ഇടുക്കി: മഹാപ്രളയത്തില്‍ ഏറ്റവും അധികം നാശമുണ്ടായ പെരിയാറിന്റെ തീരത്ത് വീണ്ടും വ്യാപക കൈയേറ്റം, ഒത്താശയുമായി അധികൃതര്‍. പെരിയാറിന്റെ ആരംഭ സ്ഥലമായ മുല്ലപ്പെരിയാറിന് താഴത്തെ വള്ളക്കടവ് മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള 11 കിലോമീറ്റര്‍ ദൂരത്തിലാണ് വ്യാപകമായി കൈയേറ്റം.
കഴിഞ്ഞ പ്രളയത്തില്‍ മുല്ലപ്പെരിയാര്‍ തുറന്നതോടെ ഇവിടമാകെ വെള്ളം കയറി വന്‍തോതില്‍ നാശം സംഭവിച്ചിരുന്നു. പതിറ്റാണ്ടുകളായി കൈയേറി വെച്ചിരുന്ന ഭൂമിയും അന്ന് ഒലിച്ചുപോയി. ഈ ഭൂമിയിലാണ് വീണ്ടും കൈയേറ്റം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയും വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ഒഴുക്ക് നിലച്ച പുഴയുടെ മധ്യഭാഗം വരെയാണ് ഇത്തരത്തില്‍ കൈയേറിയിരിക്കുന്നത്. വള്ളക്കടവില്‍ തൊഴിലുറപ്പ് പ്രകാരം വശം കല്ലുവെച്ച് കെട്ടി ഇതില്‍ മണ്ണിട്ട് നികത്തുകയും സമീപത്തെ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള തൂണുകള്‍ വാര്‍ക്കുകയും ചെയ്തിട്ടുണ്ട്. 100 അടിയെങ്കിലും പുഴയ്ക്ക് വീതിവരുന്ന ഇവിടെ തോടായാണ് പുഴ ഒഴുകുന്നത്. മഞ്ചുമല വില്ലേജില്‍പ്പെട്ട മേഖലയിലാണ് ഇത്തരത്തില്‍ പഞ്ചായത്തിന്റെ കൂടി അറിവോടെ കൈയേറ്റം നടക്കുന്നത്.
സംഭവത്തിന്റെ ഗൗരവം ബിജെപി നേതാക്കള്‍ പീരുമേട് തഹസില്‍ദാര്‍ ഉള്‍പ്പെടെ ഉള്ളവരെ അറിയിച്ചെങ്കിലും അന്വേഷണത്തിന് പോലും തയാറായിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനൂപ് വള്ളക്കടവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: