നെയ്യാറ്റിന്‍കര: ദുരൂഹതകള്‍ വിട്ടുമാറാതെ ആറയൂര്‍ കൊലപാതകങ്ങള്‍. കൃഷ്ണന്റെ മരണ സര്‍ട്ടിഫിക്കറ്റിലും അപാകതകള്‍. കഴിഞ്ഞ മാസം 23നായിരുന്നു ആറയൂര്‍ സ്വദേശി ഷാജിയുടെ കടമ്പാട്ടമേലെ പുത്തന്‍വീട്ടില്‍ നിന്നും സുഹൃത്തായ വിനോദിന്റ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിന്റെ പിടിയിലായ ഷാജിയെ ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് അച്ഛന്‍ കൃഷ്ണനെ കൊലപ്പെടുത്തിയെന്നും കൊല ചെയ്തത് പിടിയിലായ ഷാജി ആണെന്ന് തെളിയുന്നതും.
അച്ഛനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ഷാജി മൃതദേഹം തമിഴ്‌നാട് അരുമന പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പുഴയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മാന്‍ മിസ്സിംഗ് കേസ് അന്ന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതു കാരണം കൃഷ്ണന്റെ കൊലപാതകം പഴങ്കഥയായി മാറി. എന്നാല്‍ കൃഷ്ണന്റെ മരണം ചെങ്കല്‍ പഞ്ചായത്ത് അധികൃതര്‍ കൊല നടന്നപ്പോള്‍ തന്നെ അറിഞ്ഞുവെന്നതിന് തെളിവാണ് പഞ്ചായത്ത് നല്‍കിയെന്ന് പറയുന്ന മരണ സര്‍ട്ടിഫിക്കറ്റ്.
2014ല്‍ വാഹനത്തില്‍ വച്ച് കൊലചെയ്തുവെന്ന് പ്രതി പോലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തി. എന്നാല്‍ ചെങ്കല്‍ പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ 2014 വീട്ടില്‍ വച്ച് മരണപ്പെട്ടതായി രേഖപ്പെടുത്തുകയും 2015ല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ചെങ്കല്‍ പഞ്ചായത്ത് അധികൃതരുടെ അറിവോടെ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കൃഷ്ണന്റെ സ്വത്ത് മുഴുവനും ഷാജി അപഹരിച്ചത്. കൃത്യമായ അന്വേഷണമില്ലാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുപിന്നിലുള്ള പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ കുടുങ്ങും. ചെങ്കല്‍ പഞ്ചായത്ത് നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റു പുറത്തായതോടെ ദുരൂഹതകള്‍ കൂടുകയാണ്.
















