ആലപ്പുഴ: കാലവര്‍ഷം ഇത്തവണയും ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ കഴിഞ്ഞ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ കടുത്ത ആശങ്കയിലാക്കുന്നു. മലയാളികളും അല്ലാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനായി നല്കിയ പണത്തിന്റെ പകുതി പോലും ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും അനാസ്ഥ തുടരുന്നു.
പൂര്‍ണമായും ഉപയോഗ ശൂന്യമായി വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് യഥാസമയം പണം അനുവദിക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ദുരിതബാധിതരെ പേടിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ദിവസം വരെ ആകെ ലഭിച്ചത് 4192.19 കോടി രൂപയാണ്. ഇതില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത് 1917.97 കോടി രൂപ മാത്രം. അതായത് ലഭിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാന്‍ സര്‍ക്കാരിനായില്ല.
7.37 ലക്ഷം പേര്‍ക്ക് അടിയന്തര ദുരിതാശ്വാസ സഹായത്തിന് 457. 65 കോടി, 2,47,897 വീടുകളുടെ പുനര്‍നിര്‍മാണത്തിന് 1,318.61 കോടി, സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിക്ക് 44.98 കോടി, കാര്‍ഷിക വായ്പകള്‍ക്കായി 54 കോടി, സിവില്‍ സപ്ലൈസ് വകുപ്പിന് 8,54,985 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 42.73 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക. ഇലക്ട്രോണിക് പേയ്മെന്റ് മുഖേന 214.86 കോടി രൂപ, ക്യാഷ്, ചെക്ക് പ്രകാരം 3616.45 കോടി, ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മദ്യത്തിന് അധിക സെസ് ഏര്‍പ്പെടുത്തിയതിലൂടെ 308.68 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.
മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസക്കാലയളവില്‍ മൂന്ന് പ്രളയദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്ന ജനതയാണ് കുട്ടനാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 16 മുതല്‍ ആഗസ്ത് 16 വരെയായിരുന്നു കുട്ടനാട്ടിലെ പ്രളയക്കെടുതി. ആഗസ്ത് 16ലെ മഹാപ്രളയം കുട്ടനാടിനെ തകര്‍ത്തു. മഴ ശക്തമായി പെയ്യുമെന്ന മുന്നറിയിപ്പ് വന്നതോടെ പ്രളയ കെടുതിയില്‍ അകപ്പെട്ടവര്‍ കടുത്ത ആശങ്കയിലാണ്. വീടുകള്‍ തകര്‍ച്ചാ ഭീഷണയിലാണ്. പുനര്‍നിര്‍മാണം പലയിടങ്ങളിലും പാതിവഴിയിലും.
ഒന്നും രണ്ടും ഘട്ടം ധനസഹായം മാത്രമാണ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ലഭിച്ചത്. രണ്ടു ഘട്ടം കൂടി ലഭിക്കാനുണ്ട്. പല വീടുകളുടെയും നിര്‍മാണം അടിത്തറ വരെ മാത്രമെ ആയിട്ടുള്ളു. നിര്‍മാണം നടക്കുന്ന വീടുകള്‍ക്ക് സമീപം പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് താത്കാലികമായി നിര്‍മിച്ച ഷെഡ്ഡുകളിലാണ് പല കുടുംബങ്ങളും കഴിയുന്നത്. മഴ ശക്തമാകുന്നതോടെ എവിടെ കഴിയുമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇവര്‍. ഈ സാഹചര്യത്തില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ട ഗതികേടിലാണ് ഭൂരിപക്ഷം കുടുംബങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: