ന്യൂദല്‍ഹി: ഇസ്ലാമിക ഭീകരതയില്‍ വിറങ്ങലിച്ച ശ്രീലങ്കന്‍ ജനതയുടെ കണ്ണീരൊപ്പി, കരുത്തു പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതഭീകരവാദം ഹൃദയം പിളര്‍ത്തിയ സിംഹള ദേശത്ത് സാന്ത്വനവുമായെത്തിയ മോദി ചാവേറാക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന പങ്കിട്ടു. ആക്രമണം നടന്ന സെന്റ് ആന്റണീസ് പള്ളി സന്ദര്‍ശിച്ച പ്രധാനമന്ത്രി കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ക്കും പുരോഹിതര്‍ക്കും ഒപ്പമാണ് മോദി പള്ളിയിലെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളില്‍ 250ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യ വിദേശ നേതാവാണ് മോദി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് രാജ്യം അഭിമുഖീകരിച്ചത്.
ഭീകരത ലോകത്തിന്റെ പൊതുശത്രുവാണെന്നും ഇതിനെതിരായ പോരാട്ടത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ശ്രീലങ്കയ്ക്കുണ്ടാകുമെന്നും മോദി വ്യക്തമാക്കി. ”ഈ ദുരന്തത്തില്‍നിന്നും ശ്രീലങ്ക ഉയിര്ത്തെഴുന്നേല്ക്കും. ഭീകരര്‍ക്ക് ശ്രീലങ്കയുടെ കരുത്ത് ഇല്ലാതാക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പിന്തുണ ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടാകും. ഇരകളുടെ കുടുംബത്തിനൊപ്പമാണ് എന്റെ ഹൃദയം”. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭീകരത പൊതുഭീഷണിയാണെന്നും യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ്മൈത്രിപാല സിരിസേന അഭിപ്രായപ്പെട്ടതായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ശോഭനമായ ഭാവിക്ക് ശ്രീലങ്കയുമായി യോജിച്ച് പ്രവര്‍ത്തിക്കും. സിരിസേനയ്ക്കൊപ്പം പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ അദ്ദേഹം അശോക മരത്തിന്റെ തൈ നട്ടു.
പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ രജപക്ഷെ, തമിഴ് നേതാക്കള്‍ എന്നിവരുമായും മോദി ചര്‍ച്ച നടത്തി. കൊളംബോയിലെ ഇന്ത്യന്‍ ഹൗസില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ലോകത്ത് ഇന്ത്യ ശക്തമായ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാന പങ്ക് വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കാണെന്നും മോദി ചൂണ്ടിക്കാട്ടി. ”ശ്രീലങ്കയ്ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യ എപ്പോഴും കൂടെയുണ്ടാകുമെന്ന് ശ്രീലങ്കയിലെ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും ഉറപ്പ് നല്കുന്നു”. മടങ്ങുന്നതിന് മുന്‍പായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഫലപ്രദമായ സന്ദര്‍ശനത്തിന് ട്വിറ്ററിലൂടെ സിരിസേനയും നന്ദി പ്രകടിപ്പിച്ചു.
ഇത്തവണ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിരിസേന പങ്കെടുത്തിരുന്നു. 2015ലും 2017ലും മോദി ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ട്. സുരക്ഷ, വ്യാപാരം, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാരില്‍ മോദിയുടെ ആദ്യ വിദേശ പര്യടനമാണിത്. മാലദ്വീപിന് ശേഷമാണ് മോദി ശ്രീലങ്കയിലെത്തിയത്. അയല്‍ക്കാര്‍ ആദ്യം എന്ന നയത്തിന്റെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ തെരഞ്ഞെടുത്തത്. രണ്ട് രാജ്യങ്ങളിലും മുസ്ലിം ഭീകരതയാണ് മോദി പ്രധാനമായി ചൂണ്ടിക്കാട്ടിയതെന്നതും ശ്രദ്ധേയമാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഭീകരത വലിയ വിപത്താണെന്ന് പാക്കിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് മാലദ്വീപില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: