കൊച്ചി: മട്ടാഞ്ചേരിയിലെ ചേരി നിവാസികളുടെ പുനരധിവാസം ഊര്‍ജിതമാക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ഇടപെടല്‍. ഉചിതമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്തിയുടെ പരാതി പരിഹാര സെല്ലിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി കൈമാറി.
കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സിയുടെ കീഴില്‍ ചേരിനിവാസികള്‍ക്ക് സുരക്ഷയും വൃത്തിയുമുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ആറുനൂറിലധികം പേര്‍ മട്ടാഞ്ചേരിയിലെ വൃത്തിഹീനമായ, ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. മഴക്കാലത്തു സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഉണ്ട്.
കാലങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനരധിവാസത്തിന് ഫണ്ട് ചിലവഴിക്കുന്നെങ്കിലും ചേരിനിവാസികളുടെ ദുരിതം ഇനിയും മാറിയിട്ടില്ല. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

















