ശത്രുരാജ്യത്തേക്ക് അതിക്രമിച്ചു കടക്കുന്ന പട്ടാളം എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്നത് പറഞ്ഞറിയിക്കേണ്ടതില്ല. വഴിയില്‍ കാണുന്നതെല്ലാം തല്ലിത്തകര്‍ത്ത് തരിപ്പണമാക്കും. സ്പോഡോപ്റ്റിറ ഫ്രൂഗിപെര്ഡ (ുെീറീുലേൃമ ളൃൗഴശുലൃമറമ) എന്ന നിശാശലഭ ലാര്‍വയുടെ കാര്യവും മറിച്ചല്ല. നിശാശലഭത്തിന്റെ മക്കള്‍ മുട്ടയിട്ട് പതിനായിരങ്ങളായി പെരുകുന്നത് മണിക്കൂറുകള്‍ കൊണ്ടാണ്. പിന്നെ തണുത്ത നേരം നോക്കി പച്ചപ്പിന്റെ ഭൂമിക തേടി അവ മാര്‍ച്ച് ചെയ്യും. ആഴ്ചകള്‍കൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പിന്നിടുന്ന യാത്ര. വഴിയിലെ സസ്യങ്ങളും ധാന്യങ്ങളും പച്ചക്കറികളും അപ്പാടെ തിന്നുമുടിച്ചു കൊണ്ടാവും യാത്ര. ഈ നശീകരണ യാത്രയിലെ ലാര്‍വയുടെ പേരാണ് പട്ടാളപ്പുഴു.
ഏതാണ്ട് 42 കുടുംബങ്ങളില്‍ പെടുന്ന 186 ഇനം സസ്യവര്‍ഗങ്ങളെ നിമിഷനേരംകൊണ്ട് തിന്നു തീര്‍ക്കും. ഇലയെന്നോ പഴമെന്നോ കായെന്നോ ഭേദമില്ലാതെ. ഏറ്റവും ഇഷ്ടം ചോളമാണ്. കരിമ്പ്, ലെറ്റിയൂസ്, കാബേജ്, ബീന്‍സ്, തക്കാളി, പയര്‍, മരച്ചീനി തുടങ്ങി കണ്ണില്‍ കാണുന്ന എന്തും പട്ടാളപ്പുഴു ആക്രമിക്കും. ആക്രമണം കഴിയുമ്പോള്‍ ശേഷിക്കുക സസ്യത്തിന്റെ വെറും അസ്ഥികൂടം മാത്രം. നിരവധി രാജ്യങ്ങളിലെ എണ്ണമറ്റ കര്‍ഷകരെ പരമദരിദ്രരാക്കി മാറ്റിക്കഴിഞ്ഞു ഈ പുഴുക്കള്‍.
കാര്‍ഷിക ഭീകരതയുടെ പ്രതീകമായ പട്ടാളപ്പുഴുക്കള് തെക്കെ ഇന്ത്യയിലും ആക്രമണം തുടങ്ങിക്കഴിഞ്ഞതായി ഏറ്റവുമൊടുവില്‍ ലോക ഭക്ഷ്യ-കൃഷി സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പട്ടാളപ്പുഴു ആക്രമണം ആരംഭിച്ചിരിക്കുന്നത്. എക്സിറ്റര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ബയോ സയന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത് പട്ടാളപ്പുഴുക്കള് ഇന്ത്യയിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നാണ് കേരളത്തിലെ കോള്‍നിലങ്ങളില്‍ വരെ അവയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്രെ.
ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്, തായ്ലന്റ്, ചൈന എന്നീ രാജ്യങ്ങളെല്ലാം പട്ടാളപ്പുഴുവിന്റെ ആക്രമണ ഭീഷണിയിലാണ്. ശ്രീലങ്കയില്‍ മാത്രം 40000 ഹെക്ടറിലെ കൃഷിയാണ് ഈ പട്ടാളം തിന്നൊടുക്കിയത്. ഈ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്ഗനൈസേഷന് കൃഷി വിദഗ്ദ്ധരുടെ അടിയന്തരയോഗം ബാങ്കോക്കില്‍ വിളിച്ചുചേര്‍ത്തത്. പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ അതീവ ജാഗ്രതയാണാവശ്യം. വിവിധ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹകരിച്ചു വേണം പട്ടാളപ്പുഴുവിനെ തോല്‍പ്പിച്ചോടിക്കാന്‍.
പക്ഷേ ഇവയുടെ നശീകരണം ഒരു തുടര്‍ക്കഥയാവുകയാണ്. 2016-ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാല്‍ലക്ഷം കോടി രൂപയുടെ നാശനഷ്ടം. 2019 ജനുവരിയില്‍ ചൈനയിലെ തെക്കന്‍ യുന്നാന്‍ പ്രവിശ്യയില്‍ വ്യാപകമായ കൃഷി നാശം. ലോകത്തിലെ രണ്ടാമത്തെ ചോളം ഉല്‍പ്പാദകരാണ് ചൈനയിലെ കൃഷിക്കാര്‍. ഇന്ത്യ-ചൈന-തെക്കു കിഴക്കേഷ്യ എന്നിങ്ങനെയാണത്രെ പട്ടാളപ്പുഴുവിന്റെ റൂട്ട് മാപ്പ്.
