കൊച്ചി: സിറോ മലബാര്‍ കത്തോലിക്കാ സഭയില്‍ രൂക്ഷമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ചങ്ങനാശേരി കേന്ദ്രമായി കല്‍ദായ വിഭാഗം രൂപീകരിക്കാന്‍ നീക്കം. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി നേരിടുന്ന അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ശ്രമം. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ഒരു ജഡ്ജിയടക്കം നാല് മുന്‍ ജഡ്ജിമാരാണ് ചരടുവലിക്കുന്നത്.
നിലവില്‍ കേരള കത്തോലിക്ക സഭയില്‍ ലത്തീന്‍, സിറിയന്‍, മലങ്കര, ക്‌നാനായ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ്. പുതിയ നീക്കം വിജയിച്ചാല്‍ ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി, കോതമംഗലം തുടങ്ങിയ രൂപതകള്‍ കല്‍ദായ വിഭാഗത്തിലേക്ക് മാറും. ചങ്ങനാശേരി കേന്ദ്രമാക്കി കല്‍ദായ പാത്രീയാര്‍ക്കീസിനെ നിയമിക്കാനാണ് ശ്രമം. ഇതിന് പോപ്പിന്റെ അനുമതി കിട്ടണം. യാഥാര്‍ഥ്യമായാല്‍, കര്‍ദിനാള്‍ ആലഞ്ചേരി പാത്രീയാര്‍ക്കാസ് പദവിയില്‍ നിയമിതനാകും.
അതോടെ അദ്ദേഹത്തെ എതിര്‍ക്കുന്ന എറണാകുളം, തൃശൂര്‍ തുടങ്ങിയ അതിരൂപതകള്‍ മാത്രമാകും സിറിയന്‍ കത്തോലിക്കാ സഭയില്‍. ഇതിലൂടെ, സഭയിലെ സ്വത്ത്-ആരാധനാക്രമ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് മുന്‍ ജഡ്ജിമാരുടെ പ്രതീക്ഷ.
ഭൂമിവില്‍പ്പന വിവാദം ഉയരും മുമ്പുതന്നെ എറണാകുളം, ചങ്ങനാശേരി അതിരൂപതകള്‍ തമ്മില്‍ ആരാധനാ ക്രമകാര്യത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ട്. ചങ്ങനാശേരി രൂപതയില്‍ ഒരു മുന്‍ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് കല്‍ദായ ശ്രമങ്ങള്‍ ആരംഭിച്ചത്.
എന്നാല്‍, ഇതിനോട് ഭൂരിഭാഗം വിശ്വാസികള്‍ക്കും എതിര്‍പ്പാണ്. ഇത് അവഗണിച്ചാണ് പുതിയ ആരാധനാ ക്രമം ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പിള്ളി, കോതമംഗലം രൂപതകളില്‍ അടിച്ചേല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി പള്ളികളില്‍ സ്ഥാപിച്ചിട്ടുള്ള യേശു ക്രിസ്തുവിന്റെ ക്രൂശിതരൂപം ചങ്ങനാശേരി രൂപതയിലെ പല പള്ളികളില്‍നിന്നും മാറ്റി കല്‍ദായ കുരിശ് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ചങ്ങനാശേരി മെത്രാപ്പോലീത്തയുടെ ഇടവകയായ ഏറ്റുമാനൂര്‍ പുന്നത്തറ പള്ളിയില്‍ പോലീസ് സംരക്ഷണയിലാണ് കുരിശ് മാറ്റിസ്ഥാപിച്ചത്.
അതിനിടെ, വിവാദമായ ഭൂമി വില്‍പ്പനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പലര്‍ക്കും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ സഭയ്‌ക്കുള്ളിലെ സാമ്പത്തിക ഇടപാടുകളുടെ ദുരൂഹതകള്‍ സംബന്ധിച്ച ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു.
തുടരന്വേഷണം ആവശ്യമാണെന്നാണ് വകുപ്പിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് വ്യാജരേഖ വിവാദങ്ങള്‍ വന്നത്. സഭയുടെ ഇടപാടുകളില്‍ ബാഹ്യ സാമ്പത്തിക ശക്തികള്‍ സ്വധീനം ചെലുത്തുന്നതായി വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച വിവിധ വേദികളില്‍ സഭയിലെ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്നവര്‍ പരാതിപ്പെട്ടിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: