കാട്ടാക്കട: സിപിഎം കുടിയിറക്കിയ കുമാരിക്കും കുടുംബത്തിനും കൊല്ലോട്ട് ബിജെപി നിര്‍മിക്കുന്ന വീടിന്റെ ശിലയിടല്‍ കര്‍മം നടത്തി. ബിജെപി ദേശീയനിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ചടങ്ങ് നിര്‍വഹിച്ചു. സിപിഎം കുടിയിറക്കിയ കുമാരിയെയും കുടുംബത്തെയും കുടിയിരുത്തുകയാണ് തങ്ങളെന്ന് കൃഷ്ണദാസ് പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പാണ് കാട്ടാക്കട കിള്ളി മേച്ചിറയില്‍ കുമാരിയെയും എട്ടംഗ കുടുംബത്തേയും സിപിഎം നേതാവും കുടുംബവും ചേര്‍ന്ന് തെരുവിലിറക്കിയത്. സ്വന്തമായുണ്ടായിരുന്ന കിടപ്പാടം മണ്ണുമാന്തി കൊണ്ട് ഇടിച്ചു നിരത്തിയാണ് ഈ ദളിത് കുടുംബത്തെ വഴിയാധാരമാക്കിയത്. ബിജെപി പ്രവര്‍ത്തകരുടെ കാരുണ്യത്തില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് സ്വന്തമായി വീട് നിര്‍മിച്ച് നല്‍കുന്നതിലൂടെ പുതിയൊരു സന്ദേശമാണ് പൊതുസമൂഹത്തിന് തങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദളിത് സ്‌നേഹം വെറും കാപട്യമാണ്. ഈ വീട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നേരെയുള്ള ചോദ്യചിഹ്നമായി ശേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനിച്ച മണ്ണില്‍ അന്തിയുറങ്ങണമെന്ന കുമാരിയുടെ ആഗ്രഹം സാധിച്ചു നല്‍കാന്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പൂന്തുറ ശ്രീകുമാറാണ് കൊല്ലോടുള്ള തന്റെ ഭൂമിയില്‍ നിന്ന് മൂന്ന് സെന്റ് കുമാരിക്ക് ഇഷ്ടദാനം നല്‍കിയത്. ഇവിടെയാണ് ബിജെപി വീട് നിര്‍മിച്ചു നല്‍കുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, വൈസ് പ്രസിഡന്റുമാരായ മുക്കംപാലമൂട് ബിജു, പൂന്തുറ ശ്രീകുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറിമാരായ സി.എസ്. അനില്‍, റ്റി.പി. വിശാഖ്, സെക്രട്ടറി കാട്ടാക്കട ഹരി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കിള്ളി കണ്ണന്‍, അശോകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















