കൊച്ചി: രാഷ്‌ട്രീയത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിനെതിരേ സര്‍വീസ് സംഘടനകള്‍. സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പുകാലത്ത് രഹസ്യമായും പരസ്യമായും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നവര്‍തന്നെയാണ് ഇതു ചെയ്യുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വന്തം സര്‍വീസ് സംഘടനാ അനുഭാവികള്‍ക്കെതിരേയും സര്‍വീസില്‍നിന്ന് പുറത്താക്കുന്ന നടപടികള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണിത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സംയുക്ത സമര സമിതി പിണറായി സര്‍ക്കാരിനെതിരേ തിരിയുകയാണ്.
സര്‍വീസ് സംഘടനകള്‍ വിഷയം ഭരണഘടനാപരമായും സംഘടനാപരമായും നേരിടുന്നതിനെക്കുറിച്ച് ആലോചനയിലാണ്. തികച്ചും ചട്ടവിരുദ്ധവും മൗലികാവകാശ നിഷേധവുമാണ് ഈ നടപടികളെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ പൊതുമരാമത്ത് വകുപ്പിലെ കുറ്റിപ്പുറം ഓഫീസില്‍ ജോലി ചെയ്യുന്ന ഓവര്‍സീയര്‍ കെ.പി. മനോജിനെ ഫേസ്ബുക്കില്‍ എഴുതിയതില്‍ രാഷ്‌ട്രീയം കണ്ടെത്തി സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് എ.പി. അനില്‍കുമാര്‍ എന്ന ജീവനക്കാരനെ പുറത്താക്കി.
ജൂണ്‍ മൂന്നിനാണ് വൈപ്പിന്‍ സ്വദേശി അനില്‍കുമാറിനെ പുറത്താക്കിയത്. വൈദ്യുതി വിതരണത്തിന് കെഎസ്ഇബി വെട്ടി നശിപ്പിക്കുന്ന പറവൂരിലെ ശാന്തിവനം സംരക്ഷിക്കുന്ന കാര്യത്തില്‍ അനില്‍ കുമാര്‍ എഴുതിയ ഫേസ്ബുക്‌പോസ്റ്റാണ് കാരണം പറയുന്നത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസില്‍നിന്നുള്ള ഇടപെടലാണ് സംഭവങ്ങള്‍ക്കു പിന്നില്‍ എന്നാണ് സര്‍വീസ് സംഘടനകള്‍ പറയുന്നത്.
സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ ഒഴികെ മറ്റെല്ലാ സംഘടനകളും സസ്പന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്. സര്‍വകലാശാല സ്തംഭിപ്പിക്കുന്ന സമര പരിപാടികള്‍ക്ക് നോട്ടീസ് കൊടുത്തു. ഭരണകക്ഷിയായ സിപിഐയുടെ യൂണിയനും സമരത്തിലുണ്ട്.
അനില്‍കുമാറിന്റെ പോസ്റ്റില്‍, ‘ശാന്തിവനത്തെ കൊല്ലില്ല, പക്ഷേ, കഴുത്തുവെട്ടും… എന്ന വിശദീകരണത്തില്‍ എസ്. ശര്‍മ, എം.എം. മണി തുടങ്ങിയവര്‍ ഈ പരിസ്ഥിതി നാശം തടയുന്നില്ല’ എന്ന പരമാര്‍ശമുണ്ട്. ഇത് വ്യക്തിപരമായ അധിക്ഷേപമായെന്ന് കാണിച്ച് എസ്. ശര്‍മ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ പരാതി സ്പീക്കര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കൈമാറി. തുടര്‍ന്ന് വിശദീകരണം പോലും ചോദിക്കാതെ അനില്‍കുമാറിനെ ജൂണ്‍ മൂന്നിന് സര്‍വകലാശാല സസ്പന്‍ഡ് ചെയ്യുകയായിരുന്നു.
മന്ത്രി ജലീലിന്റെ ഓഫീസില്‍ സര്‍വകശാലാ സിന്‍ഡിക്കേറ്റംഗവും ജീവനക്കാരനുമായിരുന്നയാള്‍ സര്‍വീസില്‍നിന്ന് പിരിഞ്ഞ ശേഷം ജോലിയിലുണ്ട്. ഇദ്ദേഹം മുമ്പ് സിപിഎം നയിക്കുന്ന സര്‍വകലാശാലാ യൂണിയന്‍ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനെ അനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരില്‍ 2018 ആഗസ്റ്റില്‍ അനിലിനെ മറ്റു കാരണങ്ങള്‍ പറഞ്ഞ് പുറത്താക്കി. ഹൈക്കോടതി ഉത്തരവില്‍ ജോലിയില്‍ ഒക്‌ടോബറില്‍ തിരിച്ചുകയറി. ഇപ്പോള്‍ പഴയ കണക്ക് തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമമാണ് ഈ സസ്പന്‍ഷനു പിന്നിലെന്ന് സര്‍വീസ് സംഘടനകള്‍ പറയുന്നു.
അനിലിന് അനുകൂലമായി കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി പറഞ്ഞ വിധിയിലും മറ്റ് കോടതി വിധികളിലും മൂന്നുകാര്യം പറഞ്ഞിരുന്നു. ഒന്ന്: ഒരാളെ സര്‍വീസില്‍നിന്ന് നീക്കി നിര്‍ത്തേണ്ടത്, പിന്നീട് നടക്കുന്ന അന്വേഷണത്തെ അയാളുടെ സാന്നിധ്യം സ്വാധീനിക്കുന്നെങ്കില്‍ മാത്രമാണ്.
രണ്ട്: ഒരാള്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനയിലംഗമാണ് എന്നകാരണത്താല്‍ സ്ഥാപനത്തിനോ രാജ്യത്തിനോ വിരുദ്ധമല്ലാത്ത അഭിപ്രായപ്രകടനത്തിനുള്ള മൗലികാവകാശം നിഷേധിക്കരുത്.
മൂന്ന്: സസ്പന്‍ഷന്‍ ശിക്ഷയല്ല, ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിയമപരമായ നടപടിയാണ് വേണ്ടത്. യൂണിവേഴ്‌സിറ്റിയുടേയും സര്‍ക്കാരിന്റേയും നടപടികള്‍ അനില്‍കുമാറിന്റേയും മനോജിന്റേയും കാര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ മറികടന്നിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: