കാഞ്ഞാര്‍: കുടയത്തൂര്‍ കോളപ്ര പാലത്തില്‍ സുഗമമായ ഗതാഗതത്തിനായി സ്ഥാപിച്ചിരുന്ന സിഗ്‌നല്‍ ലൈറ്റ് പണിമുടക്കി. ഇത് കാരണം വീതി കുറവുള്ള പാലത്തില്‍ വാഹനത്തിലെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കം സ്ഥിരം കാഴ്ചയായി. മദ്ധ്യഭാഗം ഉയര്‍ന്ന പാലത്തില്‍ ഇരുവശങ്ങളില്‍ നിന്നും വരുന്ന ഡ്രൈവര്‍മാര്‍ക്ക് പരസ്പരം കാണുവാന്‍ കഴിയില്ല. രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം പാലത്തിലൂടെ പോകുവാനുള്ള വീതിയുമില്ല. ഇതിന് പരിഹാരമായാണ് പാലത്തില്‍ പഞ്ചായത്ത് സിഗ്‌നല്‍ ലൈറ്റ് ഘടിപ്പിച്ചത്.
ലക്ഷങ്ങള്‍ മുടക്കിസ്ഥാപിച്ച ലൈറ്റ് പലപ്പോഴും കേടാകുന്നു. സോളാര്‍ സംവിധാനത്തിലാണ് ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. ലൈറ്റ് പ്രവര്‍ത്തിക്കാത്ത സമയത്ത് വാഹനങ്ങള്‍ ഇരു ദിശയില്‍ നിന്നും ഒരേ സമയം പാലത്തില്‍ കയറുന്നു. ഇത് അവസാനം തര്‍ക്കത്തിലാണ് കലാശിക്കുന്നത്. ഏതെങ്കിലും ഒരു വാഹനം പിന്നോട്ട് എടുക്കാതെ കടന്നു പോകാന്‍ കഴിയാതെ വരും. പാലത്തിന് നടുവില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് വാക്കുതര്‍ക്കം നടത്തുന്നത്.
സിഗ്‌നല്‍ ലൈറ്റ് നന്നാക്കി സുഗമമായ ഗതാഗതം സാദ്ധ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