ഒട്ടേറെ ഉപജാതികളുണ്ട് സ്പോഡോപ്റ്റിറ ഫ്രൂഗിപെര്ഡ കുടുംബത്തില്‍. നരച്ച നിറത്തിലുള്ള നിശാശലഭങ്ങള്‍ ഇരുളിന്റെ മറവിലാണ് മുട്ടയിടാനെത്തുക. ഒരു ശലഭത്തിന് 1200 മുട്ടകള്‍ വരെ ഇടാന്‍ ശേഷിയുണ്ട്. മുട്ടവിരിയാന്‍ വേണ്ടത് പത്ത് നാള്. വിരിഞ്ഞിറങ്ങിയാലുടന്‍ ലാര്‍വകള്‍ ആക്രമണ സജ്ജമാകും. പകല്‍ സമയം ഇലകള്‍ക്കിടയിലും ചവറുകൂനയിലും പതിയിരിക്കുന്ന പട്ടാളപ്പുഴു അന്തിമയക്കത്തിലെ തണുപ്പിലാണ് ആക്രമണത്തിനിറങ്ങുക. യാത്രയിലെ ദൂരം അവയ്ക്കൊരു പ്രശ്നമേയല്ല.
ജൂണ്‍-സെപ്തംബര്‍ കാലത്തെ മണ്‍സൂണ്‍ മഴക്കാറ്റില്‍ ഈ നിശാശലഭങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതലായി പറന്നെത്തുമെന്നൊരു വാദമുണ്ട്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ചരക്ക് വ്യാപാരത്തിനിടയിലൂടെയും പട്ടാളപ്പുഴു ദേശാന്തരഗമനം നടത്തും. ആര്‍ദ്രത നിറഞ്ഞ അന്തരീക്ഷവും നീണ്ട വേനലിടവേളകളും ഇവയുടെ ഉല്‍പ്പാദനം അതി വേഗത്തിലാക്കും. ഈ അപകടം കണ്ടറിഞ്ഞാണ് ആക്രമണ യാത്രകളുടെ റൂട്ട് മാര്‍ച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, സബ്-സഹാറ മേഖലയിലെ ആഫ്രിക്കന്‍ പ്രദേശങ്ങള്‍, തെക്കെ അമേരിക്ക, മധ്യ അമേരിക്ക, തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങള്‍ എന്നിവ അപകടമേഖലയില്‍ വരുമെന്ന് പട്ടാളപ്പുഴുവിന്റെ റൂട്ട് മാര്‍ച്ച് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പട്ടാളപ്പുഴുവിന് സഹായകരമായ ഒരു ഘടകമാണത്രേ.
പട്ടാളപ്പുഴുക്കളെ നേരിടാന്‍ അന്തര്‍ദേശീയ തലത്തിലുള്ള കര്‍മ്മപരിപാടികള്‍ ആവശ്യമാണെന്ന് കൃഷി വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഒറ്റതിരിഞ്ഞ സാന്നിദ്ധ്യം കൃഷിയിടത്തില്‍ കണ്ടാല്‍ കര്ഷകന് അവയെ പെറുക്കി സോപ്പ് ലായിനിയില്‍ മുക്കിക്കൊല്ലാം. ഫെറോമോണ് കെണികള്‍ വയലില്‍ സ്ഥാപിക്കാം. ട്രൈക്കോഗ്രാമ കീടങ്ങളെ രംഗത്തിറക്കി പട്ടാളമുട്ടകള് നശിപ്പിക്കാം. അവ നിശാശലഭത്തിന്റെ മുട്ടകള്‍ക്കിടയില്‍ തങ്ങളുടെ മുട്ട കുത്തിക്കയറ്റി അവയെ നശിപ്പിക്കും. പുഴുക്കളെ തിന്ന് ജീവിക്കുന്ന പക്ഷികളെ ആകര്‍ഷിച്ചു വരുത്തുകയാണ് മറ്റൊരു മാര്‍ഗം. മണ്ണില്‍ പ്രത്യേകതരം സൂക്ഷ്മ ജീവികളെ നിക്ഷേപിച്ചും ഇവയെ തുരത്താനാവും. മണ്ണിലെ മിത്ര കീടങ്ങള്‍ക്ക് നാശം സംഭവിക്കുമെന്നതിനാല്‍ ജൈവകീടനാശിനികള്ക്കുവേണം മുന്‍ഗണന നല്‍കാനെന്നും വിദഗ്ദ്ധര്‍ പറയുന്നു.
വാല്‍ക്കഷണം: പട്ടാളപ്പുഴുവിന്റെ പേരിനോട് ഒരുപാട് സാമ്യമുള്ള മറ്റൊരു കീടത്തെക്കൂടി നമുക്ക് പരിചയപ്പെടാം. ‘ബ്ലാക്ക് സോള്‍ജിയര്‍ പ്ലൈ’ അഥവാ കറുത്ത പട്ടാള ഈച്ച. ചുരുക്കപ്പേര് ബിഎസ്എഫ് സ്വന്തം ജീവിതചക്രത്തിലൂടെ ജൈവമാലിന്യങ്ങളെ വിഘടിപ്പിച്ച് ജൈവവളമാക്കുന്നവന്. രോഗം പരത്താത്ത, ഭക്ഷണ സാധനങ്ങളില്‍ വന്ന് തൊട്ടിരിക്കാത്ത, രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്ന നല്ലവനാണ് പട്ടാള ഈച്ച. ഇണ ചേര്‍ന്നാല്‍ തല്‍ക്ഷണം ചത്തുവീഴുന്ന ആണീച്ചയും മുട്ടയിട്ടു കഴിഞ്ഞാല്‍ മൃതിയടയുന്ന പെണ്ണീച്ചയും. വേണ്ടപോലെ വളര്‍ത്തിയാല്‍ മാലിന്യസംസ്കരണത്തിന് വലിയ സഹായമാവുമത്രെ കറുത്ത പട്ടാള ഈച്ച. ഇരിപ്പിലും നടപ്പിലും ഉള്ള ചടുലതയും ജാഗ്രതയുമാണ് ഇവയ്ക്ക് പട്ടാളപ്പേരു കിട്ടാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: