തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തെ തഴയില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലും പിന്നീട് വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. കേരള സന്ദര്‍ശനത്തിനെത്തിയ ഗഡ്കരി ഇന്നലെ നിയമസഭാ നടപടികള്‍ വീക്ഷിക്കാനുമെത്തി.
സാഗര്‍മാല പദ്ധതിയിലും കേരളത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതല്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദേശീയപാത വികസനത്തിന് മുഖ്യതടസ്സം ഭൂമിയുടെ വിലക്കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കാന്‍ കേരളത്തില്‍ കൂടുതല്‍ തുക വേണം. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാത്തതാണ് മറ്റൊരു പ്രശ്നം. പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി മാത്രം ഇളവ് വരുത്താനാവില്ല. അങ്ങനെ ചെയ്താല്‍ മറ്റ് സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കും, അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തില്‍ കേരളത്തെ തഴയുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ വിശദീകരണം. വടക്കന്‍ കേരളത്തില്‍ 80 ശതമാനത്തോളം ഭൂമി ഏറ്റെടുത്തപ്പോള്‍ തെക്കന്‍ കേരളത്തില്‍ അറുപത് ശതമാനമാണ് പൂര്‍ത്തിയായത്. ഏറ്റെടുത്ത ഭൂമിയില്‍ പണി തുടങ്ങാം എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ ദേശീയപാത നിയമ പ്രകാരം അത് സാധ്യമില്ല. പാതയ്ക്കു വേണ്ട ഭൂമി പൂര്‍ണമായും ഏറ്റെടുത്തു നല്‍കിയാലേ ടെണ്ടര്‍ തുടങ്ങാന്‍ സാധിക്കൂ. ബാറുകളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ചില ദേശീയപാതകള്‍ സര്‍ക്കാര്‍ സംസ്ഥാന പാതയാക്കി. ഇതോടെ നിലവിലെ പാതകള്‍ നവീകരിക്കുന്നതിനുള്ള കേന്ദ്രവിഹിതത്തിലും കാര്യമായ കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: