റെ ഐതിഹാസികമായ വിജയത്തെ ഉള്‍ക്കൊള്ളാനാവാതെ കൂപമണ്ഡൂകമായി കഴിയുന്നവര്‍ക്കുള്ള വസ്തുതയാണ് ചൗക്കിദാര്‍ ഗുരുവായൂരില്‍ വെളിപ്പെടുത്തിയത്. ‘ഗുരുവായൂര്‍ വൈകുണ്ഠമാണ്. എനിക്ക് വാരാണസി പോലെയാണ് കേരളവും’.
ഈ സത്യമാണോ കുമാരന് വിഷമായി തോന്നിയത്? ദേശീയ വാദികളെ ഇല്ലായ്മ ചെയ്യാന്‍ എന്നും ഔത്സുക്യം കാണിക്കുന്ന ഒരു പാര്‍ട്ടിയുടെ തലപ്പത്തുള്ളയാളില്നിന്ന് മ്ലേച്ഛ നിലപാടിനപ്പുറം എന്തെങ്കിലും പ്രതീക്ഷിക്കുന്ന നമ്മളല്ലേ വിഡ്ഢികള്‍. ഏതായാലും കാലം കണക്കു പറയാന്‍ കാത്തിരിപ്പുണ്ട്. ആരുടെ മനസ്സിലാണ് വിഷം, എന്താണ് വിഷം, എങ്ങനെയാണ് അത് പടരുക എന്നൊക്കെ ബന്ധപ്പെട്ടവര്‍ കൃത്യമായി മനസ്സിലാക്കിവച്ചിട്ടുണ്ട്. എല്ലാം വെട്ടിപ്പിടിക്കാന്‍ ഉപയോഗിച്ച വഴികളൊക്കെ ഒന്നൊന്നായി അടഞ്ഞുവരുമ്പോള്‍ ഇമ്മാതിരി അഭിപ്രായപ്രകടനങ്ങള്‍ ഉയരുക സ്വാഭാവികം. അത്തരക്കാര്‍ക്ക് തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും പേരുകേട്ട ആതുരാലയങ്ങളുണ്ടെന്ന് ഏതെങ്കിലും ഉപദേശികള്‍ പറഞ്ഞുകൊടുക്കുമോ, ആവോ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: